
2016ല്‍ അരുണ്‍ പ്രഭു പുരുഷോത്തമന് അദിതി ബാലനെ നായികയാക്കി സംവിധാനം ചെയ്ത തമിഴ് ചിത്രമായിരുന്നു അരുവി. തമിഴില്‍ ഏറെ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു അത്.
അരുവി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ സഞ്ചരിച്ച് കാഴ്ചക്കാരുടെ മനസിലൂടെ ശാന്തമായി ഒഴുകി അവസാനം കടുത്ത നൊമ്പരം സമ്മാനിച്ച് കടന്നുപോകുന്ന ഒരു കുഞ്ഞു ചിത്രം. അദിതിയുടെ അഭിനയപ്രകടനം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ കരുത്ത്.
സൂപ്പര്‍ നായകന്മാര് അരങ്ങുവാഴുന്ന തമിഴ് സിനിമയില്‍ നായകന് പോയിട്ട് ശക്തമായ ഒരു പുരുഷ കഥാപാത്രം പോലുമില്ലാതെയാണ് അരുവി കടന്നുവന്നത്. എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെയായിപ്പോയ അരുവി എന്ന പെണ്‍കുട്ടിയെ മുന്‍നിര്‍ത്തി സംവിധായകന് തനിക്ക് പറയാനുള്ളത് പ്രേക്ഷകനിലെത്തിച്ചത് പ്രേക്ഷരുടെ കണ്ണ് നനടച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങുന്നു. ഇ. നിവാസ് സംവിധാനം ചെയ്യുന്ന ഹിന്ദി റീമേക്കില്‍ നായിക ആയി എത്തുന്നത് ഫാത്തിമ സന ഷെയ്ഖാണ്. ചിത്രം 2021 പകുതിയോടെ ചിത്രീകരണമാരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.