LIFEOpinion

എന്ത് കൊണ്ട് പോസിറ്റീവ് ആയി ചിന്തിക്കണം?

എങ്ങനെയാണു മനുഷ്യൻ പോസിറ്റീവ് ആയി ചിന്തിക്കുക, അതിന് ചില മാർഗങ്ങൾ ഉണ്ട്

അര ഗ്ലാസ് വെള്ളമെടുത്താൽ അതിനെ രണ്ട് തരത്തിൽ വ്യാഖ്യാനിക്കാമെന്ന് പറയാറുണ്ട്. അര ഗ്ലാസ് വെള്ളമെന്നും അര ഗ്ലാസ് ഒഴിഞ്ഞു കിടക്കുന്നുവെന്നും. അത് പോലെയാണ് മനുഷ്യന്റെ പോസിറ്റീവ് ചിന്തകളും. നിങ്ങൾക്ക് വേണമെങ്കിൽ വെള്ളമുള്ള ഗ്ലാസ് ആവാം അല്ലെങ്കിൽ ഒഴിഞ്ഞു കിടക്കുന്ന ഗ്ലാസും ആകാം.

ഇനി പോസിറ്റീവ് ചിന്തയുടെ ഗുണങ്ങൾ നോക്കാം. ജീവിതത്തെ പോസിറ്റീവ് ആയി കാണുന്നവർക്ക് ഹൃദയാഘാത സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. സ്ട്രോക് വരാനുള്ള സാധ്യതയും കുറവാണ്.കാൻസർ, അണുബാധ, ശ്വാസം മുട്ടൽ എന്നിവക്കൊക്കെ പോസിറ്റീവ് ആയി ചിന്തിക്കുന്നവർക്ക് സാധ്യത കുറവാണെന്ന കാര്യം ആധുനിക ശാസ്ത്രം മുന്നോട്ട് വെക്കുന്നുണ്ട്.

ഇത് മാത്രമല്ല ജീവിതത്തിന്റെ മേന്മ വർധിക്കുമെന്നതാണ് സത്യം. നിങ്ങൾ നല്ല ഊർജമുള്ളവർ ആകും .ശാരീരികമായും മാനസികമായും മികച്ചവർ ആയിരിക്കും പോസിറ്റീവ് വൈബ് ഉള്ളവർ. ഇനി ഏതെങ്കിലും അസുഖം പിടിക്കുക ആണെന്ന് വെക്കുക. പോസിറ്റീവ് ചിന്ത ആ രോഗം പെട്ടെന്ന് ഭേദമാകാനും സഹായിക്കുന്നു.

എല്ലാത്തിനും പരിഹാരം പോസിറ്റീവ് ചിന്തകൾ ആണെന്ന് കരുതരുത്. പക്ഷെ പോസിറ്റീവ് ആയി ജീവിതത്തെ കാണുക എന്നത് ഒരു മുതൽകൂട്ട് തന്നെയാണ് .

എങ്ങനെയാണു മനുഷ്യൻ പോസിറ്റീവ് ആയി ചിന്തിക്കുക. അതിന് ചില മാർഗങ്ങൾ ഉണ്ട്‌.

തടസങ്ങളും വേദനിക്കുന്ന അനുഭവങ്ങളും ജീവിതത്തിന്റെ ഭാഗമാണ് . എന്നാൽ അതിൽ പതറിപ്പോയാലോ? ഇവിടെയാണ് പോസിറ്റീവ് ചിന്തകളുടെ പ്രാധാന്യം. നമ്മുടെ മനസ് പിടിച്ചാൽ നിൽക്കാത്ത കുതിരയാണെന്നൊക്കെ തോന്നും. എന്നാൽ നല്ലതേ ചിന്തിക്കൂ എന്ന് നാം നിർബന്ധം ചെലുത്തിയാലോ? ഏതൊരു പ്രശ്നത്തേയും പുഞ്ചിരിയോടെ നോക്കിയാൽ അതിൽ ഒരു മാർഗം തെളിഞ്ഞു വരും. അത് അപ്പോൾ ആവണമെന്നില്ല, എങ്കിലും നല്ല ചിന്തയോടെ പോസിറ്റീവ് ആയി നോക്കിയാൽ ഒരു പരിഹാരം നിങ്ങളുടെ മുന്നിൽ തെളിഞ്ഞു വരും എന്ന് തീർച്ച.

പ്രപഞ്ചത്തിലെ ജീവജാലങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന ഒന്നാണ് കരുണ. മനുഷ്യൻ മൃഗീയ ചിന്തകളിലൂടെ വളരെ പാടുപെട്ടാണ് ഉള്ളിലെ കരുണയെ ഇല്ലാതാക്കുന്നത്. കരുണയെ തിരിച്ചു പിടിച്ചു നോക്കൂ. ഈ പ്രപഞ്ചം അത്രമേൽ സുന്ദരമാണെന്ന് നമ്മൾ തിരിച്ചറിയും.

ബൈക്കിൽ നിന്ന് വീണ സംഭവം ഓർമ്മിക്കുന്നതിനേക്കാൾ നിങ്ങളെ ശക്തിപ്പെടുത്തുക കടൽത്തീരത്ത് കൂടെ കാറ്റ് കൊണ്ട് പോയ ഒരു റൈഡ് ഓർമിക്കുന്നതാണ്.

നർമത്തിന് ജീവിതത്തിൽ അത്രമേൽ പ്രാധാന്യം ഉണ്ട്‌. ചിരിക്കാൻ തോന്നുമ്പോൾ ചിരിക്കുക. നമ്മൾ ഒറ്റയ്ക്കല്ല കൂടെയുള്ളവരെയും ചിരിപ്പിക്കുക. ചിരിക്കാൻ തോന്നുന്നില്ലെങ്കിൽ നമ്മൾ നമ്മളോട് തന്നെ പറയുക ചിരിക്കാൻ. അങ്ങിനെ പറഞ്ഞു കൊണ്ടിരുന്നാൽ താനേ നമ്മുടെ മുഖം തെളിയും.

ചില ആളുകളുടെ കമ്പനി നമ്മൾ എപ്പോഴും ഓർക്കാറില്ലേ . അതിന് കാരണം അവർ നമ്മൾക്ക് നൽകുന്ന പരിഗണനയാണ്, ആശ്വാസമാണ്. കൂട്ടത്തിൽ നല്ല വൈബ് ഉള്ള ഒരാൾ ഉണ്ടെങ്കിൽ ആ കൂട്ടം മുഴുവൻ താമസിയാതെ പുഞ്ചിരിക്കുന്ന മുഖങ്ങളാവും.

ഇനി നമ്മൾ നമ്മളിലേയ്ക്ക് തന്നെ നോക്കുമ്പോഴോ? ഒരു കാര്യം ഉറപ്പാണ്, നമ്മൾ നമ്മുടെ തന്നെ കടുത്ത വിമർശകർ ആണ്. എന്നാൽ നമ്മൾ നമ്മളെ തന്നെ അഭിനന്ദിച്ചാലോ? അത്ഭുതമാകും ഫലം. നമ്മളാരും ചെറിയ കക്ഷികൾ അല്ല. ഒന്ന്‌ സ്വയം സംസാരിച്ച് നോക്കിക്കെ.

ഇനി എന്താണ് നെഗറ്റീവ് ചിന്തകൾ കൊണ്ടു വരുന്നതെന്ന് സ്വയം പരിശോധിക്കാം.ആദ്യമൊന്നും കൃത്യമായ ഉത്തരം കിട്ടണമെന്നില്ല, പിന്നെ പിന്നെ ഓരോന്നായി തെളിഞ്ഞു വരും. ഇക്കാര്യത്തിൽ രോഗിയും ഡോക്ടറും നമ്മൾ തന്നെയാണ്. ഇനി ഇക്കാര്യം ആത്മാർത്ഥ കൂട്ടുകാരുമായി ചർച്ച ചെയ്ത് കണ്ടെത്താനും മടി വേണ്ടതില്ല കേട്ടോ.

എഴുന്നേൽക്കുമ്പോൾ തന്നെ “ആഹാ എന്ത് നല്ല പ്രഭാതം” എന്ന് പറയാൻ നമുക്ക് ആരും കാശ് തരേണ്ട കാര്യമില്ല. ജനാലയിലെ കർട്ടൻ മാറ്റി പുറത്തേയ്ക്ക് നോക്കാൻ എന്തിന് നമ്മൾ മടിക്കണം. ഒരു പാട്ട് രാവിലെ കേട്ടാൽ എന്താണ് കുഴപ്പം. ഒപ്പം ഒന്ന്‌ മൂളിയാൽ ആർക്കാണ് പ്രശ്നം.

“വെള്ളം “എന്ന ചിത്രത്തിൽ പറയുന്ന ഒരു കാര്യമുണ്ട് “ഇൻസൽട്ട്” ആണ് മുന്നോട്ട് കുതിക്കാനുള്ള കൈമുതൽ എന്ന്. ഓരോരുത്തർക്കും അങ്ങനെ ഓരോന്നാണ്.

ഇനി അത്ര ബുദ്ധിമുട്ടുള്ള മാനസിക പ്രയാസങ്ങളിലൂടെ പോകുക ആണെങ്കിൽ ഇക്കാര്യം ഒന്ന്‌ പരീക്ഷിച്ച് നോക്കാവുന്നതാണ്. നിങ്ങൾ തന്നെ നിങ്ങളുടെ സുഹൃത്തായി ഒന്ന്‌ മാറി നിന്ന് ചിന്തിക്കുക. പ്രശ്നം എന്താണ്? പ്രശ്ന കാരണം എന്താണ്? എങ്ങിനെ മറികടക്കാം എന്നാലോചിക്കുക. ഒരു വഴി എന്തായാലും തെളിയും.

പോസിറ്റീവ് ചിന്തകളുടെ ഗുണവശം പോലെ നെഗറ്റീവ് ചിന്തകൾക്ക് ദോഷവശവുമുണ്ട്. നിങ്ങളുടെ ഹോർമോൺ ഉത്പാദനം മുതൽ പ്രതിരോധ ശേഷിയെ വരെ നെഗറ്റീവ് ചിന്തകൾ പ്രതികൂലമായി ബാധിക്കും.

ഇനി ഒട്ടും പറ്റുന്നില്ലെങ്കിൽ എന്തിന് മടിക്കണം, ഒരു ഡോക്ടറെ കാണണം. നമ്മളെ സന്തോഷിപ്പിക്കേണ്ടത് നമ്മൾ തന്നെയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker