KeralaNEWS

പാലാരിവട്ടം പാലം ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു; നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗത്തില്‍

നിര്‍മ്മാണ തകരാറുമൂലം ഗതാഗതയോഗ്യമല്ലാതായതും അഴിമതിക്കേസില്‍ പെട്ടതുമായ പാലാരിവട്ടം പാലം അങ്ങനെ പണി പൂര്‍ത്തിയായിരിക്കുന്നു. പാലത്തിന്റെ പുനര്‍നിര്‍മ്മാണം ആദ്യം കണക്കാക്കിയ 18 മാസത്തിനുപകരം 5 മാസവും 10 ദിവസവും കൊണ്ടാണ് പൂര്‍ത്തിയായി ഗതാഗത യോഗ്യമായത്.

എന്നാല്‍ ഇത് എങ്ങനെ ഇത്രപെട്ടെന്ന് സംഭവിച്ചു എന്ന ചോദ്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ അതിന് ഒട്ടും ആലോചിക്കാതെ തന്നെ ഉത്തരം പറയാം സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും,പൊതുമരാമത്ത് വകുപ്പിന്റെയും മന്ത്രി ജി. സുധാകരന്റെയും നിരന്തര മേല്‍നോട്ടവും DMRC യുടേയും ഇ.ശ്രീധരന്റെയും വിദഗ്ദ മാര്‍ഗനിര്‍ദേശവും നിര്‍മ്മാണം നിര്‍വ്വഹിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രഫെഷണല്‍ മികവും തൊഴിലാളികളുടെ ആത്മാര്‍ത്ഥതയും സമന്വയിച്ചതിന്റെ ഫലം ആണ് ഇന്നത്തെ പാലാരിവട്ടം പാലമെന്ന്‌.

പാലം പണി എത്രയും വേഗം നടപ്പിലാക്കാന്‍ DMRC-യെ ഏല്‍പ്പിച്ചെങ്കിലും അതിന്റെ മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍ ആ പ്രവൃത്തി ഊരാളുങ്കലിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഏറ്റെടുക്കുന്ന എല്ലാപ്രവര്‍ത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന ചരിത്രമുളളവരായതിനാലാണ് ഇ.ശ്രീധരന്‍ സര്‍ക്കാരിന് മുന്നില്‍ ഇങ്ങനെ ഒരാശയം മുന്നോട്ട് വെച്ചത്.

പണിയില്‍ എടുത്തുപറയേണ്ട കാര്യം പാലം പൊളിക്കലും നിര്‍മ്മാണവും ഒരു തരത്തിലും ജനങ്ങളെ ബാധിച്ചില്ല എന്നത് തന്നെയാണ്. അതുപോലെ ജാഗ്രത പുലര്‍ത്തിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ സുസജ്ജമായ ടീം പാലാരിവട്ടത്ത് പ്രവര്‍ത്തിച്ചത്. സൊസൈറ്റിയുടെ ഡയറക്ടര്‍ പി. പ്രകാശനായിരുന്നു ചുമതല. അതേസമയം, കോവിഡ് മഹാമാരിക്കാലത്തും അക്ഷീണം പണിയെടുത്ത ഇവരെ കോവിഡ് ഒരു രീതിയിലും ബാധിച്ചില്ല എന്നത് തൊഴിലാളികള്‍ക്ക് നല്‍കുന്ന കരുതലിന്റേയും നിര്‍മ്മാണത്തില്‍ പാലിച്ച കോവിഡ് പ്രോട്ടോക്കോളിന്റെയും തെളിവാണ്. മാത്രമല്ല സ്വന്തം തൊഴിലാളികളും ഉപകരണങ്ങളും അസംസ്‌കൃതവസ്തു ശേഖരവും സാങ്കേതിക വൈദഗ്്ദ്യവുമെല്ലാം ഉളളതിനാല്‍ 18 മാസം എടുക്കുമായിരുന്ന പദ്ധതി അഞ്ചരമാസം കൊണ്ട് പൂര്‍ത്തിയാക്കാനായി.

തൊഴിലിടങ്ങളില്‍ ദിവസവും നടക്കുന്ന അവലോകനയോഗവും ചുമതലയുളള ഡയറക്ടര്‍മാര്‍ പങ്കെടുത്ത് നടത്തുന്ന പ്രതിവാരവലോകനവും ഓണ്‍ലൈനായും അല്ലാതെയും ചെയര്‍മാനും ഡയറക്ടര്‍മാരും നടത്തുന്ന പ്രതിദിനാവലോകനവും ഉണ്ട്. ഇതിലൂടെ തടസ്സങ്ങള്‍ മുന്‍കൂട്ടി ഒഴിവാക്കാനും നിര്‍മ്മാണ സാമഗ്രികളും യന്ത്രങ്ങളും മനുഷ്യവിഭവവുമെല്ലാം ആവശ്യാനുസരണം ക്രമീകരിക്കാനും സാധിക്കുന്നു. സംഘം ആദ്യം ഏറ്റെടുത്തത് 925 രൂപയുടെ കരാര്‍പണിയായിരന്നു. അതില്‍ നിന്ന് കിട്ടിയ ലാഭം 12 രൂപ ഒരണ. അവിടെ നിന്ന് വിജയങ്ങള്‍ കൊയത് ഊരാളുങ്കല്‍ കൂലിവേലക്കാരുടെ ഐക്യസംഘമായി.

ഇവരുടെ പ്രവര്‍ത്തനമികവിന് 2013ല്‍ ഐക്യരാഷ്ട്രസഭയുടെ വികസനപരിപാടി മാതൃക സഹകരണ സംഘമായി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ തെരഞ്ഞെടുത്തു. മാത്രമല്ല 2019ല്‍ സഹകരണരംഗത്തെ രാജ്യാന്തരസംഘടനയായ ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സ് ഊരാളുങ്കലിന് അംഗത്വം നല്‍കി ആദരിച്ചു. അങ്ങനെ പോകുന്നു അഭിമാനമുദ്രകള്‍. എന്തുതന്നെയായാലും വേലിക്കെട്ടും കൂലിവേലയുമായി പതിനാലുപേരുടെ ബലത്തില്‍ തുടങ്ങിയ ഊരാളുങ്കല്‍ തൊഴില്‍ക്കരാര്‍ സംഘം ഇന്ന് വമ്പന്‍ റോഡുകളും ഫ്‌ളാറ്റുകളും ഫ്‌ളൈ ഓവറുകളും കൂറ്റന്‍ രമ്യസൗധങ്ങളുമൊക്കെ നിര്‍മ്മിച്ചും വിവരസാങ്കേതിക വിദ്യയില്‍ ഒരു മുഴം മുന്നേ സ്ഥാനമുറപ്പിച്ചും ലോകത്തിന് ഒരേസമയം വിസ്മയവും പാഠവും ആകുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker