NEWS

18 ഗിരിദേവതകളെയും വണങ്ങി ശബരിമലയിൽ പടിപൂജകള്‍ക്ക് തുടക്കമായി

അയ്യപ്പന് പുഷ്പാഭിഷേകം നടത്തി, ദീപാരാധനയ്ക്ക് ശേഷം ആരംഭിച്ച പടിപൂജ 7.30വരെ തുടര്‍ന്നു. പടി പതിനെട്ടും കഴുകി, പുഷ്പങ്ങളും പട്ടും നിലവിളക്കുകളും കൊണ്ട് അലങ്കരിച്ച്, ശരണമന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും ആരവത്തിലാണ് തന്ത്രി പടിപൂജ നടത്തിയത്.

ശബരിമല: അയ്യപ്പന്റെ പൂങ്കാവനത്തിലെ 18 മലകളിലെ ദേവതകളെ തൊഴുത് അവരുടെ പ്രീതിക്കായി പതിനെട്ടാംപടിയില്‍ നടത്തുന്ന വിശിഷ്ടമായ പടിപൂജയ്ക്ക് ചൊവ്വാഴ്ച ശബരിമലയില്‍ തുടക്കമായി.
പടി പതിനെട്ടും കഴുകി, പുഷ്പങ്ങളും പട്ടും നിലവിളക്കുകളും കൊണ്ട് അലങ്കരിച്ച്, ശരണമന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും ആരവത്തില്‍, തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തിലാണ് പടിപൂജ നടത്തിയത്.
അയ്യപ്പന് പുഷ്പാഭിഷേകം നടത്തി, സന്ധ്യാ ദീപാരാധനയ്ക്ക് ശേഷം ആരംഭിച്ച പടിപൂജ 7.30വരെ തുടര്‍ന്നു. കൊളുത്തിവച്ച നിലവിളക്കുകളും കര്‍പ്പൂര ദീപങ്ങളും പ്രഭ ചൊരിഞ്ഞ പതിനെട്ടുപടികള്‍ക്ക് മേലെ പുഷ്പങ്ങളര്‍പ്പിച്ച് തന്ത്രി പടി കയറി പോവുമ്പോള്‍ ശരണംവിളികള്‍ ഉച്ചസ്ഥായിയിലായി.
ബാംഗളൂര്‍ ഐ.എസ്.ആര്‍.ഒയിലെ എസ്.പി.ആര്‍.ഒ.സി പ്രോജക്ട് ഡയറക്ടറായ ജി. ആനന്ദ ചന്ദ്രനാണ് വൃശ്ചികം ഒന്നിന് നടന്ന പടിപൂജ നടത്തിയത്.
മാറ്റിവച്ച പടിപൂജ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണ കുമാര വാര്യര്‍ അറിയിച്ചു.
പൊന്നമ്പലമേട്, ഗരുഡന്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പദേവര്‍മല, ഖര്‍ഗിമല, മാതംഗമല, മയിലാടുംമല, ശ്രീപാദംമല, ദേവര്‍മല, നിലയ്ക്കല്‍ മല, തലപ്പാറ മല, നീലിമല, കരിമല, പുതുശേരിക്കാനം മല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിവയാണ് 18 മലകള്‍. പണ്ടുകാലത്ത് ഈ 18 മലകളെയും വണങ്ങിയായിരുന്നു ശബരിമല തീര്‍ഥാടനം. പതിനെട്ടു പടികളില്‍ ഈ 18 മലകളിലെ ദേവതകളെയും കുടിയിരുത്തിയിരുക്കുന്നുവെന്നാണ് വിശ്വാസം. ഗിരിദേവതാ പൂജ എന്നാണ് പടിപൂജ അറിയപ്പെട്ടിരുന്നതെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു.

Back to top button
error: