KeralaNEWS

ദലീമയ്ക്ക് ഇത് ചരിത്ര നിമിഷം, പിന്നണി ഗാനരംഗത്ത് നിന്നും മുന്നണി രാഷ്ട്രീയത്തിലേക്ക്…

സംഗീതലോകത്ത് നിരവധി ഗാനങ്ങള്‍ സമ്മാനിച്ച ഗായികയായിരുന്നു ദലീമ ജോജോ. വ്യത്യസ്തമായ ശ്ബദം തന്നെയാണ് താരത്തെ മറ്റ് ഗായകരില്‍ നിന്നും വേറിട്ടതാക്കുന്നതും. ബേണി-ഇഗ്‌നേഷ്യസിന്റെ മിശിഹ ചരിത്രം എന്ന ആല്‍ബത്തിലൂടെ ഗായികയായി പ്രവേശം കുറിച്ച ദലീമ പിന്നീട് നിരവധി ഗാനമേള ട്രൂപ്പുകളിലൂടെയും നാടക ട്രൂപ്പുകളിലൂടെയും ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെയും കേള്‍വിക്കാരിലേക്ക് എത്തി. അവിടെ നിന്ന് സിനിമയിലേക്കും… എന്നാല്‍ ഇപ്പോഴിതാ പിന്നണി ഗാനരംഗത്ത് നിന്ന് തെരഞ്ഞടുപ്പ് മുന്നണിയിലേക്ക് പ്രവേശിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇതൊരു ചരിത്ര പ്രവേശനം തന്നെയായിരിക്കും എന്നതില്‍ സംശയമില്ല.

 

കാരണം നടന്മാരായ ആലപ്പി വിന്‍സെന്റ്, മുരളി, ഗണേഷ് കുമാര്‍, മുകേഷ്, ഇന്നസന്റ്, സംവിധായകരായ രാമു കാര്യാട്ട്, ലെനിന്‍ രാജേന്ദ്രന്‍, പി.ടി.കുഞ്ഞുമുഹമ്മദ്, തിരക്കഥാകൃത്ത് തോപ്പില്‍ ഭാസി, കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ള, നിര്‍മാതാവ് മഞ്ഞളാംകുഴി അലി തുടങ്ങി സിനിമയുടെ പല മേഖലകളുടെയും പ്രതിനിധികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഗാനശാഖയില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

അതേസമയം, സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കുമെല്ലാം താന്‍ യാദൃച്ഛികമായാണ് എത്തിപ്പെട്ടതെന്നാണ് ദലീമ പറയുന്നത്. കരുമാഞ്ചേരി ആറാട്ടുകുളം കുടുംബത്തിലെ തോമസ് ജോണിന്റെയും അമ്മിണിയുടെയും 11 മക്കളില്‍ ഇളയ പെണ്‍കുട്ടിയായി ജനിച്ച ദലീമ എഴുപുന്ന കരുമാഞ്ചേരി സെന്റ് ആന്റണീസ് ചര്‍ച്ചിലെ ക്വയര്‍ സംഘത്തിലെ പാട്ടുകാരിയായിരുന്നു. പ്രീഡിഗ്രി കഴിയുന്നതുവരെ ദലീമ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല. പിന്നീട് പാട്ടിനോടുള്ള താല്‍പര്യം മൂത്ത്, പ്രീഡിഗ്രിക്കു ശേഷം പള്ളുരുത്തി രാമന്‍കുട്ടിക്കു കീഴില്‍ സംഗീത പഠനം ആരംഭിച്ചു. 8 വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവില്‍ ഗാനഭൂഷണം പാസായി.

 

വിവാഹശേഷമാണ് ദലീമ സംഗീത ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. ശബ്ദത്തിലെ മാധുര്യം കൊണ്ട് പിന്നണി ഗാനരംഗത്ത് ദലീമയെ പലരും എസ്.ജാനകിയുടെ പിന്‍ഗാമിയായാണ് കണക്കാക്കിയത്. ഭര്‍ത്താവും സംഗീതജ്ഞനുമായ ജോര്‍ജ് ജോസഫ് ആണ് ഈ മാറ്റത്തിന് പിന്നിലെ കാരണക്കാരന്‍. മിശിഹാ ചരിത്രം എന്ന ഭക്തി ഗാന ആല്‍ബത്തിലാണ് ദലീമ ആദ്യമായി പാടിയത്. ഫാദര്‍ അലക്സ് പയ്യമ്പള്ളി വരികളെഴുതിയ ആല്‍ബത്തിന് സംഗീത പകര്‍ന്നത് ബേണി ഇഗ്‌നേഷ്യസായിരുന്നു. നിലിവില്‍ ഏഴായിരത്തോളം ഭക്തിഗാനങ്ങളില്‍ ദലീമ പാടിക്കഴിഞ്ഞു. 1997 ല്‍ പുറത്തിറങ്ങിയ കല്യാണപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്കുള്ള മാറ്റം സംഭവിക്കുന്നത്. അതിന് കാരണമായതും ദലീമ പാടിയ ഒരു ഭക്തിഗാനം തന്നെയായിരുന്നു. അവിചാരിതമായി ഈ ആല്‍ബം കണ്ട സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷാണ് സിനിമാ ലോകത്തേക്ക് ദലീമയെ ക്ഷണിക്കുന്നത്. അതേ വര്‍ഷം തന്നെ സിബി മലയില്‍ സംവിധാനം ചെയ്ത നീ വരുവോളം എന്ന ചിത്രത്തിലും ദലീമ പാടി. ജോണ്‍സണ്‍ മാഷായിരുന്നു ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ഇതുവരെ ഇരുപത്തിയഞ്ചോളം സിനിമകളില്‍ ദലീമ പാടിയിട്ടുണ്ട്.

 

2015 ല്‍ അവിചാരിതമായാണ് ദലീമ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. കുടുംബത്തിലെ എല്ലാവരും കോണ്‍ഗ്രസ്സ് അനുഭാവികള്‍. എന്നാല്‍ അതില്‍ നിന്നൊക്ക വിഭിന്നമായി ഒരു പാര്‍ട്ടിയുടേയും പക്ഷം ചേരുന്ന ആളായിരുന്നില്ല 2015 വരെ ദലീമ. 2015 ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിട്ടാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചത്. ദലീമ രാഷ്ട്രീയത്തിലേക്ക് വരുന്നതിന് വീട്ടില്‍ തന്ന രണ്ട് അഭിപ്രായമായിരുന്നു. രണ്ടാം വട്ടവും ജില്ലാ പഞ്ചായത്തില്‍ വിജയിച്ചതോടെയാണ് ദലീമയെ അരൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കന്മാരും എപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കി കൂടെയുണ്ട്. സിപിഎം അരൂര്‍ ബ്രാഞ്ച് കമ്മിറ്റിയില്‍ അംഗത്വമെടുത്ത ദലീമ ഇപ്പോള്‍ കറ കളഞ്ഞ രാഷ്ട്രീയക്കാരിയും പാട്ടുകാരിയുമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker