KeralaLead NewsNEWS

നഷ്ടങ്ങൾ എന്നും ഞങ്ങൾക്കൊരു വീക്ക്നെസ് ആയിരുന്നു

സാധാരണക്കാരന്റെ യാത്രാ വാഹനമാണ് എന്നും കെഎസ്ആര്‍ടിസി.പക്ഷെ ഇന്നത് പ്രതിസന്ധിയുടെ പടുകുഴിയിൽ ബ്രേക്ക് ഡൌണായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് പ്രതിമാസം 125 കോടിയിലേറെയാണ് പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയുടെ നഷ്ടം. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാനാകുന്നില്ല. വായ്പാ തിരിച്ചടവും എണ്ണ കമ്പനികള്‍ക്കുള്ള കുടിശികയുമായി ഭീമമായ ബാധ്യത വേറെയും. കെഎസ്ആര്‍ടിസിയെ വെറുമൊരു വെള്ളാനയായി കണ്ടുകൊണ്ടുള്ള ഉദ്യോഗസ്ഥരുടെയും മറ്റ് അധികാരികളുടെയും ദീര്‍ഘവീക്ഷണമില്ലായ്മയും യുക്തിയില്ലാത്ത നടപടികളുമാണ് ഈ പ്രതിസന്ധികളെ ക്ഷണിച്ചുവരുത്തിയതെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയാൻ സാധിക്കും. അല്ലെങ്കിൽ എട്ടാം ക്ലാസ് പോലും പാസാകാത്തവൻ്റെ ബസ്സ് വരെ ലാഭത്തിലോടുമ്പോഴും ഐ.എ.എസ് കാരുടെ മേൽനോട്ടത്തിലോടുന്ന ആനവണ്ടി മാത്രം എന്നും നഷ്ടത്തിലാകുന്നത് എങ്ങനെ ..?

കേരളത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ തൊണ്ണൂറ്റൊമ്പതു ശതമാനവും ലാഭത്തിൽ ഓടുമ്പോൾ ഐഎഎസ് കാരാൽ നിയന്ത്രിക്കപ്പെടുന്ന,സർക്കാർ സഹായം എന്നും ലഭ്യമായ കെഎസ്ആർടിസി മാത്രം എന്തേ നഷ്ടത്തിലോടുന്നു? പഴയ ബാധ്യതകളും പെൻഷനും മറ്റുമാണോ ഇതിന് കാര്യങ്ങൾ? അല്ല.അങ്ങനെയെങ്കിൽ മറ്റു സർക്കാർ ഡിപ്പാർട്ട്മെന്റുകൾക്കും ഈ ഗതികേട് വരണ്ടേ..?

ഉന്നത വിദ്യാഭ്യാസമുള്ളവരും അല്ലാത്തവരും ഉടമകളായിട്ടുള്ള സ്വകാര്യ ബസ്സുകൾ ലാഭത്തിലോടുന്നു.
ബസ്സ് പാർക്ക് ചെയ്യാനും കഴുകാനും റിപ്പയർ ചെയ്യാനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും സ്വന്തമായി ഇല്ലാത്ത സ്വകാര്യ ബസ്സുകൾ വെട്ടിത്തിളങ്ങി സുഗന്ധം പരത്തി ഓടുമ്പോഴും, സ്വന്തമായി ഗ്യാരേജും വർക്ക്ഷോപ്പും മെക്കാനിക്കും ഡീസൽ പമ്പും പട്ടണങ്ങൾ തോറും കെട്ടിടങ്ങളും, കേസ്സ് നടത്താൻ അഭിഭാഷകർ വരെയുള്ള
സർക്കാറിലേക്ക് ടാക്സ് പോലും അടക്കേണ്ടതില്ലാത്ത ആനവണ്ടികൾ ഒരു പ്രത്യേക ” ഇരുമ്പ് ഗന്ധ”വുമായി നഷ്ടത്തിലോടുന്നത് എന്ത് കൊണ്ടാണ്. ….?

ഡ്യൂട്ടി കൃത്യമായി ചെയ്തില്ലെങ്കിൽ പോലും ബോണസ്സിന് വേണ്ടി സമരം ചെയ്യുന്ന, ലാഭത്തിലോടിയില്ലെങ്കിലും ശമ്പളം വർദ്ധിപ്പിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്ന മുതലാളിയായ സർക്കാറിനേക്കാൾ ബഹുമാനം യൂണിയൻ നേതാക്കൾക്ക് നൽകുന്ന ജീവനക്കാരുള്ള, മേലുദ്യോഗസ്ഥൻ പറഞ്ഞാൽ അനുസരിക്കാത്ത തൊഴിലാളികൾ ഉള്ള,
അച്ചടക്ക നടപടി എടുത്താൽ കക്ഷത്ത് ഒരു ബാഗും ഇറുക്കി പിടിച്ച് അവനെ സംരക്ഷിക്കാൻ വേണ്ടി ചോദ്യം ചെയ്യാൻ വിയർപ്പിൻ്റെ അസുഖമുള്ള നേതാക്കൾ എത്തുന്ന , നികുതിപ്പണം നൽകുന്ന ജനത്തെ യജമാനന്മാരായി കാണാൻ കഴിയാത്ത ആ വെള്ളാനകളായ ജീവനക്കാർ തന്നെയാണ് ഇതിന് കാരണം.

കെഎസ്ആർടിസിയിൽ അന്നും ഇന്നും അധ്വാനിക്കുന്നത് ഡ്രൈവർമാരും കണ്ടക്ടർമാരും മെക്കാനിക്കുകളും മാത്രമാണ്. ഒരു മേശയ്ക്ക് നാലാൾ വീതം ഉദ്യോഗസ്ഥരും , ചുമര് നിറയെ മുഷ്ടി ചുരുട്ടിയ കൈകളുടെ ചിത്രത്തോടോപ്പംശമ്പള വർദ്ധനവ് നടപ്പിലാക്കുക , ഇടക്കാലാശ്വാസം അനുവദിക്കുക ,
ബോണസ്സ് വർദ്ധിപ്പിക്കുക എന്നിങ്ങനെ പ്രശ്നങ്ങളും ഭീഷണികളുമായി മാത്രം “അധ്വാനിച്ച്”വയറുവീർപ്പിക്കുന്നവരാണ് മറ്റു ഭൂരിപക്ഷം പേരും.

ടാക്സും ഇൻഷൂറൻസും ബ്രേയ്ക്കും പൊലൂഷനും ഒന്നുമില്ലെങ്കിലും കെഎസ്ആർടിസി നഷ്ടത്തിൽ തന്നെ.
വർഷം തോറും ഇവയ്ക്കെല്ലാം വൻതുക ചെലവഴിക്കുന്ന പ്രൈവറ്റ് ബസുകൾ ലാഭത്തിലും.. കെഎസ്ആർടിസി യുടെ നഷ്ടം നികത്താൻ എന്നും ജനങ്ങളുടെ നികുതിപ്പണം… അല്ലെങ്കിൽ സ്വകാര്യ ബസുകളുടെ ടാക്സ് വർദ്ധിപ്പിച്ച് “കടബാധ്യത” കുറയ്ക്കാനുള്ള ശ്രമം. തലപ്പത്ത് ലക്ഷങ്ങൾ ശമ്പളം വാങ്ങി മേൽനോട്ടം നടത്തുന്ന ആൾക്കാർക്ക് തന്നെ വേണം ദിവസവും ഓടി ഉണ്ടാക്കുന്ന വരുമാനത്തിന്റെ സിംഹഭാഗവും.പിന്നെങ്ങനെ കെഎസ്ആർടിസി നന്നാവും ? എന്തിനാണ് ഇത്രയേറെ ജീവനക്കാർ കെഎസ്ആർടിസിക്ക്..?

ശമ്പളത്തിനും പെന്‍ഷനുമായി 144 കോടിയോളവും വായ്‌പാ തിരിച്ചടവിനായി 33 കോടിയും എണ്ണക്കമ്പനികള്‍ക്ക് 85 കോടിയുമാണ് കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ പ്രതിമാസ ചെലവ്. ഇതുകൂടാതെ 40 കോടിയിലേറെ രൂപ പ്രവര്‍ത്തനത്തിനും മറ്റ് വിവിധ ആവശ്യങ്ങള്‍ക്കുമായി കോര്‍പറേഷന്‍ ചെലവഴിക്കുന്നുണ്ട്. വരവും ചെലവും തമ്മിലുള്ള അന്തരം 125 മുതല്‍ 115 കോടിയോളം രൂപയാണ്.ഇതില്‍നിന്ന് കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധി വ്യക്തമാകും.

ജീവനുള്ള ഒരു ആനയ്ക്ക് പോലും രണ്ട് പാപ്പാന്മാരേ ഉള്ളു പക്ഷേ രണ്ട് ആനയുടെ ചിത്രം പതിച്ച ഒരു കെഎസ്ആർടിസി വണ്ടിക്ക് എത്ര പാപ്പാന്മാരാണ് ? പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുന്നു എന്ന നിലവിളിയുമായി ദേശസ്നേഹം പ്രകടിപ്പിക്കുന്നവർ ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും….!

എന്നും ആനവണ്ടിക്ക് യാത്രക്കാരും ആരാധകരും ഉള്ള നാടാണ് കേരളം.അടുത്തിടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കെഎസ്ആർടിസിയുടെ യാത്രയും ഏറ്റെടുത്തു വിജയിപ്പിച്ചവരാണ് ഇവിടെയുള്ളത്. ഈ തീരുമാനം ഒരു ഐഎഎസുകാരന്റെയും ബുദ്ധിയിൽ ഉദിച്ചതല്ല, ഒരു സാധാരണ കെഎസ്ആർടിസി ജീവനക്കാരന്റെ ആശയമായിരുന്നു ഇത്.മൂന്നാർ സ്റ്റേ,വിവിധ ഡിപ്പോകളിൽ നിന്നുള്ള മലക്കപ്പാറ,ഗവി സർവീസുകൾ..തുടങ്ങിയവ ഉദാഹരണം.ഇപ്പോൾ ഇതാ ഗവിയിലേക്കും മൂന്നാർ പോ രാത്രി (സ്റ്റേ) സർവീസുകൾ ആരംഭിക്കുന്നു.ജനങ്ങൾ ഒപ്പമുണ്ട്.ഇനിയെങ്കിലും നന്നാകുമോ കെഎസ്ആർടിസി ?

Back to top button
error: