KeralaNEWS

സര്‍ക്കാരിന്റെ അനുവാദത്തോടെ തൃശ്ശൂര്‍ പൂരം

കേരളത്തിന് അകത്തും പുറത്തും ഏറ്റവും ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് തൃശ്ശൂര്‍ പൂരം. എന്നാല്‍ കോവിഡ് മഹാമാരി വന്നതോടെ ഉത്സവം നടത്തുമോ എന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു. ഇതോടെ ഭക്തര്‍ക്കിടയിലും നിരാശ പ്രകടമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സര്‍ക്കാരിന്റെ അനുവാദത്തോടെ തൃശ്ശൂര്‍ പൂരം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുകയാണ്. ജനത്തെ പരമാവധി കുറച്ച് കോവിഡ് പ്രോട്ടോക്കോളോടെയാണ് ഉത്സവം നടത്തുക.

അതേസമയം, ചടങ്ങുകള്‍ക്ക് മൂന്നു ആനകളെ എഴുന്നെള്ളിക്കാമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. എന്നാല്‍ കുടമാറ്റത്തിന് ഇരുവശത്തും അണിനിരക്കാന്‍ 15 ആനകള്‍ വീതം വേണമെന്നാണ് ദേവസ്വം അധികൃതരുടെ നിലപാട്. രാഷ്ട്രീയപാര്‍ട്ടികളുടെ യോഗങ്ങള്‍ക്കില്ലാത്ത എന്ത് കൊവിഡ് പ്രോട്ടോക്കോളാണ് തൃശ്ശൂര്‍ പൂരത്തിനെന്നും ആന കൂടിയാല്‍ കൊവിഡ് കൂടുമെന്ന വാദത്തിന് എന്ത് പ്രസക്തി എന്നുമാണ് ദേവസ്വത്തിന്റെ ചോദ്യം. ആളുകളെ വേണമെങ്കില്‍ നിയന്ത്രിച്ചോളൂ. പൂരം പതിവുപോലെ നടക്കണമെന്നുമാണ് ദേവസ്വം പറയുന്നത്.

അതേസമയം, ദേവസ്വത്തിന്റെ ഈ തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഉത്സവം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൊടുക്കും. ഈ മാസം 9ന് വീണ്ടും യോഗം ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 5 കോടി രൂപയാണ് പൂരം നടത്തിപ്പിന് ചെലവ് കണക്കാക്കുന്നത്. പൂരത്തിനോടനുബന്ധിച്ച് നടത്തുന്ന എക്സബിഷനിലൂടെയാണ് ഈ പണം കണ്ടെത്താറുളളത്. ഇത്തവണ പൂരം എക്സബിഷന് അനുമതി നല്‍കിയിട്ടില്ല. പൂരം എക്സബിഷന്‍ നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ പൂരം നടത്തിപ്പ് അവതാളത്തിലാകുമെന്നും ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അനുനയചര്‍ച്ചകള്‍ക്ക് ജില്ലാ ഭരണകൂടം മുന്‍കൈ എടുത്തത്.

ഏപ്രില്‍ 23 നാണ് തൃശ്ശൂര്‍ പൂരം. പൂരത്തിന്റെ ഒരുക്കങ്ങള്‍ രണ്ടുമാസം മുമ്പേ തുടങ്ങണം. എന്നാല്‍ കുടമാറ്റം ഉള്‍പ്പെടെ ഏതൊക്കെ ചടങ്ങുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker