
അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സി. പി, പോൾ കെ. കെ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ശുപാർശ ചെയ്യാൻ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന കൊളീജിയം യോഗത്തിന്റേതാണ് തീരുമാനം.
2019 മാർച്ചിൽ ചേർന്ന കൊളീജിയം മുഹമ്മദ് നിയാസ്, കെ.കെ.പോൾ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ നിയമന്ത്രാലയത്തോട് ശുപാർശ ചെയ്തിരുന്നു. 2019 മെയ് മാസം ചേർന്ന കൊളീജിയമാണ് വിജു എബ്രഹാമിനെ ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ ശുപാർശ ചെയ്തത്. എന്നാൽ ഈ മൂന്ന് ശുപാർശകളുംപുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം മടക്കി അയച്ചു.
ഇതു സംബസിച്ച വിശദമായ കുറിപ്പ് ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ശുപാർശ വീണ്ടും നൽകാൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചത്. കൊളീജിയം ശുപാർശ ആവർത്തിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നിയമന ഉത്തരവ് ഇറക്കേണ്ടി വരുമെന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.