
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്മാന് പ്രത്യക്ഷപ്പെടുന്നത്. ആദ്യമായിട്ടാണ് ഒരു മുഴുനീള പോലീസ് കഥാപാത്രമായി താരം എത്തുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് സല്യൂട്ട് എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്.
ഡയാന പെന്റിയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തുന്നത്. മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന് സന്തോഷ് നാരാണന് ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും സല്യൂട്ടിനുണ്ട്. പിസ, സുദ് കൗ, ജിഗര്‍തണ്ട, മദ്രാസ്, കബാലി, കാല, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് സന്തോഷ് നാരായണനാണ്.
അസ്ലം കെ പുരയിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. സജി കൊരട്ടി മേക്കപ്പും, സുജിത്ത് സുധാകരന് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. സിറില്‍ കുരുവിളയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിക്കുന്നത്.