
മെഗാസ്റ്റാര്‍ മമ്മുട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രം മാര്‍ച്ച് 11 ന് പ്രദര്‍ശനത്തിനെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മുട്ടിക്കൊപ്പം കേന്ദ്ര കഥാപാത്രമായി മഞ്ജു വാര്യര്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്കൊപ്പം നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിലെ തിയേറ്ററുകളിലും സെക്കന്‍ഡ് ഷോ ഇല്ലാത്തതു കൊണ്ടും, ദുബായ് , സൗദി , ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തത് കൊണ്ടും ‘ദി പ്രീസ്റ്റി’ന്റെ റിലീസ് മാറ്റിവച്ചിരുന്നു. മാര്‍ച്ച് 4ന് തീരുമാനിച്ച ചിത്രത്തിന്റെ റിലീസ് ആയിരുന്നു മാറ്റി വച്ചത്.
ത്രില്ലര്‍ ചിത്രമായ ‘ദി പ്രീസ്റ്റ്’ ഒരു കുടുംബ ചിത്രം കൂടിയായത് കൊണ്ട് കുടുംബ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സെക്കന്‍ഡ് ഷോ ഇല്ലാതെ ഈ ബിഗ് ബഡ്ജറ്റ് ചിത്രം കേരളത്തിലെ തിയേറ്ററില്‍ എത്തിക്കാന്‍ സാധിക്കില്ലെന്നും, അനുകൂലമായ തീരുമാനങ്ങള്‍ വരുന്നത് വരെ സിനിമയുടെ റിലീസ് നീട്ടി വൈക്കുകയാണെന്നും സംവിധായകന് ജോഫിന്‍ ടി ചാക്കോ ഫേസ്ബുക്കില്‍ കുറിച്ചത്. ലോകത്ത് പലയിടത്തും തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നത് കൊണ്ട് ലോകം മുഴുവന്‍ സിനിമ ഒറ്റ ദിവസം തന്നെ റിലീസ് ചെയ്യണം എന്ന ആഗ്രഹം നടക്കാത്തത് കൊണ്ടുമാണ് റിലീസ് മാറ്റുന്നതെന്നും സംവിധായകന് കുറിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ സിനിമയ്ക്ക് അനുകൂലമായ നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സ്വീകരിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിനെപ്പറ്റിയുള്ള പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. പ്രീസ്റ്റിന് പിന്നാലെ മമ്മുട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വണ്‍’ എന്ന ചിത്രവും തീയേറ്ററിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനിയും, ആര് ഡി ഇലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ സംവിധായകന്റെതാണ്. തിരക്കഥ സംഭാഷണം ദീപുപ്രദീപ്, ശ്യാം മേനോന്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് രാഹുല്‍ രാജ്. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ എന്‍ എം.സൗണ്ട് ഡിസൈന്‍ ജയദേവന്, സൗണ്ട് മിക്സിങ് സിനോയ് ജോസഫ്, ആര്‍ട്ട് ഡയറക്ടര്‍ സുജിത്ത് രാഘവ്, മേക്കപ്പ് ജോര്‍ജ് സെബാസ്റ്റ്യന്‍ അമല്‍ ചന്ദ്രന് , കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ്മ, സ്റ്റണ്ട് സുപ്രീം സുന്ദര്‍ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്,ചീഫ് അസോസിയേറ്റ് ക്യാമറാമാന് പ്രവീണ്‍ ചക്രപണി. പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്, മീഡിയ പ്രൊമോഷന്‍സ് മഞ്ജു ഗോപിനാഥ്.