MovieNEWS

‘ഡിസ്‌നി ഡേ’യിൽ ഹോട്ട്സ്റ്റാറിൽ റിലീസാകുന്ന ആദ്യ മലയാള സിനിമയായി ‘കനകം കാമിനി കലഹം’

ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റഫോമായ ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിനെത്തിയ ആദ്യ മലയാള സിനിമയായി കനകം കാമിനി കലഹം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയ്‌ക്കൊപ്പം വിനയ് ഫോർട്ടും, ഗ്രേസ് ആന്റണിയും മുഖ്യകഥാപാത്രങ്ങളായെത്തുന്നു. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു, സുധീഷ്, ജഫാർ ഇടുക്കി, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, സുധീർ പറവൂർ തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നുണ്ട്. ‘ഡിസ്‌നി ഡേ’ ആയ നവംബർ 12ന് ആണ് സിനിമ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തിയത്.

തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമാണ് കനകം കാമിനി കലഹമെന്ന് നിവിൻ പോളി ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തീയേറ്ററുകളിൽ എന്നും ആഘോഷിക്കപ്പെട്ടിട്ടുള്ള നിവിൻ പോളി ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചേർത്തു വെക്കാനാകുന്ന മറ്റൊരു സിനിമയാണ് കനകം കാമിനി കലഹം. ശുദ്ധഹാസ്യത്തെയും ആക്ഷേപഹാസ്യത്തെയും ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന മലയാളികൾക്ക് ഇതൊരു ഗംഭീര ചിരിവിരുന്നായിരിക്കുമെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ അവകാശപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു റിസോർട്ടിൽ എത്തുന്ന ദമ്പതികളും അവിടെ അവർക്ക് സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

മലയാളി മങ്കമാരുടെ കനകത്തോടുള്ള താല്പര്യവും അതുമൂലം കുടുംബത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു കലഹങ്ങളും നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. ചിത്രത്തിലെ ‘മഞ്ഞകാൽവരിപൂക്കൾ’ എന്ന് തുടങ്ങുന്ന കവിത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

കൊവിഡ് 19 പടർന്നു പിടിക്കുന്ന സമയത്തായിരുന്നു സിനിമയുടെ ചിത്രീകരണം, അതിനാൽ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്താണ് ഷൂട്ടിംഗ് മുന്നോട്ട് പോയത്. എറണാകുളവും ഇടുക്കിയുമായിരുന്നു പ്രധാന ലൊക്കേഷനുകൾ. ഏകദേശം 40 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കിയ സിനിമയുടെ ഷൂട്ടിംഗ് 2020 ഡിസംബർ മധ്യത്തോടെ അവസാനിച്ചു. സിനിമയുടെ മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ 2021 ജനുവരിയിലും ഫെബ്രുവരിയിലുമായാണ് നടന്നത്.

വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. യാക്‌സെൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അനീഷ് നാടോടിയാണ്. ഷാബു പുല്ലാപ്പള്ളി മേക്കപ്പും കൾട്ട് റെവല്യൂഷൻ വസ്ത്രാലങ്കാരവും നിർവഹിച്ചു. ഹോട്ട്സ്റ്റാറിൽ റിലീസായ സിനിമ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

https://bit.ly/KanakamKaaminiKalahamNowStreaming

Back to top button
error: