KeralaNEWS

ഒരു വര്‍ഷത്തെ അധ്വാനം, ചത്തുപൊങ്ങിയത് 1250 മീനുകള്‍, തകര്‍ന്ന് വീണത് 7 പേരുടെ സ്വപ്നം

സ്വകാര്യ പുരയിടത്തിൽ നിർമ്മിച്ച കുളത്തിൽ മീനുകൾ ചത്തു പൊങ്ങി. തിലോപ്പിയ ഇനത്തിൽപ്പെട്ട 1250 മീനുകളാണ് ചത്തുപൊങ്ങിയത്. ഇതോടെ മലയിൻകീഴ് ഗോവിന്ദമംഗലം പ്ലാവിളയിൽ വിഎസ് രഞ്ജൻ, ഇ. പ്രശാന്ത്, യുഎസ് അരുൺ, എസ് വിഷ്ണു, വി എൽ വിനേഷ്, ഡീ ആർ ജെറിഷ്, എ. എസ് നിഖിൽ എന്നിവരുടെ ഒരു വർഷത്തെ അധ്വാനത്തിന്റെ ഫലം ആണ് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായത്.

കഴിഞ്ഞ മാർച്ചിലാണ് പ്രദേശവാസികളായ ഇവർ മത്സ്യകൃഷി ആരംഭിച്ചത്‌. വ്യാഴാഴ്ച വിളവെടുക്കേണ്ട ദിവസം വൈകിട്ട് മീനുകൾക്ക് തീറ്റ കൊടുക്കാൻ ഉടമകൾ എത്തിയപ്പോഴാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി കിടക്കുന്നത് കണ്ടത്. സാമൂഹികവിരുദ്ധർ കുളത്തിൽ വിഷം കലർത്തിയത് എന്നാണ് സംശയം. നഷ്ടം ഒന്നര ലക്ഷത്തോളം രൂപയാണ്.

കൊവിഡും ലോക് ഡൗണും കാരണം വരുമാനം നിലച്ചതോടെയാണ് വിദ്യാർത്ഥികളും സ്വകാര്യ കമ്പനികളിൽ ജോലിചെയ്യുന്നവരുമായ ഈ ഏഴംഗസംഘം മത്സ്യ കൃഷിയിലേക്ക് തിരിഞ്ഞത്. ഒന്നര സെന്റിൽ ഇവർതന്നെ കുഴിയെടുത്ത് അതിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചാണ് ആധുനിക സംവിധാനങ്ങളോടെ കുളം നിർമ്മിച്ചത്. മത്സ്യങ്ങളുടെ ‌ തീറ്റയ്ക്ക് തന്നെ വലിയ തുക ചെലവായി. രണ്ടു സെന്റിലെ കുളം അല്ലാത്തതിനാൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ സർക്കാർ ആനുകൂല്യവും ഇവർക്ക് ലഭിച്ചില്ല. തങ്ങൾ വിളവെടുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് മീനുകൾ ചത്തുപൊങ്ങിയത്. സംഭവത്തിൽ നാരുവാംമൂട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker