KeralaNEWS

പത്തനാപുരത്ത് ജ്യോതികുമാർ ചമക്കാലക്കെതിരെ പടയൊരുക്കം, പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് അന്വേഷണം നേരിട്ട ആൾ വേണ്ടെന്ന് കോൺഗ്രസിലെ ഒരു വിഭാഗം

അഞ്ചൽ സ്വദേശിയായ ജ്യോതികുമാറിനെ പത്തനാപുരത്ത് സ്ഥാനാർഥി ആക്കരുത് എന്നാണ് എതിർപക്ഷത്തിന്റെ നിലപാട്

പത്തനാപുരം സീറ്റിൽ ഇത്തവണ കോൺഗ്രസ്‌ പരിഗണിക്കുന്നത് കെ പി സി സി സെക്രട്ടറി ജ്യോതികുമാർ ചമക്കാലയെ ആണ്. എന്നാൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ വേണ്ട എന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം. പാർട്ടിയിൽ അച്ചടക്ക ലംഘനത്തിന് അന്വേഷണം നേരിട്ടയാൾ ആണ് ജ്യോതികുമാർ ചമക്കാല എന്നാണ് പാർട്ടിയിലെ എതിർവിഭാഗം പറയുന്നത്.

2015 ൽ അഞ്ചൽ പഞ്ചായത്തിൽ മാർക്കറ്റ് 15 ആം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥിയായി നൂർജഹാൻ എന്ന കോൺഗ്രസുകാരി മത്സരിച്ചപ്പോൾ സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചു എന്ന ആരോപണം നേരിട്ടയാൾ ആണ് ജ്യോതികുമാർ എന്ന് ഇവർ പറയുന്നു. പുനലൂർ നിയോജക മണ്ഡലത്തിലെ നേതാക്കളുടെ പരാതിയെ തുടർന്ന് കെപിസിസിയുടെ നിർദ്ദേശം അനുസരിച്ച് കൊല്ലം ഡിസിസി വൈസ് പ്രസിഡന്റ് ചിറ്റുമല നാസർ, അഡ്വ. ജർമിയാസ്, കെ ജി രവി തുടങ്ങിയവരെ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നിയോഗിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിൽ ജ്യോതികുമാറിനെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യമുണ്ടായിരുന്നു എന്നും എന്നാൽ കെപിസിസി മൗനം പാലിച്ചുവെന്നും ഈ വിഭാഗം ആരോപിക്കുന്നു.

2016 ൽ ജോൺസൺ എബ്രഹാം പുനലൂർ അസംബ്ലി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ സമാനമായ ആരോപണം നേരിട്ട ജ്യോതികുമാറിനെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് വക്കം പുരുഷോത്തമൻ ചെയർമാനായുള്ള അച്ചടക്കസമിതി കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവർ പറയുന്നു.

ജ്യോതികുമാർ സിൻഡിക്കേറ്റ് അംഗം ആയിരിക്കെ പ്രൊ വൈസ് ചാൻസലറെ ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന ആരോപണത്തിൽ പട്ടികജാതി സംഘടനകൾ ജ്യോതികുമാറിനെതിരെ രംഗത്തുവന്നുവെന്നും ആ പ്രശ്നം തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും ജ്യോതികുമാറിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിൽ അഞ്ചൽ സ്വദേശിയായ ജ്യോതികുമാറിനെ പത്തനാപുരത്ത് സ്ഥാനാർഥി ആക്കരുത് എന്നാണ് എതിർപക്ഷത്തിന്റെ നിലപാട്.കെ ബി ഗണേഷ്‌കുമാറിനെതിരെയുള്ള മത്സരമായതിനാൽ മണ്ഡലത്തിൽ തന്നെ സജീവമായി ഉള്ളവർ ആയ സി ആർ നജീബ്, ശരണ്യ മനോജ്‌ എന്ന സി മനോജ്‌ കുമാർ എന്നിവരെയും ഈ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker