
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുന്നണികള്‍ തന്ത്രവും കുതന്ത്രവും മെനഞ്ഞ് മുന്നേറുകയാണ്. പാര്‍ട്ടികളില്‍ നിന്നും ഓരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകള്‍ ശ്രദ്ധേയമാണ്. ഈ തവണ അങ്കത്തിന് സിനിമാ താരങ്ങളും മാറ്റുരയ്ക്കാന്‍ എത്തുമെന്ന പ്രത്യേകതയുമുണ്ട്. അക്കൂട്ടത്തില്‍ തുടക്കം മുതല്‍ ഉയര്‍ന്ന് കേട്ട പേര് ചലച്ചിത്ര താരം ധര്മ്മജന് ബോള്ഗാട്ടിയുടേതാണ്.
കോണ്‍ഗ്രസ്സിന് വേണ്ടി ധര്മ്മജന് ബോള്ഗാട്ടിയായിരിക്കും ബാലുശേരിയില്‍ നിന്നും മത്സരിക്കുകയെന്ന വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും എന്ന നിലപാടിലായിരുന്നു താരവും. എന്നാലിപ്പോള്‍ ധര്മ്മജന് ബോള്‍ഗാട്ടി മത്സരിക്കുന്നതിനോട് വിയോജിപ്പുമായി സഹപ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ബാലുശ്ശേരിയില്‍ നടന് ധര്‍മ്മജനെ മത്സരിപ്പിക്കെരുതെന്ന് ആവശ്യപ്പെട്ടാണ് പരാതി. ബാലുശ്ശേരി യുഡിഎഫ് യോഗമാണ് താരത്തെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയത്. ധര്മ്മജന് മത്സരിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് എതിരാളികള്‍ ചര്‍ച്ചയാക്കും.അതിനാല്‍ ഇതിന് മറുപടി പറയേണ്ട വരുമെന്നും ഇത് യുഡിഎഫിന് ആക്ഷേപമാകുമെന്നും മണ്ഡലം കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. ബാലുശ്ശേരി കോ ഓപ്പറേറ്റീവ് കോളേജില്‍ കെപിസിസി അംഗങ്ങളടക്കം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഐകകണ്ഠ്യേന ധര്‍മജനെ മണ്ഡലത്തില്‍ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല ബാലുശ്ശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കണമെങ്കിലും രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ വേണമെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ പ്രസ്തുത വിഷയത്തില്‍ പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ബാലുശേരിയില്‍ നിന്നും ഒരു നിയോജകം കമ്മിറ്റിയും തനിക്കെതിരെ കത്ത് നല്‍കിയിട്ടില്ലെന്നാണ് ധര്‍മ്മജന്റെ വെളിപ്പെടുത്തല്‍. കുത്തിത്തിരിപ്പുണ്ടാക്കുന്നവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ രണ്ട് പേരെങ്കിലും എതിര്‍ത്താല്‍ താന്‍ മത്സരിക്കില്ലെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നുവെന്നും എല്ലാവരുടെയും പിന്തുണയോടെ മാത്രമേ താന്‍ മത്സരിക്കുവെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് നല്കിയില്ലെങ്കിലും മണ്ഡലത്തിലെ പ്രവര്‍ത്തന പരിപാടികളില്‍ താന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും ധര്മ്മജന് വ്യക്തമാക്കി.