
കഴിഞ്ഞദിവസം കോൺഗ്രസിൽ നിന്ന് രാജിവെച്ച കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസിനെ കോൺഗ്രസ് അനുനയിപ്പിച്ചു. വിജയൻ തോമസ് ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച വാർത്താസമ്മേളനം മാറ്റിവയ്ക്കുകയും ചെയ്തു. പ്രശ്നങ്ങൾ പറഞ്ഞുതീർത്തുവെന്ന് വിജയൻ തോമസ് പ്രതികരിച്ചു.
വിജയൻ തോമസ് ബിജെപിയിലേക്ക് ആണെന്ന് അഭ്യൂഹം പരന്നിരുന്നു. ഈ അഭ്യൂഹം അദ്ദേഹം തള്ളി. കോൺഗ്രസിന്റെ ആഭ്യന്തര ജനാധിപത്യമില്ലായ്മയോട് കലഹിച്ചാണ് തന്റെ രാജിയെന്ന് വിജയൻ തോമസ് പറഞ്ഞു. ഇതിനെ ബിജെപിയിലേക്കുള്ള പോക്കായി വ്യാഖ്യാനിച്ചത് സിപിഎം സൈബർ പോരാളികൾ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നടപടി ലജ്ജാവഹവും ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.
നേമത്ത് സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിനെ തുടർന്നാണ് വിജയൻ തോമസ് രാജി പ്രഖ്യാപിച്ചത്. ഭാവി പരിപാടി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.