
കളമശേരി പോലീസ് സ്റ്റേഷനില്‍ വെന്‍ഡിംഗ് മെഷിന് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത പോലീസ് ഉദ്യോഗസ്ഥനെ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ സസ്പെന്‍ഡ് ചെയ്ത സംഭവം വീണ്ടും ചര്‍ച്ചയാവുകയാണ്. സസ്പെന്‍ഷനിലായ സിപിഒ പി.എസ് രഘു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് കാരണമായത്.
‘മരണം കൊണ്ട് എല്ലാം അവസാനിക്കുമോ… ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ല. നല്ല ചങ്കൂറ്റമുള്ളവരാണ്’, എന്നാണ് രഘു ഫേസ്ബുക്കില്‍ കുറിച്ചത്. രഘുവിന്റെ പോസ്റ്റ് ഇതിനോടകം തന്നെ പൊലീസുകാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. രഘുവിനോടൊപ്പം നില്‍ക്കണമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ വൈന്‍ഡിംഗ് മെഷീന് ഉള്‍പ്പെടെ സ്ഥാപിച്ചത് മേലുദ്യോഗസ്ഥരെ അറിയിക്കാതെയാണെന്ന് ആരോപിച്ച് പിഎസ് രഘുവിനെ ഡിസിപി ഐശ്വര്യ ഡോങ്റെ സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് വേണ്ടിയാണ് വെന്‍ഡിംഗ് മെഷിന് സ്ഥാപിച്ചത്. രഘുവിന്റെ നേൃത്വത്തിലായിരുന്നു പോലീസുകാര്‍ത്തന്നെ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ബിസ്കറ്റും തണുത്ത വെള്ളവും നല്കുന്ന പദ്ധതി നടപ്പാക്കിയത്.ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അക്ഷയപാത്രം എന്ന പേരില്‍ പദ്ധതി നടപ്പിലാക്കിയത്. അതേസമയം, ഉദ്ഘാടനത്തിനു ഡിസിപിയെ ക്ഷണിക്കാതിരുന്നതാണ് സസ്പെന്ഷന് വഴിവച്ചതെന്നാണ് പൊലീസുകാര്‍ക്കിടയിലെ സംസാരം.
നേരത്തെ കോവിഡ് സമയത്ത് നെടുമ്പാശേറി വിമാനത്താവള പരിസരത്തു വെച്ച് പഴ്സ് നഷ്ടപ്പെട്ട ഫ്രഞ്ച് വനിതയെ കൊവിഡ് ഉണ്ടെന്ന് ഭയന്ന് ആളുകള്‍ അകറ്റി നിര്‍ത്തിയതോടെ രഘുവെത്തി ഇവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുകയും ഫ്രഞ്ച് എംബസിയെ അറിയിച്ച് സഹായമെത്തിക്കുകയും ചെയ്തിരുന്നു. ഇവര്‍ കയറിയ ഓട്ടോ സിസിടിവി ഉപയോഗിച്ച് കണ്ടെത്തി പഴ്സ് ഇവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അന്ന് കൊച്ചി ഐജിയായിരുന്ന വിജയ് സാഖറെ ക്യാഷ് അവാര്‍ഡും പ്രശ്സ്തി പത്രവും നല്കി ഇദ്ദേഹത്തെ അനുമോദിച്ചിരുന്നു.
ഡിസിപി ഐശ്വര്യ ഡോങ്റെ ഇതാദ്യമായല്ല വിവാദങ്ങളിലിടം നേടുന്നത്. നേരത്തെ, ഐശ്വര്യ, മഫ്തി വേഷത്തിലെത്തിയപ്പോള്‍ പോലീസ് സ്റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ വനിതാ പോലീസുകാരിക്കെതിരെ നടപടി സ്വീകരിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പാറാവിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ ഐശ്വര്യയെ തടഞ്ഞത്. ഐശ്വര്യ യൂണിഫോമിലല്ലായിരുന്നുവെന്നും മാസ്ക് ധരിച്ചതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ലെന്നും കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്റ്റേഷനകത്തേക്ക് ആളുകളെ കയറ്റുന്നതിലും നിയന്ത്രണമുണ്ടെന്ന് അറിയിച്ചിട്ടും ഐശ്വര്യ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. തുടര്‍ന്ന് ഇവരെ ഐശ്വര്യ സസ്പെന്‍ഡ് ചെയ്തു.സംഭവത്തില്‍ ഡി സി പി ക്ക് താക്കീത് ലഭിക്കുകയും ചെയ്തിരുന്നു.