KeralaNEWS

പൂഴിക്കടകൻ എഫക്ടിനു ശ്രമം, കേന്ദ്ര ഏജൻസികൾക്കും പ്രതിപക്ഷത്തിനും മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം

വാർത്താസമ്മേളനത്തിന്റെ പൂർണ രൂപം

സംസ്ഥാനത്തെ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ 43,563 ആയിരുന്നു. ഒരാഴ്ച കൊണ്ടു ഏതാണ്ട് 15 ശതമാനം കേസ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 5 മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വ്യാപനനിരക്കാണ് ഇപ്പോള്‍.  വാക്സിനേഷന്‍ ക്യാമ്പെയ്ന്‍ ശക്തമായി നടക്കുന്നുണ്ട്. പരമാവധി വേഗത്തില്‍ എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കാനാണ് ശ്രമം.

വാക്സിനെതിരെ ചിലര്‍ നടത്തുന്ന പ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ചിലരെങ്കിലും വാക്സിന്‍ എടുക്കുന്നത് കോവിഡ് വരുത്തുമോ എന്നാശങ്കപ്പെടുന്നുണ്ട്. അത് തെറ്റായ കാര്യമാണ്.

വാക്സിനേഷന്‍ എടുത്തു എന്നതുകൊണ്ട് ഒരാള്‍ കോവിഡില്‍ നിന്നും പെട്ടെന്നൊരു സംരക്ഷണം നേടുന്നില്ല. ആദ്യ ഡോസ് വാക്സിനെടുക്കുന്നവരില്‍ ഏകദേശം പകുതി പേര്‍ക്കു മാത്രമായിരിക്കും രോഗപ്രതിരോധം കൈവരിക്കാനാവുക എന്നാണ് കണക്കാക്കുന്നത്. അതിനു തന്നെ രണ്ടാഴ്ചയോളം സമയമെടുക്കും എന്നും കരുതപ്പെടുന്നു. 70 മുതല്‍ 80 ശതമാനം വരെ രോഗത്തില്‍ നിന്നും സുരക്ഷ ലഭിക്കണമെങ്കില്‍, രണ്ട് ഡോസുമെടുത്ത് 14 ദിവസങ്ങള്‍ കൂടെ കഴിയണം. അതായത് ആദ്യ ഡോസ് കഴിഞ്ഞുള്ള 28 ദിവസവും രണ്ടാമത്തെ ഡോസ് കഴിഞ്ഞുള്ള 14 ദിവസവും കൂടി കഴിഞ്ഞാലേ നമ്മള്‍ ആഗ്രഹിക്കുന്ന നിലയിലുള്ള പ്രതിരോധം ലഭ്യമാകൂ.

അതുകൊണ്ട് ഈ സമയത്ത് കോവിഡ് വാക്സിനെടുത്തു എന്ന ധൈര്യത്തില്‍ മറ്റു രോഗപ്രതിരോധ മാര്‍ഗങ്ങളെല്ലാം അവഗണിച്ചു മുന്നോട്ടു പോയാല്‍ ചിലപ്പോള്‍ രോഗം വന്നേക്കാം. രോഗവ്യാപനത്തിനും  അത്തരം പ്രവണതകള്‍ കാരണമാകും. അതിനാല്‍, മാസ്കുകള്‍ ധരിച്ചും കൈകള്‍ ശുചിയാക്കിയും സാമൂഹിക അകലം പാലിച്ചും രോഗവ്യാപനത്തെ പ്രതിരോധിക്കാനുള്ള ജാഗ്രത നമ്മള്‍ തുടരണം.

അതുപോലെ കോവിഡ് വാക്സിനെടുക്കുന്ന ആളുകളില്‍ കുറച്ചു പേര്‍ക്ക് വാക്സിനെടുത്ത അന്നോ തൊട്ടടുത്ത ദിവസമോ ശരീര ക്ഷീണം, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. വാക്സിന്‍ കുത്തിവയ്ക്കുന്നതിനെത്തുടര്‍ന്ന് രോഗപ്രതിരോധത്തിന്‍റെ ഭാഗമായി ശരീരത്തില്‍ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങളാണവ. അവ കോവിഡിന്‍റെ ലക്ഷണങ്ങളല്ല എന്നു തിരിച്ചറിയണം. സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ ആ ബുദ്ധിമുട്ടുകള്‍ മാറും.ലക്ഷണങ്ങള്‍ അല്‍പം നീണ്ടു പോവുകയോ, കൂടുകയോ ചെയ്യുന്നു എന്ന് തോന്നുകയാണെങ്കില്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ കാണിക്കേണ്ടിവരും.

അഞ്ചു ലക്ഷത്തില്‍പരം ആളുകള്‍ക്ക് സംസ്ഥാനത്ത് ഇതുവരെ വാക്സിന്‍ നല്‍കി. അവര്‍ക്കൊന്നും തന്നെ കാര്യമായെന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് അനാവശ്യമായ ആശങ്കകള്‍ മാറ്റിവെച്ച് വാക്സിന്‍ സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടുവരണം.

ഇവിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്ത് രംഗത്തുവന്ന ഒരു കൂട്ടരെക്കുറിച്ച് പറയേണ്ടതുണ്ട്. അത് മറ്റാരെക്കുറിച്ചുമല്ല; കേന്ദ്ര ഏജന്‍സികളെക്കുറിച്ചു തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം അവയില്‍ ചിലതിന്‍റെ ആക്രമണോത്സുകതയ്ക്ക് ആക്കം കൂടിയിരിക്കുകയാണ്. അതിന്‍റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കിഫ്ബിക്കെതിരെ നടത്തുന്ന നീക്കങ്ങളും കസ്റ്റംസ് ഇന്നലെ ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത പ്രസ്താവനയും.

കേരളത്തിനും രാജ്യത്തിനും മാതൃകയായ വികസനബദല്‍ ഉയര്‍ത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും മനോനില കടമെടുത്ത് കേന്ദ്ര ഏജന്‍സി ഇറങ്ങിത്തിരിച്ചത്. അതേക്കുറിച്ച് വിശദമായി നേരത്തെ സംസാരിച്ചതാണ്.

ഇപ്പോള്‍ കസ്റ്റംസ് ആണ് ‘പ്രചാരണപദ്ധതി’ നയിക്കുന്നത്. കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന ഇതിന്‍റെ പ്രത്യക്ഷ തെളിവാണ്. കഴിഞ്ഞ നവംബറില്‍ ക്രിമിനല്‍ നിയമത്തിന്‍റെ 164-ാം വകുപ്പ് പ്രകാരം ഒരു പ്രതി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ പ്രസ്താവനയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് കസ്റ്റംസ് കോടതിയില്‍ പ്രസ്താവന നല്‍കിയത്. കേസിലെ വിഷയം വേറെയാണ്. ജയില്‍ ഡിജിപി ഫയല്‍ ചെയ്ത ക്രിമിനല്‍ മിസലേനിയസ് ഹര്‍ജിയാണത്. അതിേډലാണ് കുറേയേറെ പേരുകളും സ്ഥാനങ്ങളുമൊക്കെ എഴുതിച്ചേര്‍ത്ത് കസ്റ്റംസ് കമ്മീഷണര്‍ പ്രസ്താവന നല്‍കുന്നത്.

ഈ കേസിലാണെങ്കില്‍ പ്രസ്താവന കൊടുത്ത കസ്റ്റംസ് കമ്മീഷണര്‍ എതിര്‍കക്ഷിപോലുമല്ല. സ്വപ്ന സുരേഷും കസ്റ്റംസ് പ്രിവന്‍റീവ് സൂപ്രണ്ടുമാണ് എതിര്‍കക്ഷികള്‍. എതിര്‍കക്ഷിയല്ലാത്ത ഒരാള്‍ കോടതിയില്‍ ഇത്തരം പ്രസ്താവന നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.

ജൂലൈ മുതല്‍ വിവിധ ഏജന്‍സികളുടെ കസ്റ്റഡിയിലാണ് സ്വപ്നസുരേഷ്. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, എന്‍ഐഎ എന്നീ ഏജന്‍സികളുടെ കസ്റ്റഡിയിലായിരുന്നു അവര്‍. ഇതില്‍ ഒരു ഏജന്‍സിക്കു മുമ്പാകെയും പറയാത്ത മഹാകാര്യം കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍ വന്നപ്പോള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു കാരണമെന്തായിരിക്കാം? അത് ഈ പ്രസ്താവന കൊടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കസ്റ്റംസും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും എടുത്തുപറയേണ്ടതു തന്നെയാണ്. അവര്‍ അത് പുറത്തു പറയാന്‍ തയ്യാറകണം.

വകുപ്പ് 164 പ്രകാരം മജിസ്ട്രേറ്റ് മുമ്പാകെ നടത്തുന്ന പ്രസ്താവന സാധാരണനിലയില്‍ അന്വേഷണ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ ലഭിക്കുകയുള്ളു. അന്വേഷണ ഏജന്‍സി പ്രത്യക്ഷമായോ പരോക്ഷമായോ ചട്ടം 164 പ്രകാരം ഒരു വ്യക്തി നല്‍കുന്ന പ്രസ്താവന വെളിപ്പെടുത്തരുത് എന്ന് കേരള ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട് (വര്‍ഗീസ് വേഴ്സസ് സിബിഐ).

