
20 വര്‍ഷം മുമ്പ് മലയാള മനോരമയില്‍ ട്രെയിനിയായിരിക്കുന്ന കാലം. കോവൂര്‍ കുഞ്ഞുമോന് എന്ന ചെറുപ്പക്കാരന് കുന്നത്തൂരില്‍ ആദ്യമായി ഇടതുപക്ഷ സ്ഥാനാര്‍ഥിയാകുമ്പോള്‍ മണ്ഡലം കവര്‍ ചെയ്യാനുള്ള അസുലഭ നിയോഗം വന്നുപെട്ടു. അതും സ്വന്തം മണ്ഡലം. ഇന്ന് തിരുവനന്തപുരം ന്യൂസ് എഡിറ്ററായിരുന്ന മര്‍ക്കോസ് എബ്രഹാം സാറാണ് അന്ന് കൊല്ലത്ത് എഡിറ്റര്‍. പരിചയസമ്പന്നനായ പന്തളം സുധാകരനായിരുന്നു കുഞ്ഞുമോന്റെ എതിരാളി. അന്നത്തെ ലേഖനം തുടങ്ങിയ വരികളാണ് മേലെ കുറിച്ചത്. മണ്ഡലത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന വരികള്‍.
പ്രതീക്ഷ തെറ്റിയില്ല. കോവൂരിലെ സാധാരണക്കാരനായ ആ ചെറുപ്പക്കാരന് വന്‍ ഭൂരിപക്ഷത്തില്‍ നിയമസഭയിലെത്തി. പിന്നെയും പിന്നെയും പിന്നെയും വിജയിച്ചു. 20 വര്‍ഷത്തിനു ശേഷം ഇന്നും കുന്നത്തൂരിനെ പ്രതിനിധീകരിക്കുന്നു.
അന്നു മുതല്‍ തുടങ്ങിയ സൗഹൃദമാണ് കുഞ്ഞുമോനുമായി. പിന്നീട് മനോരമ മുംബൈയ്ക്ക് അയച്ചിട്ടും സൗഹൃദം തുടര്‍ന്നു. ഇന്നും തുടരുന്നു. അതുകൊണ്ട് തന്നെ ഇനിയെഴുതുന്ന വരികള്‍ കുഞ്ഞുമോന് എന്ന വ്യക്തിയെക്കുറിച്ചല്ല, മറിച്ച് അയാളെന്ന ജനപ്രതിനിധി നിരാശപ്പെടുത്തിയ 20 വര്‍ഷങ്ങളെക്കുറിച്ചാണ്. വികസനത്തിന്റെ വഴിയില്‍ കുന്നത്തൂര്‍ എന്ന മണ്ഡലം മരവിക്കപ്പെട്ട 20 വര്‍ഷങ്ങളെക്കുറിച്ച്. അത് സൗഹൃദത്തിന്റെ പേരില്‍ പറയാതിരുന്നാല്‍ ഈ മണ്ഡലത്തിന്റെ ഇനിയുമൊരു അഞ്ചു വര്‍ഷം കൂടി ബലിയര്‍പ്പിക്കപ്പെടും.
15 വര്‍ഷത്തെ നിരാശാ ജനകമായ പ്രകടനത്തിനു ശേഷം 2016 ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്നും സോമപ്രസാദിനെപ്പോലെ ആരെങ്കിലും സ്ഥാനാര്‍ഥിയാകുമെന്നും കുന്നത്തൂരിലെ ജനങ്ങള്‍ വ്യാമോഹിച്ചിരുന്നു. എന്നാല്‍ കുന്നത്തൂരിലെ സിപിഎമ്മിലെ താടി വെച്ച നേതാവും മുതിര്‍ന്ന നേതാവും കൂടി കളിച്ച നാറിയ ഗ്രൂപ്പുകളിയില്‍ കുഞ്ഞുമോന് പിന്നെയും സ്ഥാനാര്‍ഥിയായി തിരിച്ചെത്തി. സോമപ്രസാദിനെ ഒതുക്കാനുള്ള അന്നത്തെ ്ര്രഗൂപ്പ് കളി ജയിച്ചെങ്കിലും അദ്ദേഹം രാജ്യസഭാംഗമായി എന്നത് വേറെ കാര്യം. ഒതുക്കാന്‍ ശ്രമിച്ചവരുടെ ഉദ്ദേശം നടന്നില്ല. നഷ്ടം പിന്നെയും കുന്നത്തൂരിനു മാത്രം. അത് പിന്നെയും അഞ്ചു വര്‍ഷം പിന്നോട്ടു പോയി.
20 വര്‍ഷങ്ങള്‍ ഒരു മനുഷ്യായുസില്‍ വളരെ വലുതാണ്. കുഞ്ഞുമോന് വേണ്ടുന്നതെല്ലാം ഇതിനകം ലഭിച്ചിട്ടുണ്ട്. സിപിഎം ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് കുന്നത്തൂര്‍. ആ മൃഗീയ സ്വാധീനം ഉപയോഗിച്ച് വീണ്ടും ഈ നാട്ടിലെ ജനങ്ങളെ പരീക്ഷിക്കരുത് എന്ന അപേക്ഷ മാത്രമേ സിപിഎമ്മിനോടുള്ളു.
കുഞ്ഞുമോന് പാവം മനുഷ്യനാണ്. പക്ഷേ അത് 20 വര്‍ഷം ജനപ്രതിനിധി ആയിരിക്കാനുള്ള യോഗ്യതയല്ല. കഴിവുകേടിനെ പാവം എന്ന വാക്കു കൊണ്ട് ന്യായീകരിക്കരുത്. ഇവിടുത്തെ ചില താന്‍പോരിമയുള്ള ഇടതുപക്ഷ നേതാക്കള്‍ക്കും സ്വന്തം കാര്യം മാത്രം നോക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും അനിതസാധാരണമായ വിധേയത്വം ലഭിക്കുന്നതു കൊണ്ടു മാത്രം ഇന്നാട്ടിലെ ജനങ്ങളെ ഇനിയും പരീക്ഷിക്കരുത്. അദ്ദേഹത്തിന് നല്ല പെന്ഷന് കിട്ടും. വേണമെങ്കില്‍ ഏതെങ്കിലും ആളില്ലാ കോര്‍പറേഷനുകളില്‍ ചുമതല നല്കി രാഷ്ട്രീയ ശിഷ്ടകാലം കഷ്ടപ്പെടുന്നില്ലെന്നുമുറപ്പ് വരുത്തണം. പക്ഷേ ഒരു വ്യക്തിക്കുവേണ്ടിയോ ഏതാനും വ്യക്തികളുടെ താല്പര്യം സംരക്ഷിക്കാനോ രണ്ടു ലക്ഷത്തില്‍ പരം വോട്ടര്‍മാരെ വീണ്ടും ബലിയാടാക്കരുത്.
പ്ളീസ്..
കുന്നത്തൂരിലെ ഇടതുപക്ഷ നേതൃത്വത്തോടുള്ള ഒരപേക്ഷയാണിത്.
ദയവ് ചെയ്തു കേള്‍ക്കണം.