
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലീം ലീഗം സ്ഥാനാര്‍ത്ഥികളെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.
മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജാഥ ശനിയാഴ്ച പെരിന്തല്‍മണ്ണയില്‍ സമാപിക്കും. അതിനുശേഷം ഞായറാഴ്ച സംസ്ഥാനത്തെ ലീഗ് ഭാരവാഹികളെയും ജില്ല, മണ്ഡലം നേതാക്കളെയും വിളിച്ചുചേര്‍ത്ത് നിര്‍ദേശങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ ചേര്‍ന്ന നേതൃയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടൊപ്പം മലപ്പുറം ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെയും പ്രഖ്യാപിക്കും. നിലവിലെ സീറ്റുകളില്‍ ലീഗ് തന്നെയാകും മത്സരിക്കുക. യു.ഡി.എഫില്‍ തര്‍ക്കങ്ങളൊന്നുമില്ല. തീര്‍ക്കാവുന്ന ചെറിയ പ്രശ്നങ്ങള്‍ മാത്രമേയുള്ളൂവെന്നും പുതിയ സീറ്റുകളെ സംബന്ധിച്ച് യു.ഡി.എഫുമായി ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.