IndiaNEWS

പോരാട്ടവീര്യം കുറയാതെ മുന്നോട്ട്; കര്‍ഷകസമരം 100 ദിവസം പിന്നിടുമ്പോള്‍…

നവംബര്‍ 26നാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ആരംഭിച്ചത്. പിന്നങ്ങോട്ട് തങ്ങളുടെ നീതിക്കായി അവര്‍ പോരാടി. ചുടൂം തണുപ്പും അവര്‍ക്ക് പ്രശ്‌നമല്ലായിരുന്നു. ഇന്നിതാ രാജ്യം കണ്ട ഏറ്റവും വലിയ സമരം 100 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴും കര്‍ഷകരുടെ പോരാട്ടവീര്യത്തിന് ഒട്ടും തന്നെ കുറവില്ല.’ആവശ്യങ്ങള്‍ അംഗീകരിക്കും വരെ ഞങ്ങള്‍ പ്രക്ഷോഭം തുടരും; വിരട്ടിയോടിക്കാമെന്നു കരുതേണ്ട’ എന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരപ്പോരാളിയും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവുമായ രാകേഷ് ടികായത്തിന്റെ വാക്കുകളാണ് അതിര്‍ത്തി മേഖലകളില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകരുടെ സുരക്ഷയെന്ന് തന്നെ പറയാം.

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍നിന്ന് ട്രാക്ടറുകളിലെത്തിയ ലക്ഷക്കണക്കിനു കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തിയിലുള്ള സിംഘു, തിക്രി എന്നിവിടങ്ങളില്‍ തമ്പടിച്ചു. പിന്നാലെ ടികായത്തിന്റെ നേതൃത്വത്തില്‍ യുപിയില്‍ നിന്നുള്ള കര്‍ഷകര്‍ ഗാസിപ്പുരിലും നിലയുറപ്പിച്ചതോടെ, ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രങ്ങളായി മാറി.

അതേസമയം, സമരത്തിന്റെ ചൂടും ചൂരും ഒന്നുതന്നെ കുറഞ്ഞിട്ടില്ലെന്ന് തന്നെ പറയാം. എന്നാലും ചിലയിടങ്ങളില്‍ സമരക്കാര്‍ പലരും വീടുകളിലേക്ക് മടങ്ങി. തിരിച്ചുവിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും വരാനുളള ഒരുക്കത്തോടെയായിരുന്നു അവരുടെ മടക്കം. അതുകൊണ്ടുതന്നെ ഗാസിപ്പുരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വഴികളില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ പൊലീസ് നീക്കിയിട്ടില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും കിസാന്‍ മഹാപഞ്ചായത്ത് സമ്മേളനങ്ങള്‍ നടത്തി, പ്രക്ഷോഭം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണു കര്‍ഷക നേതാക്കളുടെ തീരുമാനം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ട്.

ഇരു സംസ്ഥാനങ്ങളിലെയും വിവിധ ജില്ലകളില്‍നിന്ന് പ്രക്ഷോഭവേദികളിലെത്തേണ്ടവരുടെ പട്ടിക കര്‍ഷക സംഘടനകള്‍ തയാറാക്കിയിട്ടുണ്ട്. രാജസ്ഥാന്‍ഹരിയാന അതിര്‍ത്തിയിലുള്ള ഷാജഹാന്‍പുരിലും കര്‍ഷകര്‍ പ്രക്ഷോഭകേന്ദ്രം ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഏത് സാഹചര്യത്തേയും അതിജീവിച്ച് മുന്നേറാനാണ് കര്‍ഷകരുടെ ശ്രമം. ഉളള സൗകര്യം പ്രയോജനപ്പെടുത്തി അവര്‍ അതിര്‍ത്തികളില്‍ കഴിയുന്നു.

പ്രക്ഷോഭം ശെത്യകാലത്ത് ആരംഭിച്ചതിനാല്‍, കൊടുംതണുപ്പിനെ നേരിടാന്‍ ട്രാക്ടറുകളില്‍ പിടിപ്പിച്ച ട്രോളികള്‍ക്കുള്ളില്‍ വൈക്കോല്‍ നിരത്തി, അതിനു മുകളിലാണ് കര്‍ഷകര്‍ കിടന്നിരുന്നത്. ചൂടിനായി ഹീറ്ററുകളും സജ്ജമാക്കി. ഇപ്പോള്‍ ചൂട് കൂടിയതോടെ പഞ്ചാബില്‍ നിന്നും കൂളറുകളും എത്തിച്ചു. അതേസമയം, സിംഘുവിലും തിക്രിയിലും പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന കച്ചവടക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൂളറുകളുമെത്തിച്ചു. ഇപ്പോള്‍ കര്‍ഷകര്‍ക്കു താമസിക്കാന്‍ മുള കൊണ്ട് ചെറിയ കുടിലുകള്‍ നിര്‍മിക്കാനുള്ള ഒരുക്കങ്ങളിലാണ്.

പ്രക്ഷോഭ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കാന്‍ പോലീസുകാര്‍ പല തവണ ശ്രമിച്ചെങ്കലും വിജയിക്കാതിരുന്നത് ഒരിക്കലും നഷ്ടപ്പെട്ടുപോകാത്ത കര്‍ഷകരുടെ ഐക്യമാണ്. ഒരിക്കല്‍ മുട്ടുമടക്കിയാല്‍ ഇനി വീണ്ടും ഇതുപോലെയൊരു പ്രക്ഷോഭം സംഘടിപ്പിക്കുക എളുപ്പമല്ലെന്ന് അവര്‍ക്കറിയാം. അതിനാല്‍ തന്നെ നിരവധി മുന്‍കരുതലുകള്‍ സ്വീകരിച്ച് തന്നെയാണ് കര്‍ഷകര്‍ മുന്നോട്ട് പോകുന്നത്.100 ദിനം പിന്നിട്ടിട്ടും പ്രക്ഷോഭം തുടരുന്നതിനു പിന്നില്‍ സംഘടനകളുടെ സൂക്ഷ്മമായ ആസൂത്രണം തന്നെയുണ്ട്. എന്നാല്‍ ആ ആസൂത്രണത്തിലുണ്ടായ ഏക പിഴവ് റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷം മാത്രമാണ്. അതില്‍ നൂറിലധികം കര്‍ഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. എന്തുതന്നെ വന്നാലും പോരാട്ടവീര്യം ഒട്ടും കുറയാതെ കൈയ്യില്‍ തഴമ്പും നെഞ്ചില്‍ ചങ്കൂറ്റവുമായി അവര്‍ മുന്നോട്ട് തന്നെ കുതിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker