
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും മെത്രാൻകായലിൽ ഇറക്കിയ നെൽകൃഷി നൂറുമേനി വിളവാണ് നൽകിയതെന്നു കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു
സംസ്ഥാന സർക്കാരിൻ്റെ അഞ്ചാം വർഷത്തിൽ നടന്ന ഈ കൊയ്ത്തുത്സവത്തിൽ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് മാതൃകാപെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ ഇക്കുറി എനിക്കും മറ്റ് ജനപ്രതിനിധികൾക്കും കൊയത്തുൽസവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എങ്കിലും കുമരകം കൃഷി ഓഫീസർ ശ്രീ. സുനിലിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അവിടെ കൊയ്ത്ത് നടന്നു. വലിയ സന്തോഷവും അഭിമാനവും തോന്നുന്നു.
ഈ സർക്കാർ അധികാരമേറ്റ ഉടനെ, മെത്രാൻ കായലിൽ ഉൾപ്പെടെ എല്ലാ തരിശുനിലങ്ങളിലും കൃഷിയിറക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. അന്ന് അതുകേട്ട് പലരും നെറ്റി ചുളിക്കുകയുണ്ടായി. അവിടെ കൃഷിയിറക്കാൻ കഴിയും എന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. എന്നാൽ, മെത്രാൻകായലിൽ മാത്രമല്ല, ആറൻമുളയിലെ നിർദ്ദിഷ്ട വിമാനത്താവളത്തിനായി ഇട്ടിരുന്ന വയലിലും ആവളപ്പാണ്ടിയിലും റാണി – ചിത്തിര കായൽ നിലങ്ങളിലുമെല്ലാം നെൽകൃഷിയിറക്കി. ബംപർ വിളവ് ലഭിക്കുകയും ചെയ്തു. കർഷകരെല്ലാം വലിയ സന്തോഷത്തിലാണ്. ചെറുപ്പക്കാർ വലിയ ആവേശത്തോടെയാണ് കൃഷിയിലേക്കിറങ്ങുന്നത്.
ഇതൊരു വലിയ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്. സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തിയുടെയും പൊതു സമൂഹത്തിൻ്റെയും കർഷകരുടെയും കലവറയില്ലാത്ത പിന്തുണയുടെയും വിജയമാണിത്. ഇനിയും പൂർവ്വാധികം ഭംഗിയായി എല്ലാ തരിശുനിലങ്ങളിലും കൃഷിയിറക്കുന്നതിന് തത്പരരായ വലിയൊരു വിഭാഗം ആളുകൾ ഇന്നുണ്ട്. കേരളത്തിൽ ഇനിയും നെൽകൃഷിയുടെ വിജയഗാഥകൾ ഉയരട്ടെ. മെത്രാൻ കായലിൽ വീണ്ടും കതിരണിയിക്കുന്നതിന് സഹായിച്ച മുഴുവൻ പേരെയും അഭിവാദ്യം ചെയ്യുന്നു.