നിയമവശം ഇങ്ങനെയായിരിക്കെ കേസില്‍ കക്ഷിയല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കറെയും അപകീര്‍ത്തിപ്പെടുത്തുക എന്ന തെരഞ്ഞെടുപ്പ്  ലക്ഷ്യത്തോടെയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇന്നലെ പ്രതിപക്ഷ നേതാവ് ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരവും ഇതില്‍ തന്നെ അടങ്ങിയിട്ടുണ്ട്. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമം. അതിനായി തങ്ങളുടെ കസ്റ്റഡിയിലുള്ള പ്രതിയുടെ മാനസിക ചാഞ്ചല്യം അന്വേഷണ ഏജന്‍സികള്‍ മുതലെടുക്കുകയാണ്.

അങ്ങനെ സമ്മര്‍ദം ചെലുത്തി എന്തെങ്കിലും പറയിച്ചാല്‍ അത് തെളിവുകളുടെ പിന്‍ബലമില്ലാത്തതിനാല്‍ മുന്നോട്ടുനീക്കാന്‍ കഴിയാതെ വരും. കേസിനെ പ്രതികൂലമായി ബാധിക്കും. അതെല്ലാം മറന്ന് തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രസ്താവന നല്‍കുകയും അത് മാധ്യമങ്ങളില്‍ എത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഏജന്‍സി അവലംബിച്ചത്. ഇത് പ്രതിപക്ഷ നേതാവിന്‍റെ പാര്‍ടിക്കും ബിജെപിക്കും ഒരുപോലെ പ്രയോജനമുണ്ടാക്കിക്കൊടുക്കാനുള്ള വിടുവേലയല്ലെങ്കില്‍ മറ്റെന്താണ്?

മറ്റൊരു കാര്യം കൂടി പറയാം. 2020 നവംബറില്‍ തന്നെ ഈ രഹസ്യമൊഴിയില്‍ എന്തുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിമിഷങ്ങള്‍ക്കുള്ളില്‍ അത് ഏറ്റുപിടിച്ചുകൊണ്ട് പ്രതിപക്ഷ നേതാവും പ്രസ്താവന ഇറക്കിയിരുന്നു. അവര്‍ ഒരേ സ്വരത്തിലാണ് അത് പറഞ്ഞത്. അതേ കൂട്ടര്‍ തന്നെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നിരിക്കുന്നു. തെരഞ്ഞെടുപ്പല്ലേ? ആരോപണം വാരിവിതറി പുകപടലമുയര്‍ത്തി പൂഴിക്കടകന്‍ ഇഫക്ട് ഉണ്ടാക്കിക്കളയാം എന്നാകും ഭാവം. തെളിഞ്ഞ അന്തരീക്ഷത്തില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടക്കാന്‍ പാടില്ല എന്നും ജനമനസ്സുകളില്‍ വിഭ്രാന്തിയും ആശങ്കയും നിലനില്‍ക്കണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരേപോലെ ആഗ്രഹിക്കുന്നു.

കസ്റ്റംസിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നതാണ് അവരുടെ പുതിയ ആയുധം എന്നു മാത്രം. ഈ കസ്റ്റംസിന്‍റെ രീതികള്‍ തുടക്കംമുതല്‍ നാം കണ്ടതല്ലേ? കോണ്‍ഗ്രസ്, ബിജെപി ‘കേരളതല സഖ്യം’ സ്വര്‍ണ്ണക്കടത്ത് ആഘോഷിച്ചപ്പോള്‍ ആദ്യം വന്നതുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയാണ്. ഓഫീസില്‍നിന്ന് കസ്റ്റംസിനെ വിളിച്ചു എന്ന് എത്ര കടുപ്പിച്ചാണ് ആരോപണം ഉന്നയിച്ചത്? അക്കാര്യം അന്നത്തെ കസ്റ്റംസ് ജോയിന്‍റ് കമ്മീഷണറോട് മാധ്യമങ്ങള്‍ തിരക്കിയപ്പോള്‍ ലഭിച്ച ഉത്തരം ഓര്‍മയില്ലേ?

മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് സത്യസന്ധമായി പറഞ്ഞ ആ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ എവിടെയുണ്ട്? നാഗ്പൂരിലേക്കാണ് നാടുകടത്തിയത്. കേസ് മുന്നോട്ടുപോകുമ്പോള്‍ അന്വേഷണരംഗത്തുണ്ടായിരുന്ന പത്തുപേരെ ഒറ്റയടിക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത് എന്തിനായിരുന്നു? ഒരു അസിസ്റ്റന്‍റ് കമ്മീഷണറെ പൊടുന്നനെ മാറ്റിയത് എന്തിനായിരുന്നു? അന്നുതന്നെ അത് ചര്‍ച്ച ചെയ്തതല്ലേ? ഇതില്‍ കൃത്യമായ ചില കളികള്‍ നടക്കുന്നുണ്ട്. കണ്ണടച്ച് പാലുകുടിച്ചാല്‍ ആര്‍ക്കും മനസ്സിലാവില്ല എന്ന ചിന്ത പൂച്ചകള്‍ക്കേ ചേരൂ.

ഇവിടെ കേന്ദ്ര വിദേശകാര്യവകുപ്പിന്‍റെ ചുമതലയിലുണ്ട് എന്ന് നാം വിശ്വസിക്കുന്ന ഒരു സഹമന്ത്രി ഇന്നും ചില കാര്യങ്ങള്‍ പറയുന്നതു കേട്ടു. മിഡില്‍ ഈസ്റ്റിന്‍റെ ചുമതലയാണ് അദ്ദേഹത്തിന് എന്നാണ് പറയുന്നത്. ഇദ്ദേഹം മന്ത്രിയായതിനുശേഷം എത്ര സ്വര്‍ണ്ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ? ഈ മന്ത്രി ചുമതലയില്‍ വന്നതിനുശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് തുടങ്ങിയത്? കടത്തിയത് നയതന്ത്ര ബാഗിലല്ല എന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തിയുമായി ഈ മന്ത്രിക്ക് എന്തെങ്കിലും ബന്ധമുണ്ടോ? നയതന്ത്ര ബാഗിലാണ് സ്വര്‍ണക്കടത്ത് നടത്തിയത് എന്ന് പാര്‍ലമെന്‍റില്‍ ധനസഹമന്ത്രി പറഞ്ഞപ്പോള്‍ അതിനു വിരുദ്ധമായ നിലപാട് ഈ സഹമന്ത്രി ആവര്‍ത്തിച്ച് എടുത്തത് എന്തിനായിരുന്നു? ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴല്ലേ, അത് വിദേശകാര്യ വക്താവിനോട് ചോദിക്കണമെന്ന് ഈ സഹമന്ത്രി മറുപടി പറഞ്ഞത്. അതേ സഹമന്ത്രി തന്നെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നത്.

ഞങ്ങള്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ജനക്ഷേമകരമായ നടപടികളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനമനസ്സുകളില്‍ ഇകഴ്ത്താന്‍ ഇതൊന്നും സഹായകമാകില്ല. ആ വിശ്വാസം ജനങ്ങള്‍ക്കുണ്ട്; ഞങ്ങള്‍ക്കുമുണ്ട്. അതാണ് ഞങ്ങളുടെ ഉറപ്പ്.

അസാധാരണമായ ഒരു പ്രതിസന്ധിയാണ് കോവിഡ് മഹാമാരി ഈ ലോകത്തിനു നല്‍കിയത്. നമ്മുടെ നാടിനേയും അതു നല്ല തോതില്‍ ബാധിച്ചു. നമ്മുടെ സാമൂഹ്യജീവിതം സ്തംഭിച്ചു. സാമ്പത്തിക മേഖല അങ്ങേയറ്റം പ്രതിസന്ധിയിലായി. എന്നാല്‍ ഈ വെല്ലുവിളികള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കാതെ ജനങ്ങള്‍ക്കു വേണ്ടി ക്രിയാത്മകമായി എന്തു ചെയ്യാം എന്നാണ് സര്‍ക്കാര്‍ ആലോചിച്ചത്. ആ ആലോചനയുടെ ഫലമായാണ് 100 ദിവസങ്ങളില്‍ 100 പദ്ധതികള്‍’ എന്ന ആശയം സാക്ഷാല്‍ക്കരിക്കാന്‍ തീരുമാനിച്ചത്.

