
നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കവെ കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളുടെ രാജി ഭീഷണി ശക്തമാകുന്നു. പാലക്കാട് പാര്‍ട്ടി അവഗണിക്കുന്നുവെന്ന് ആരോപിച്ച് പൊട്ടിത്തെറിച്ച മുന്‍ ഡിസിസി അധ്യഷന്‍ എ വി ഗോപിനാഥനെ പല ചര്‍ച്ചകളിലൂടെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെ ഇപ്പോഴിതാ തിരുവനന്തപുരത്തും നേതാക്കള്‍ രാജി ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി വിജയന് തോമസാണ് തന്റെ രാജി പ്രഖ്യാപനം ഇന്ന് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കാന്‍ പോകുന്നത്.
ഇന്നലെവരെ കെപിസിസി ആസ്ഥാനത്തിരുന്ന് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് വൈകിട്ട് സ്ഥാനം രാജിവെയ്ക്കുന്നുവെന്നതായി കാണിച്ച് എഐസിസി- കെപിസിസി നേതൃത്വത്തിന് കത്തയച്ചത്. നേമത്ത് മത്സരിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതാണ് രാജിക്ക് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ പെട്ടെന്നുളള ഈ രാജിയുടെ നടുക്കത്തിലാണ് പാര്‍ട്ടി.
അതേസമയം, 2016ലേതുപോലെ നേമത്ത് ബിജെപിയുമായുളള വോട്ട് കച്ചവടത്തിനാണ് ഇത്തവണ തീരുമാനമെന്നും ഉയര്‍ന്ന നേതാക്കളാണ് ഇതിന് പിന്നിലെന്നുമാണ് ആക്ഷേപം അതിനാല്‍ ഇന്ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അടക്കം ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കാനാണ് നീക്കം. വിജയന് തോമസിന് പിന്നാലെ തിരുവനന്തപുരത്ത് മറ്റൊരു കെപിസിസി ഭാരവാഹിയും രാജിക്കൊരുങ്ങുന്നതായി വാര്‍ത്ത വന്നെങ്കിലും വ്യാജപ്രചരണമെന്നാണ് നേതാക്കളുടെ വിശദീകരണം.