
ഗര്‍ഭധാരണം ദാമ്പത്യ ജീവിതത്തിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന വൈകാരികമായ അനുഭവമാണ്. ലോകത്ത് സ്വാഭാവികമായി ഗര്‍ഭധാരണം നടത്താന്‍ കഴിയാതെ പോവുന്ന ഒരുപാട് ദമ്പതികള്‍ ഈ കാലഘട്ടത്തിലുണ്ട്. ഒരു കുഞ്ഞെന്ന സ്വപ്നം പലപ്പോഴും അവരെ കൊണ്ടെത്തിക്കുക ഫെര്‍ട്ടിലിറ്റി സെന്ററുകളുടെ മുന്പിലെ നീണ്ട ക്യൂവിലായിരിക്കും. എന്നാല്‍ ഇപ്പോഴിതാ കെയ്ല്‍ ഗോര്‍ഡി എന്ന ചെറുപ്പക്കാരന് വിവാദമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ബീജം സ്വീകരിച്ച് 35 സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയും അവര്‍ മുപ്പത്തിയഞ്ച് കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തുവത്രേ. എന്നാല്‍ ഈ ബീജ വിതരണം ഗോര്‍ഡി നടത്തിയതാവട്ടെ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴിയും. നിലവില്‍ ആറ് സ്ത്രീകള്‍ തന്നില്‍ നിന്നും ഗര്‍ഭം ധരിച്ചിട്ടുണ്ടെന്നും ഗാര്‍ഡി പറയുന്നു.
2 ഫെയ്സ് ബുക്ക് ഗ്രൂപ്പുകള്‍ വഴിയാണ് ബീജ വിതരണമെന്ന് ഗോര്‍ഡി പറയുന്നു. നാല് വര്‍ഷം മുന്‍പാണ് ബീജം വേണ്ടവര്‍ക്ക് വേണ്ടി ഗോര്‍ഡി ഫെയ്സ് ബുക്കില്‍ പ്രൈവറ്റ് ഗ്രൂപ്പ് ആരംഭിച്ചത്. 15,000 ഓളം അംഗങ്ങള്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഗ്രൂപ്പിലുണ്ട്. ഔദ്യോഗിക ബീജ ബാങ്കുകളുടെ ചെലവില്ലാതെ സുരക്ഷിതമായും സൗജന്യമായും ബീജദാനം ചെയ്യുന്നതാണ് തന്റെ രീതിയെന്ന് ഗോര്‍ഡി പറയുന്നു. ബീജബാങ്കുകളെ ആശ്രയിക്കാതെ ആവശ്യക്കാരെ സഹായിക്കുകയാണ് ഗോര്‍ഡിയുടെ ലക്ഷ്യം. പ്രൈവറ്റ് സ്പേം ഡോണേഴ്സ് എന്നൊരു ഗ്രൂപ്പും ഗോര്‍ഡി തുടങ്ങിയിട്ടുണ്ട്. ഇതില്‍ 8,000 പേരോളം അംഗങ്ങളാണ്.
എന്നാല്‍ ഗോര്ഡിയെപ്പോലെയുള്ളവരുടെ സ്വകാര്യ ബീജദാനത്തിനെതിരെയും അതിന് പിന്നിലെ അപകടങ്ങളെക്കുറിച്ചും ചില സംഘടനകളും മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമം വഴി ഇത്തരം ബീജദാന പരിപാടികള്‍ സംഘടിപ്പിക്കുന്ന വെബ് സൈറ്റുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ അഭിപ്രായം. 22 വയസുള്ളപ്പോഴാണ് ഗോര്‍ഡി ആദ്യമായി ബീജദാനം നടത്തിയത്. തന്നെ സമീപിച്ച സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് ഗര്‍ഭം ധരിക്കാന്‍ സാധിച്ചത്. എന്നാല്‍ ചുരുക്കം ചിലരുമായി ലൈംഗീക ബന്ധത്തില്‍ ഏര്പ്പെട്ടിട്ടായിരുന്നു ഗര്‍ഭധാരണമെന്ന് ഗോര്‍ഡി പറയുന്നു. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും HIV പോലെയുള്ള രോഗങ്ങള്‍ ഗോര്‍ഡി ടെസ്റ്റ് ചെയ്യുന്നുണ്ട്.. സ്വകാര്യ വ്യക്തികള്‍ ബീജദാനത്തിന് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഫെയ്സ്ബുക്ക് വക്താവ് പ്രതികരിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ നിയമവിരുദ്ദമായ കാര്യങ്ങളെന്തെങ്കിലും കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഫെയ്സ് ബുക്ക് വ്യക്തമാക്കുന്നു
.