
17 കാരിയായ മകളുടെ തല വെട്ടിയെടുത്ത് റോഡിലൂടെ നടന്ന് പിതാവ്. ഉത്തർപ്രദേശിലെ ഹർഡോയ് ജില്ലയിലാണ് സംഭവം.
മകളുടെ പ്രണയബന്ധത്തിൽ പിതാവ് സർവേശ് അസ്വസ്ഥനായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി പിതാവ് പെൺകുട്ടിയുമായി വഴക്കിടാറുണ്ടായിരുന്നു. എന്നാൽ പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല.
പച്ചക്കറി കച്ചവടക്കാരൻ ആയിരുന്നു സർവേശ്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയുടെ തല ഇയാൾ വെട്ടിയെടുക്കുക ആയിരുന്നു. പിന്നീട് വെട്ടിയെടുത്ത തലയുമായി ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് റോഡിലൂടെ നടന്നു.
ഭയചകിതരായ നാട്ടുകാർ അറിയിച്ചതിനെതുടർന്ന് പൊലീസെത്തി റോഡിൽ വച്ച് തന്നെ ഇയാളെ പിടികൂടുകയായിരുന്നു.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
2019 ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഏറ്റവും കൂടുതൽ അതിക്രമം നടന്നിട്ടുള്ളത് ഉത്തർപ്രദേശിലാണ്. 59,853 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്താകെയുള്ള കേസുകളിൽ 14.7 ശതമാനവും ഉത്തർപ്രദേശിലാണ്.