രണ്ട് ഘട്ടങ്ങളിലായി 100 ദിനപരിപാടി നമ്മുടെ സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിയത് എല്ലാവരുടെയും ശ്രദ്ധയിലുണ്ടാകും. എന്തായിരുന്നു അതിന്‍റെ ഫലം? 169 ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുകയോ പൂര്‍ത്തിയാക്കുകയോ ചെയ്തത് 206 പദ്ധതികളാണ്. ഇത്തരമൊരു കാര്യം കേരളത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. അതിന്‍റെ ഭാഗമായി 1,79,385 പേര്‍ക്കാണ് പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയത്. ക്ഷേമ പെന്‍ഷനുകള്‍ ഓരോ മാസവും വര്‍ദ്ധിപ്പിച്ച്, ഏപ്രില്‍ മുതല്‍ 1600 രൂപ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന സ്ഥിതിയായി. ഇപ്പോള്‍ ഒന്നും രണ്ടുമല്ല, 60.31 ലക്ഷം പേര്‍ക്കാണ് നമ്മള്‍ പെന്‍ഷന്‍ നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയിരുന്നതിന്‍റെ ഏകദേശം ഇരട്ടിയാണിതെന്നോര്‍ക്കണം.

ഇത്തരത്തില്‍ കോവിഡ് പോലൊരു അനിതരസാധാരണമായ ഒരു ദുരന്തം ജനജീവിതത്തെ ബാധിക്കാതെയിരിക്കാന്‍ ഈ സര്‍ക്കാര്‍ അര്‍പ്പണബോധത്തോടെ മുന്നോട്ടുപോകുമ്പോള്‍ ഇവിടത്തെ പ്രതിപക്ഷം എന്തായിരുന്നു ചെയ്തത്? അത് അവര്‍ക്കോര്‍മ്മ കാണില്ലെങ്കിലും ജനങ്ങള്‍ മറക്കാന്‍ ഇടയില്ല. ഓരോ ഘട്ടത്തിലും പ്രതിപക്ഷത്തെ കൂടെ നിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. അത് നാടിന്‍റെ നډ മുന്നില്‍ക്കണ്ടായിരുന്നു.

നമ്മള്‍ ഒത്തൊരുമിച്ച് നില്‍ക്കേണ്ട സമയമായിരുന്നു. എന്നാല്‍ ഒരുമിച്ചു നില്‍ക്കുന്നതിനു പകരം, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്. ഒരുപക്ഷേ, അത്തരമൊരു ഘട്ടത്തില്‍ ഇത്രമാത്രം അധഃപ്പതിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയ മറ്റൊരു പ്രതിപക്ഷം ഈ ലോകത്തുത്തന്നെ വേറെക്കാണില്ല. അതിലേയ്ക്കൊന്നും കൂടുതല്‍ കടക്കുന്നില്ല. പ്രതിപക്ഷം എന്തോക്കെ അരുതായ്മകള്‍ ചെയ്താലും ഈ നാടിന്‍റെ നډയ്ക്കും വികസനത്തിനുമായി ഞങ്ങള്‍ ഉറച്ച കാല്‍വെയ്പുകളോടെ മുന്നോട്ടു പോകും.  

ഇന്ന് ഒരു സന്തോഷമുള്ള വാര്‍ത്ത പങ്കുവെക്കാനുണ്ട്. പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പണി പൂര്‍ത്തിയാക്കി എന്നുമാത്രമല്ല, ഭാരപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തി ഗുണമേډയും ബലവും ഉറപ്പുവരുത്തിയിട്ടുണ്ട്. എട്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പണിയാണ് കേവലം അഞ്ചര മാസം കൊണ്ട് പൂര്‍ത്തിയാക്കിയത്. അത് സാധ്യമാക്കിയ ഊരാളുങ്കല്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റിയെയും മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയെയും അഭിനന്ദിക്കുന്നു.

47.70 കോടി രൂപ എസ്റ്റിമേറ്റില്‍ മുന്‍സര്‍ക്കാരിന്‍റെ കാലത്ത് പണിത പാലം ഒറ്റവര്‍ഷം കൊണ്ട് തകര്‍ന്നപ്പോഴാണ് കേവലം 22.86 കോടി രൂപയുടെ നിര്‍മ്മാണച്ചെലവില്‍ 100 വര്‍ഷത്തെ ഉറപ്പുള്ള പാലം പാലാരിവട്ടത്ത് ഒരുക്കിയിരിക്കുന്നത്. ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ നാളെ വൈകുന്നേരം നാലു മണിക്ക് പാലം ഗതാഗതത്തിന് തുറന്നു കൊടുക്കും. ഏറ്റെടുക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏത് പ്രതിസന്ധികളുണ്ടായാലും കാര്യക്ഷമമായും വേഗതയിലും അഴിമതി കൂടാതെയും പൂര്‍ത്തിയാക്കിയിരിക്കും എന്ന ഉറപ്പാണ് ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് നല്‍കാനുള്ളത്. വിവാദങ്ങളെല്ലാം വിവാദങ്ങളുടെ വഴിക്കു പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker