KeralaNEWS

പ്രതിഭകളെ ഭർത്താക്കന്മാരുടെ നിഴലിലേക്ക് തള്ളുന്നത് തികഞ്ഞ മനുവാദം:അശോകൻ ചെരുവിൽ

സ്വന്തം കഴിവും പ്രാപ്തിയും കൊണ്ട് സ്ത്രീകൾ സമൂഹത്തിൻ്റെ നേതൃത്വത്തിലേക്കു വരുമ്പോൾ അവരെ ഭർത്താവിൻ്റെ നിഴലിൽ നിർത്തി വിലയിരുത്തുന്ന രീതിയുണ്ടല്ലോ അത് അങ്ങേയറ്റം അപഹാസ്യമാണ്. കുഞ്ഞായിരിക്കുമ്പോൾ പിതാവിൻ്റെയും, യൗവനത്തിൽ ഭർത്താവിൻ്റെയും വാർദ്ധക്യത്തിൽ മകൻ്റെയും സംരക്ഷണയിൽ കഴിയേണ്ട (ന സ്ത്രീ സ്വാതന്ത്ര്യമർഹതി) അസ്വതന്ത്രയാണ് സ്ത്രീ എന്ന മനുസ്മൃതിയുടെ കാഴ്ചപ്പാടാണ് ഇവിടെ വിമർശകരെ നയിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ സി.പി.ഐ.എം. സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചില പേരുകൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. പാലക്കാട്ടെ തരൂരുമായി ബന്ധപ്പെട്ട് ഡോ.പി.കെ.ജമീലയുടേയും ഇരിഞ്ഞാലക്കുടക്കു വേണ്ടി പ്രൊഫ.ആർ. ബിന്ദുവിൻ്റെയും പേരുകൾ കേൾക്കുന്നു. ഇവരെയാണ് ഭർത്താക്കന്മാരുടെ നിഴലിൽ നിർത്തി ചില മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും വിചാരണ ചെയ്യുന്നത്. രണ്ടുപേരുടേയും ഭർത്താക്കന്മാർ മുതിർന്ന സി.പി.ഐ.എം. നേതാക്കളാണ് എന്നത് വാസ്തവം. അതുകൊണ്ട് ഇവർ നിയമസഭയിൽ അയോഗ്യരാകുമോ? സ്വന്തം കഴിവു കൊണ്ട് പഠിച്ച് സർക്കാർ ഉദ്യോഗം നേടി നീണ്ടകാലം കേരളത്തിലെ ആരോഗ്യവകുപ്പിനെ നയിച്ച ഒരാൾക്ക് നേതാവിൻ്റെ ഭാര്യ എന്നതിൽ കവിഞ്ഞ ഒരു പ്രസക്തിയും ഇല്ലേ?

സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ്റെ ഭാര്യയായതുകൊണ്ടാണ് ആർ.ബിന്ദുവിൻ്റെ പേര് പരിഗണിക്കുന്നത് എന്നു ചിലർ കഥ മെനഞ്ഞുണ്ടാക്കുന്നു. അതുകേട്ട് ഞങ്ങൾ ഇരിഞ്ഞാലക്കുടക്കാർ അമ്പരക്കുകയാണ്. വിജയരാഘവനെ അറിയുന്നതിന് എത്രയോ മുമ്പ് എത്രയോ അധികം ഞങ്ങൾക്ക് ബിന്ദുവിനെ അറിയാം. രാഷ്ടീയ നേതാവ് എന്ന നിലയിൽ തന്നെ. ഇരിഞ്ഞാലക്കുടയിൽ ജനിച്ചു വളർന്ന, എസ്.എഫ്.ഐ.നേതാവായിരുന്ന, ജെ.എൻ.യു.വിൽ ഗവേഷണം നടത്തിയ, കേരളവർമ്മ കോളേജിൽ ഇംഗ്ലീഷ് അധ്യാപികയായ, സി.പി.ഐ.എമ്മിൻ്റെ ജില്ലാക്കമ്മറ്റി അംഗമായ, തൃശൂരിൽ മേയറായിരുന്ന ഒരാൾ ഇരിഞ്ഞാലക്കുടയിൽ സ്ഥാനാർത്ഥിയാവുന്നുണ്ടെങ്കിൽ അതു തികച്ചും സ്വഭാവികമായ ഒരു കാര്യമാണ്.

ഈ സന്ദർഭത്തിൽ ആർ.ബിന്ദുവിനെക്കുറിച്ച് കുറച്ചു വരികൾ എഴുതേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. കാരണം കുട്ടിക്കാലം മുതലേ ഈ ലേഖകന് അവരെ അറിയാം. ബിന്ദുവിൻ്റെ അച്ഛനും എൻ്റെ അച്ഛനും അവിഭക്ത പാർട്ടിയുടെ ഇരിഞ്ഞാലക്കുടയിലെ പ്രധാനപ്രവർത്തകരും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. കുട്ടിക്കാലത്തു തന്നെ തൻ്റെ പ്രതിഭയുടെ കരുത്തുകൊണ്ട് ആ പെൺകുട്ടി സമൂഹത്തിൻ്റെ ശ്രദ്ധയിൽ വന്നു. സ്കൂളിൽ പഠിക്കുമ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ പ്രസിദ്ധമായ വിഷുപ്പതിപ്പ് മത്സരത്തിൽ കഥക്ക് ഒന്നാം സ്ഥാനം ലഭിച്ചു. സമ്മാനാർഹമായ കഥയെപ്പറ്റി ഞാനും ടി.വി.കൊച്ചുബാവയും മാമ്പുഴ കുമാരൻ മാഷ്ടെ വീട്ടിലിരുന്ന് അഭിമാനത്തോടെ ചർച്ചചെയ്തത് ഓർക്കുന്നു. കഥയിൽ നിന്ന് കഥകളിയിലേക്കാണ് പിന്നെ ബിന്ദു പോയത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കഥകളിക്ക് തുടർച്ചയായി രണ്ടോ മൂന്നോ തവണ ആ കുട്ടി ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.

സെൻ്റ് ജോസഫ് കോളേജിൽ പഠിക്കുമ്പോൾ കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായതോടെയാണ് ബിന്ദു വിദ്യാർത്ഥി സംഘടനാ നേതൃത്തത്തിൽ എത്തുന്നത്. വൈകാതെ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റിലെ വിദ്യാർത്ഥി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തൃശൂർ കേന്ദ്രീകരിച്ച് നടന്ന എല്ലാ ബഹുജനമുന്നേറ്റത്തിലും ബിന്ദു മുന്നിൽത്തന്നെ ഉണ്ടായിരുന്നു. സമരത്തിനിടയിൽ നിന്ന് ബിന്ദുവിനെ പോലീസ് അറസ്റ്റു ചെയ്യുന്ന കാഴ്ച പലവട്ടം ഞാൻ കണ്ടു. ഒരിക്കൽ ചെറിയ കുട്ടിയായിരുന്ന മകനും അവർക്കൊപ്പം ഉണ്ടായിരുന്നു. അമ്മയോടൊപ്പം അമ്പരപ്പോടെ പോലീസ് ജീപ്പിൽ കയറുന്ന കുട്ടിയുടെ ചിത്രം എൻ്റെ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല. ഒരിക്കൽ തേക്കിൻകാട് മൈതാനത്ത് ഏതോ ഭരണാധികാരിയുടെ കോലം കത്തിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞപ്പോൾ തെറിച്ചുവീണ മണ്ണെണ്ണയിൽ കുളിച്ചു നിൽക്കുന്ന ബിന്ദുവിൻ്റെ രൂപവും ഓർമ്മ വരുന്നു. വലിയ ഒരത്യാഹിതം ഭാഗ്യം കൊണ്ടു മാത്രമാണ് അന്ന് ഇല്ലാതായത്.

ഈ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമിടയിലാണ് ഒരു ടേമിൽ അവർ തൃശൂരിൻ്റെ ആരാധ്യയായ മേയറായി പ്രവർത്തിച്ചത്. കാര്യപ്രാപ്തിയോടെ അവർ കോർപ്പറേഷനെ നയിച്ചു.

ഭർത്താക്കന്മാരുടെ വാലായി നിന്നിട്ടല്ല ഇന്ന് സ്ത്രീകൾ അവരുടെ ആകാശങ്ങൾ കീഴടക്കുന്നതെന്ന് മനുവാദബാധ പിടിപെട്ടവർ ഓർക്കണം. ആർ.ബിന്ദുവും പി.കെ.ജമീലയും മത്സരരംഗത്തുണ്ടാവുമോ ഇല്ലയോ എന്നതൊന്നും എനിക്കറിയില്ല. പക്ഷേ ജനാധിപത്യത്തിലെ പദവികൾ അലങ്കരിക്കാൻ അവർ എല്ലാ നിലക്കും പ്രാപ്തരാണ് എന്നതിൽ സംശയമില്ല. പാലക്കാട്ടെ കോങ്ങാട്ട് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നു കരുതുന്ന കെ.എ.തുളസിയുടെ കാര്യവും ഇതിൽ നിന്നു വ്യത്യസ്തമല്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker