
അവൻ ഏകനായിരിക്കുന്നതു നന്നല്ല എന്നു തോന്നിയതിനാൽ ആദിമ മനുഷ്യൻ ഉറങ്ങി കിടന്നപ്പോൾ ദൈവം വാരിയെല്ലൂരാൻ തീരുമാനിച്ചതാണ് സൃഷ്ടിയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ തീരുമാനം.അല്ലെങ്കിൽ ഈ ഭൂമി എത്രമേൽ വിരസവും ആഹ്ലാദ ശൂന്യവും ആയിപ്പോയേനെ.
ഭൂമിയുടെ പൂർണ്ണത സ്ത്രീയിലാണ്.പ്ലാസന്റാ മുറിച്ചു ഒന്നിൽ നിന്നു രണ്ടാകുമ്പോൾ ആരംഭിക്കുന്ന ബന്ധം, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മരണം വരെ നീളുന്ന ഉഷ്മളതയിൽ നിലനിർത്താൻ ഒരു സ്ത്രീ ഏതെങ്കിലും ഒരു ഭാഗത്തുണ്ടാവണം.പെണ്ണായി പിറന്നാൽ മണ്ണായി തീരുവോളം കണ്ണീരു കുടിക്കണമെന്നെഴുതിയ കവികൾക്കിപ്പോൾ വംശനാശം സംഭവിച്ചിരിക്കുന്നു. പുരുഷൻ ജോലിയെടുത്തു കുടുംബം നോക്കിയിരുന്ന പഴയ കാലം മാറി. അവനൊപ്പം അരങ്ങത്തും അടുക്കളയിലും ജനാധിപത്യം പ്രഖ്യാപിച്ച ആധുനീക വനിതാ സങ്കല്പത്തിൽ കണ്ണുനീരിനു കോർപറേഷൻ ടാപ്പിൽ നിന്നും വരുന്ന ജലത്തേക്കാൾ മൂല്യമുണ്ടായിരിക്കുന്നു.
തെറിക്കുത്തരം മുറിപ്പത്തൽ എന്ന പാഠങ്ങൾ സർക്കാർ സിലബസിൽ പഠിച്ചു വളരുന്ന പെണ്ണിനെ, നീ വെറും പെണ്ണല്ലേ എന്ന നാലാംകിട സിനിമാ ഡയലോഗിൽ അളന്നിടുക അസാധ്യമായിരുന്നു.
എന്റെയുള്ളിലുമുണ്ടു ചില ചെറിയ മോഹങ്ങൾ കൊതിക്കുന്ന മനസ്സ് എന്നു ഫ്യുഡൽ തെമ്മാടിയായ മംഗലശ്ശേരി നീലകണ്ഠന്റെ മുഖത്തു നോക്കി പറഞ്ഞ ഭാനുമതി ആയിരുന്നു ഒരു കാലത്തെന്റെ സ്ത്രീ സങ്കല്പം.വിവാഹ സ്വപ്നങ്ങളിലേയ്ക്കു പിച്ച വെച്ചിറങ്ങുമ്പോൾ ആ രൂപം ഇച്ചിരി കൂടി പരിഷ്കരിച്ചു. കാൽവിരൽ കൊണ്ടു നഖ ചിത്രമെഴുതുന്ന, എല്ലാം ഏട്ടൻ പറയുന്നപോലെ എന്നു മൊഴിയുന്ന പെണ്ണിനെ സ്വപ്നം കാണുന്ന അഴകൊഴമ്പൻ സാധാ പുരുഷനിലേയ്ക്ക് ഞാനും ചുവടു മാറി. പരിധികളില്ലാത്ത ഒത്തു തീർപ്പുകളുള്ള നിഘണ്ടു കൈവശമുണ്ടായിരുന്നതിനാൽ വൈവാഹിക ജീവിതം എവിടെയും തപ്പി തടഞ്ഞില്ല. അവൾ ഉയരുമ്പോൾ ഞാൻ താഴുകയെന്നതൊരു അലിഖിത നിയമമായി ഞങ്ങളുടെ ദാമ്പത്യത്തിനു ബലമേകി.
ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ടാകുമെന്ന പഴകി പിഞ്ചിയ ക്ളീഷേ ആവർത്തിച്ചു കൊണ്ടു പറയട്ടെ പരസ്പര പൂരകങ്ങളായി നിലകൊള്ളുമ്പോൾ മാത്രമാണ് ഇരുഭാഗത്തും വിജയം ഉണ്ടാവുക. ഒരു പാടു സ്ത്രീകളുടെ ലാളനയിൽ വളർന്ന, ഇപ്പോഴും ഒരു പാട് സ്ത്രീകളുടെ സ്നേഹത്തിന്റെ ഇടയിൽ ജീവിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു കടം കൊണ്ട വാരിയെല്ലു മാത്രമല്ല അവൾ.
ദൈവത്തിനു എല്ലായിടത്തും എത്താൻ കഴിയാത്തതു കൊണ്ടു അവിടുത്തെ രൂപവും ഭാവവും മനസ്സും സൗന്ദര്യവും കടം കൊടുത്തു ഭൂമിയിലേയ്ക്കു ആദ്യം പടച്ചു വിട്ടതു സ്ത്രീകളെയാണെന്നതാണെന്റെ പക്ഷം.അല്ലെന്നു സമർത്ഥിക്കാൻ തൽക്കാലം മുതിരുന്നില്ല. കാരണം അഭിപ്രായം ഇരുമ്പൊലക്കയല്ലെന്നു എന്റെ ഭാര്യ എന്നോടു പറഞ്ഞിട്ടുണ്ട് ….