NEWS

കാർട്ടൂൺ അവാർഡ് വിവാദം വീണ്ടും ആളിപ്പടരുന്നു, ലളിതകലാ അക്കാദമി പ്രതിക്കൂട്ടിൽ

ഇംഗ്ളണ്ട്, ചൈന, യു.എസ്.എ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾക്കിടയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ‘കാവി ധരിച്ച ഗോവിനെ’ ചിത്രീകരിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളക്കൻ കേന്ദ്രകഥാപാത്രമായ കാർട്ടൂണിന് ക്രൈസ്തവ ചിഹ്നങ്ങൾ ഉപയോഗിച്ചുവെന്ന് ആരോപിച്ച് വൻ വിവാദമാണ് ഉയർന്നത്

ലളിതകലാ അക്കാദമി വീണ്ടും കാർട്ടൂൺ അവാർഡ് വിവാദത്തിൽ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അവാർഡുകളിൽ ഓണറബിൾ മെൻഷൻ പുരസ്കാരം ലഭിച്ച ‘കോവിഡ് ഗ്ളോബൽ മെഡിക്കൽ സമ്മിറ്റ്’ എന്ന അനൂപ് രാധാകൃഷ്ണൻ വരച്ച കാർട്ടൂൺ ആണ് വിവാദത്തിലായത്. ഇംഗ്ളണ്ട്, ചൈന, യു.എസ്.എ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾക്കിടയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ‘കാവി ധരിച്ച ഗോവിനെ’ ചിത്രീകരിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. മൂന്ന് ദിവസം മുമ്പാണ് അവാർഡ് പ്രഖ്യാപിച്ചതെങ്കിലും ഇപ്പോഴാണ് ആക്ഷേപമുയരുന്നത്.
മിതമായ ഭാഷയിൽ പറഞ്ഞാൽ പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ വിമർശിച്ചു. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തയ്യാറായാൽ അതിനെ എതിർക്കാൻ നാടിനെ സ്നേഹിക്കുന്നവർക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ല. നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കിൽ ജനങ്ങൾക്ക് അതേറ്റെടുക്കേണ്ടി വരുമെന്ന് സുരേന്ദ്രൻ മുന്നറിയിപ്പു നൽകി.
നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളക്കൻ കേന്ദ്രകഥാപാത്രമായ കാർട്ടൂണിന് ക്രൈസ്തവ ചിഹ്നങ്ങൾ ഉപയോഗിച്ചുവെന്ന് ആരോപിച്ച് കെ.സി.ബി.സി രംഗത്ത് വന്നിരുന്നു. അവാർഡ് പുനപ്പരിശോധിക്കാൻ സർക്കാർ അക്കാദമിയോട് നിർദേശിച്ചുവെങ്കിലും തീരുമാനം അക്കാദമി മാറ്റിയില്ല. ഇതിന് പിന്നാലെയാണ് വീണ്ടും കാർട്ടൂൺ വിവാദമുയരുന്നത്. പ്രഖ്യാപിച്ച അവാർഡ് പിൻവലിച്ച് മാപ്പ് പറയണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.

ദേശദ്രോഹപരമായ കാർട്ടൂണിന് അവാർഡ് നൽകിയെന്ന് ആരോപിച്ച് ബി.ജെ.പി ലളിതകലാ അക്കാദമിക്ക് മുന്നിൽ പ്രതിഷേധിച്ചു. അക്കാദമി അവാർഡ്‌ നൽകിയ അനൂപ് രാധാകൃഷ്ണൻ വരച്ച ‘കോവിഡ് ഗ്ളോബൽ മെഡിക്കൽ സമ്മിറ്റ്’ എന്ന കാർട്ടൂൺ കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരം ലഭിച്ച അനൂപ് രാധാകൃഷ്ണന്‍ യൂണിവേഴ്സിറ്റി തലത്തില്‍ കാര്‍ട്ടൂണിന് അഖിലേന്ത്യാ പുരസ്‌കാരം ലഭിച്ചിട്ടുള്ള ചിത്രകാരനാണ്.

Back to top button
error: