
തൃശൂരില്‍ സ്ഥലം മാറ്റം കിട്ടിയെത്തിയ അസിസ്റ്റന്റ് കളക്ടര്‍ എന്ന് തെറ്റിധരിപ്പിച്ച് ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥനില്‍ നിന്നും 17 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയ കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശിയും നോയിഡയില്‍ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലനെതിരെ ഇപ്പോഴിതാ മറ്റൊരു കേസുകൂടി. കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വദേശിയും ടാക്സി ഡ്രൈവറുമായ യുവാവില്‍ നിന്ന് 9 ലക്ഷം രൂപ തട്ടിയെന്ന പരാതിയാണ് ലഭിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്‍കം ടാക്സ് ഓഫിസറെന്ന വ്യാജേന ധന്യ യുവാവിന്റെ ടാക്സിയില്‍ 2 വട്ടം യാത്ര ചെയ്തിരുന്നു. ഈ പരിചയത്തിന്റെ പേരില്‍ കാനഡയില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്താണു പണം തട്ടിയത്. കോവിഡ് കാരണം വീസ നടപടികള്‍ കുരുങ്ങി നില്‍ക്കുകയാണെന്നും ഏതു സമയവും വീസ ലഭിക്കാമെന്നും വിശ്വസിപ്പിച്ചു യുവാവിനെ 3 മാസം ഡല്‍ഹിയില്‍ താമസിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. പലിശയ്ക്കു പണമെടുത്താണ് ഈ സമയമത്രയും യുവാവ് ഡല്‍ഹിയില്‍ കഴിഞ്ഞത്. അതേസമയം, ഇത്തരം കെണികളില്‍ കൂടുതല്‍ പേര് ഇതേ ഇരയായിട്ടുണ്ടെന്നു കണ്ടെത്തിയെങ്കിലും മാനഹാനി ഭയന്ന് ആരും പരാതിയുമായി മുന്നോട്ടു വരുന്നില്ലെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് തൃശൂരിലെ ഇന്‍ഷുറന്‍സ് കമ്പിനി ഉദ്യോഗസ്ഥനെ വലിയ തുകയുടെ പോളിസി എടുക്കാമെന്ന മോഹവാഗ്ദാനം നല്കി ഇവര്‍ കെണിയിലെത്തിച്ചത്. സൗഹൃദം വളര്‍ന്നതോടെ തൃശൂരിലെ ഹോട്ടല്‍ മുറികളിലും ഫ്ളാറ്റുകളിലും വിളിച്ചു വരുത്തി ഇവരുടെ ഒപ്പമിരിക്കുന്ന നഗ്നചിത്രങ്ങള്‍ പകര്‍ത്തിയായിരുന്നു ഭീഷണിപ്പെടുത്തിയത്. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്നായിരുന്നു ഭീഷണി. ഇതേ തുടര്‍ന്നാണ് 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ സ്വര്‍ണവും ഇയാള്‍ ധന്യയ്ക്ക് നല്‍കിയത്. ഭീഷണി മുറുകിയതോടെയാണ് ഇര കമ്മീഷണര്‍ ആര്.ആദിത്യയ്ക്ക് പരാതി നല്‍കിയത്. ക്രൈം ബ്രാഞ്ച് എസ്.പി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും ധന്യ നോയിഡയില്‍ ഉണ്ടെന്ന് കണ്ടെത്തിയ സംഘം നോയിഡയിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.