FeatureLIFE

ജീവിതദുരിതങ്ങൾ കൊണ്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഈ ഒരു കാലത്ത് കരുണയുടെ കരങ്ങൾ ആര് നീട്ടും ?

 

കോവിഡാനന്തര കാലത്തും ജീവിക്കാൻ ബുദ്ധിമുട്ടുകയാണ് കേരളത്തിലെ ജനങ്ങൾ.
കേരളത്തിലെ ഏക ‘വ്യവസായം’ കൃഷിയാണ്.മറ്റൊന്നും ഇവിടെ ‘വിളയാത്തതുകൊണ്ട്’ കൃഷിയും ഗൾഫ് പണവുമായിരുന്നു എന്നും കേരളത്തിന്റെ ആശ്രയവും.എന്നാൽ
‘കാടിറങ്ങി വരുന്നവരാൽ’ പരമ്പരാഗത വിളകൾ പലതും ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഇവിടുത്തെ കർഷകർ.പന്നിയേയും പന്നിയെലിയേയും പേടിച്ചു കപ്പ വേണ്ടെന്നു വച്ചവർ.. മയിലിനെ പേടിച്ചു പച്ചക്കറികൾ വേണ്ടെന്നു വച്ചവർ.. കാട്ടാനകളെ പേടിച്ച് വാഴയും തെങ്ങും കമുകും
ഒന്നും
വേണ്ടെന്നു വച്ചവർ… കാലിത്തീറ്റയ്ക്കുണ്ടായ വിലവർധനമൂലം കാലിവളർത്തൽ തന്നെ ഉപേക്ഷിച്ചവർ .. നൂറ് രൂപയ്ക്ക് വിറ്റിട്ടുപോലും വാങ്ങാൻ ആളില്ലാതെ ശുദ്ധജല മത്സ്യ കൃഷിയും ഉപേക്ഷിക്കേണ്ടി വന്നവർ ..കോവിഡ് കാലത്തല്ല, കോവിഡാനന്തര കാലത്തും ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇന്ന് ഇവിടുത്തെ ജനങ്ങളുടേത്.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരെയും സ്വയം തൊഴിലിന് ഇറങ്ങി കഷ്ടപ്പെട്ടവരെയും ആര് സഹായിക്കും ? ചോദ്യം കേരളത്തിലെ യുവജനങ്ങളുടേതാണ്.കോവിഡ് കാലത്തോടെ നിരവധി പേരാണ് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത്. ഇവരിൽ പലരും കപ്പ,വാഴ, പച്ചക്കറി.. പോലുള്ള നാടൻ കൃഷികളിലേക്കാണ് പിന്നീട് ഇറങ്ങിത്തിരിച്ചത്.അതു മാത്രമാണല്ലോ ഇവിടെ സാധ്യമാവുന്നതും. രണ്ടു വർഷം മുമ്പ് ഒരു കിലോ കപ്പയുടെ വില മുപ്പത്തഞ്ച്-നാൽപ്പതു രൂപ ആയിരുന്നിടത്ത് ഇന്നത് പതിനഞ്ചിൽ താഴെ മാത്രമാണ്.അതിനു പുറമെ പലരുടെയും കൃഷികൾ കാട്ടുപന്നികൾ കൊണ്ടുപോകുകയും ചെയ്തു.കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റവർ തന്നെ ധാരാളം. മറ്റൊന്നായിരുന്നു ശുദ്ധജല മത്സ്യ കൃഷി.ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു ഇത്.പേരുകേട്ട തിലാപ്പിയ മത്സ്യങ്ങളുടെ കൃഷിയായിരുന്നു കൂടുതൽ പേരും ഇങ്ങനെ ചെയ്തത്.കരിമീനും അസംവാള,അനബസ് പോലുള്ള മീനുകളെ ഇട്ടവരും കുറവല്ല.പക്ഷെ കുളത്തിൽ നിന്നും ജീവനോടെ നേരിട്ട് പിടിച്ചുകൊടുത്തിട്ടും ആർക്കും വേണ്ടാത്ത അവസ്ഥ! ഒരുകിലോ തിലാപ്പിയ മീൻ നൂറ് രൂപയ്ക്ക് വിറ്റിട്ടുപോലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ് ഇവിടെയുള്ളതെന്നു പറഞ്ഞാൻ ആരെങ്കിലും വിശ്വസിക്കുമോ.വാസ്തവമാണ്.ജീവിതദുരിതങ്ങൾ കൊണ്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു കാലത്ത് ഇരുട്ടടി പോലെ സർവ്വതും നഷ്ടപ്പെട്ട ഇവർക്ക് കരുണയുടെ കരങ്ങൾ ആര് നീട്ടും ? ആര് സഹായിക്കും ഇവരെ ?

സ്ഥലസൗകര്യവും മുതൽമുടക്കിനുള്ള തുകയും ഉൾപ്പടെ പലർക്കും സർക്കാർ നിർദ്ദേശിച്ച തരത്തിലുള്ള മീൻ കുളങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.അതിനാൽ തന്നെ സബ്സിഡികളും ഇവർക്ക് ലഭിക്കുകയില്ല.അയ്യായിരം മീൻ കുഞ്ഞുങ്ങളെ ഇടുന്ന ഒരു കുളത്തിന് ഏകദേശം അമ്പതിനായിരം രൂപയ്ക്ക് അടുത്താണ് ചിലവ്.തീറ്റയും വൈദ്യുതിയും ഉൾപ്പെടെ മാസം ചിലവ് 20,000 രൂപ വേറെയും.കോവിഡ് മഹാമാരി തൊഴിൽ സാധ്യതകൾ അടച്ചപ്പോൾ മത്സ്യക്കൃഷിയിൽ അഭയം തേടിയ യുവാക്കളും വീട്ടമ്മമാരും ഒട്ടും കുറവല്ല കേരളത്തിൽ. ഇങ്ങനെയുള്ള ഒട്ടേറെ ആളുകളാണ് ഇനിയെന്ത് എന്ന ചോദ്യച്ചിഹ്നവുമായി നമുക്ക് മുന്നിൽ നിൽക്കുന്നത്.ആട്, മാട്, കോഴി കർഷകരുടെ സ്ഥിതിയും വ്യത്യസ്തമല്ല.ഉയർന്ന തീറ്റച്ചിലവും ഉൽപ്പന്നങ്ങളുടെ വിലയിടിവും കാരണം പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്.

കടം വാങ്ങിയും വട്ടപ്പലിശയ്ക്ക് പണം എടുത്തും കോവിഡ് കാലത്ത് “ജീവിക്കാൻ” ശ്രമിച്ചവർ ഇപ്പോൾ കോവിഡാനന്തര കാലത്തുപോലും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്.തൊഴിൽ സാധ്യതകൾ മങ്ങിയതും വേതനത്തിലെ കുറവും എല്ലാം ചേർന്ന് ഇവർക്ക് പഴയ തൊഴിലുകളിലേക്ക് തിരിച്ചു പോകാൻ വയ്യാത്ത അവസ്ഥയുമാണുള്ളത്.

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും കോവിഡ് ഒരു പൊളിച്ചെഴുത്തിന് കാരണമായിരിക്കയാണ്.സ്വദേശികളെപ്പോലും സാമ്പത്തിക പ്രതിസന്ധി വരിഞ്ഞു മുറുക്കുമ്പോൾ പുതിയ തൊഴിലവസരങ്ങൾ മറ്റു നാട്ടുകാർക്കായി സൃഷ്ടിക്കുമെന്ന് കരുതാനുമാവില്ല.

നമ്മുടെ സാമ്പത്തിക-സാമൂഹിക അസ്​തിവാരങ്ങളെ മുമ്പില്ലാത്തവണ്ണം തകർത്തെറിഞ്ഞതായിരുന്നു കോവിഡ് ലോക്ഡൗൺ കാലം.കോവിഡ് മഹാമാരിയെത്തുടർന്നുള്ള അടച്ചുപൂട്ടലിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നതും കേരളത്തിലായിരുന്നു.ആ കാലത്തേക്കാൾ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നതാണ് വാസ്തവം.

Back to top button
error: