
പെട്രോൾ ഡീസൽ വില സാധാരണക്കാരുടെ നട്ടെല്ലൊടിച്ച് കുതിച്ചുയരുകയാണ്. പെട്രോൾ വില നൂറിലേക്ക് കുതിക്കുകയാണ്. ഡീസൽ വില തൊണ്ണൂറിലേക്കും. ഈ പശ്ചാത്തലത്തിലാണ് എക്സൈസ് നികുതി വെട്ടിക്കുറച്ചാൽ സർക്കാറിന് ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ഒന്ന് പരിശോധിക്കാം എന്ന് കരുതിയത്.
സർക്കാരിന്റെ വരുമാന ലക്ഷ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ എക്സൈസ് നികുതി എട്ടര രൂപയോളം കുറയ്ക്കാനാകും എന്നാണ് കണക്ക്. ഏപ്രിൽ 2021 മുതൽ മാർച്ച് 2022 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഈ പോക്ക് പോയാൽ സർക്കാരിന് ചുരുങ്ങിയത് 4.35 ലക്ഷം കോടി രൂപ ഇന്ധനത്തിൽ നിന്ന് നികുതിയായി കിട്ടും. ബജറ്റിൽ സർക്കാർ കണക്കാക്കിയതോ 3.2 ലക്ഷം കോടിയും. അതായത് എക്സൈസ് തീരുവ ലിറ്ററിന് എട്ടര രൂപ കുറച്ചാലും സർക്കാരിന് പ്രതീക്ഷിത വരുമാനം കിട്ടും എന്ന് അർത്ഥം.
മാർച്ച് 2020നും മെയ് 2020 നും ഇടയ്ക്ക് പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും ആണ് എക്സൈസ് തീരുവ കൂട്ടിയത്. ഇപ്പോഴത് ലിറ്ററിന് ഡീസലിന് 31 രൂപ 80 പൈസയും പെട്രോളിന് 32 രൂപ 90 പൈസയും ആണ്.
പെട്രോൾ വിലയുടെ 60 ശതമാനവും ഡീസൽ വിലയുടെ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്.