CrimeNEWS

ഓസ്ട്രേലിയൻ വനിതാ “സീരിയൽ കില്ലർ” കാതലീൻ കൊടും കുറ്റവാളിയെന്ന് പോലീസ്, അല്ലെന്നും ജയിൽ മോചിതയാക്കണമെന്നും ശാസ്ത്രജ്ഞർ

മരിക്കുമ്പോൾ കുട്ടികൾക്ക് 19 ദിവസം മുതൽ 19 മാസം വരെയായിരുന്നു പ്രായം

തന്റെ നാലു മക്കളെ കൊന്ന കേസിലാണ് ഓസ്ട്രേലിയയിലെ വനിതാ “സീരിയൽ കില്ലർ “എന്നറിയപ്പെടുന്ന കാതലീൻ ഫോൽബിഗ് ജയിലിൽ ആകുന്നത്. 2003 മുതൽ ജയിൽവാസത്തിൽ ആണ് കാതലീൻ. 1990 നും 99 നും ഇടയ്ക്കാണ് കാതലീൻ കൊലപാതകങ്ങൾ നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.

കാലിബ്, പാട്രിക്, സാറ, ലോറ എന്നീ നാലു കുട്ടികളെയാണ് കാതറിൻ കൊലപ്പെടുത്തിയത് എന്നാണ് കേസ്. മരിക്കുമ്പോൾ കുട്ടികൾക്ക് 19 ദിവസം മുതൽ 19 മാസം വരെയായിരുന്നു പ്രായം. ഈ കുട്ടികളിൽ എല്ലാം അജ്ഞാതരോഗം ആരോപിക്കപ്പെട്ടിരുന്നു.

കാതലീൻ ആണ് കൊലപാതകി എന്നതിന് കൃത്യമായ തെളിവുകൾ പോലീസിന്റെ പക്കൽ ഇല്ലായിരുന്നു. എന്നാൽ കാതലീന്റെ ഡയറിക്കുറിപ്പുകൾ പോലീസ് തെളിവായി ഹാജരാക്കി.

” ഇത്തവണ ഞാൻ സഹായം തേടും? എല്ലാം ഇനി ഒറ്റയ്ക്ക് ചെയ്യാനാവില്ല. എനിക്ക് ടെൻഷൻ കൂടുന്നത് ഇതുകൊണ്ടാണ്. ഈ ടെൻഷനും ആയി ജീവിക്കാൻ ആവില്ല ” ഒരു ഡയറിക്കുറിപ്പിൽ കാതലീൻ ഇങ്ങനെ പറയുന്നു. ” സാറ മിണ്ടരുത് എന്ന് ഞാൻ പറഞ്ഞു. അവൾ അത് ചെയ്തു. ” മറ്റൊരു ഡയറിക്കുറിപ്പിൽ ഇങ്ങനെ പറയുന്നു.

വിചാരണവേളയിൽ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയാണ് കാതലീൻ കോടതിയിൽ നിന്നത്. അതുകൊണ്ടുതന്നെ കാതലീൻ ആണ് കൊലപാതകി എന്ന് എല്ലാവരും ഉറപ്പിച്ചു. ഡയറിക്കുറിപ്പുകളെ കുറിച്ച് ചോദിച്ചപ്പോൾ ഏതോ അമാനുഷിക ശക്തി തന്റെ കുഞ്ഞുങ്ങളെ കൊണ്ടുപോയി എന്നാണ് കാതലീൻ വിശദീകരിച്ചത്.

എന്നാൽ സംഭവത്തിൽ മറ്റൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. കാതലീനെ ജയിൽമോചിതയാക്കണം എന്നാവശ്യപ്പെട്ട് 90 ശാസ്ത്രജ്ഞർ ഒപ്പിട്ട് തുറന്ന കത്ത് പുറത്തിറക്കിയിരിക്കുകയാണ്. കാതലീൻ കൊലപാതകി അല്ലെന്നും ജനിതക പരിശോധനയിൽ കുട്ടികൾ മരിച്ചത് രോഗങ്ങൾ കൊണ്ടാണെന്ന് ബോധ്യമായതായും ശാസ്ത്രജ്ഞർ പറയുന്നു.

ലോകത്തെ പ്രശസ്ത ജനിതക ശാസ്ത്രജ്ഞർ അടക്കം തുറന്ന കത്തിൽ ഒപ്പിട്ടിട്ടുണ്ട്. കുട്ടികളിൽ ജനിതക വ്യതിയാനങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതാണ് മരണകാരണമെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. അപൂർവ ജനിതകഘടനയാണ് കുട്ടികൾക്ക് ഉണ്ടായിരുന്നതെന്നും അതിജീവനം അസാധ്യമായിരുന്നുവെന്നും ശാസ്ത്രജ്ഞൻ വിലയിരുത്തുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker