
വായ്പ എടുക്കാത്തവരായി ആരും തന്നെ കാണില്ല. വീട്, വിദ്യാഭ്യാസം, വിവാഹം,ആശുപത്രി തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കാണ് നാം വായ്പയ്ക്കായി ബാങ്കുകളെ ആശ്രയിക്കുക. എന്നാല്‍ ഉയര്‍ന്ന പലിശ നിരക്ക് പലപ്പോഴും വായ്പ എടുക്കുന്നതില്‍ തടസ്സമാകാറുണ്ട്.
ക്രെഡിറ്റ് സ്കോര്‍ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ബാങ്കുകള്‍ ഭവനവായ്പയുടെ പലിശ നിര്‍ണയിക്കുന്നതും വായ്പ അനുവദിക്കുന്നതും. ഉയര്‍ന്ന സ്കോറുള്ളവര്‍ക്ക് റിസ്ക് കുറയും എന്നതാണ് ഇതിന് പിന്നിലെ വസ്തുത. ക്രെഡിറ്റ് സ്കോറിന് അനുസൃതമായി വ്യത്യസ്ത നിരക്കിലാണ് പലിശ ഈടാക്കുന്നത്. ഇതടക്കമുള്ള വായ്പ യോഗ്യതകള്‍ സ്വയം വിലയിരുത്തിയ ശേഷം വേണം അനുയോജ്യമായ നിരക്കും സ്ഥാപനവും തിരഞ്ഞെടുക്കേണ്ടത്.
ഭവനവായ്പ എടുത്തവരുടെ പ്രധാന പരാതിയാണ് എത്ര അടച്ചാലും വായ്പ തീരില്ല എന്നത്. പ്രധാനമായും ആദ്യ വര്‍ഷങ്ങളില്‍ പലിശ മാത്രം അടഞ്ഞു പോകുന്നതാണ് ഇതിനു കാരണം. പരാമാവധി കുറഞ്ഞ പലിശയുളള വായ്പ എടുക്കുന്നത് തന്നെയാണ് ഇത്തരം അവസരങ്ങളില്‍ നല്ലത്. ഇപ്പോഴിതാ വായ്പ എടുക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. എസ്ബിഐയ്ക്ക് പിന്നാലെ കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹൗസിങ് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്പറേഷന് എന്നീ സ്ഥാപനങ്ങളും ഭവന വായ്പ പലിശ നിരക്ക് കുറച്ചു.
5 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉളളവര്‍ക്ക് 6.75 ശതമാനം പലിശയ്ക്ക് ഭവന വായ്പ ലഭിക്കും. മാര്‍ച്ച് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
കൊട്ടക് മഹീന്ദ്ര ബാങ്കും എസ്ബിഐ പോലെ തന്നെ 10 ബേസിസ് പോയിന്റാണ് കുറച്ചത്. ഇതോടെ 6.65 പലിശയ്ക്ക് വായ്പ ലഭിക്കും. മാര്‍ച്ച് 31 വരെയാണ് ഇതിന്റെ കാലാവധി. വിപണിയില്‍ ഏറ്റവും കുറഞ്ഞ നിരക്കും കൊട്ടക്കിന്റേതാണ്. പുതിയതായി വായ്പ എടുക്കുന്നവര്‍ക്കും നിലവില്‍ വായ്പ എടുത്തിട്ടുളളവര്‍ക്കും നിരക്ക് കുറച്ചതിന്റെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഈ മാസം അവസാനം വരെയാണ് എസ്ബിഐയുടെ പ്രത്യേക ഓഫര്‍. മികച്ച സിബില്‍ സ്കോറുളളവര്ക്ക് ഇതുപ്രകാരം 6.70 ശതമാനം പലിശയ്ക്ക് എസ്ബിഐ ഭവന വായ്പ നല്‍കും. സമീപ ഭാവിയില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താത്തതിനാല്‍ ഭവന വായ്പ പലിശ കൂടാന്‍ സാധ്യതയില്ലെന്നാണ് വിപണയിലെ കണക്കുകൂട്ടല്‍.