
ആഗോള വ്യാപകമായി സമ്പദ്ഘടനകള്‍ തിരിച്ചുവരുന്നതും കോവിഡ് വാക്സിന് ഫലപദമായി ഉപയോഗിക്കാന്‍ തുടങ്ങിയതും സ്വര്‍ണവിലയെ ബാധിച്ചു. അതിന്റെ ഭാഗമായി 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണവില. പവന് 520 രൂപയാണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഒരു പവന് 33,440 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്
ഗ്രാമിന് 65 രൂപ കുറഞ്ഞ് 4,180 രൂപയായി. ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍നിന്ന് വിലയിലുണ്ടായ ഇടിവ് 8,560 രൂപയായി. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,711 ഡോളറായാണ് കുറഞ്ഞത്. യുഎസ് ട്രഷറി നിക്ഷേപത്തില്‍നിന്നുള്ള ആദായം കൂടിനില്‍ക്കുന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്. ഒന്നര ശതമാനത്തിനടുത്താണ് നിക്ഷേപത്തിലെ നിലവിലെ ആദായം. അതുകൊണ്ടുതന്നെ വരുമാനമൊന്നും ലഭിക്കാത്ത സ്വര്‍ണത്തില്‍നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വാങ്ങി.
അതേസമയം, ദേശീയ വിപണിയില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വില 44,768 രൂപയാണ്. പത്തുമാസത്തെ താഴ്ന്ന നിലവാരമാണിത്.ഏറ്റവും ഉയര്‍ന്ന നിലവാരമായ 56,200 രൂപയില്‍നിന്ന് 11,500 രൂപയാണ് കുറഞ്ഞത്. ഈവര്‍ഷം തുടക്കംമുതലാണെങ്കില്‍ 5000 രൂപയിലധികമാണ് കുറഞ്ഞത്.