
പുതുപ്പളളിയില്‍ ഇത്തവണയും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കാന്‍ യുവനേതാവ് ജെയ്ക്ക് സി തോമസ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. അതേസമയം, കോട്ടയത്ത് അഡ്വ. കെ. അനില്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാനും തീരുമാനമായി.
ഏറ്റുമാനൂരില്‍ സിറ്റിങ് എംഎല്‍എ കെ. സുരേഷ് കുറുപ്പ് , പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് എന്നിവരെയാണ് നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും
ഇരുവര്‍ക്കും മത്സരിക്കാന്‍ പാര്‍ട്ടി ഇളവ് അനുവദിക്കേണ്ടതുണ്ട്. ആര്‍ക്ക് ഇളവ് അനുവദിക്കും എന്നത് അനുസരിച്ചായിരിക്കും ഇവരുടെ സ്ഥാനാര്‍ഥിത്വം നിശ്ചയിക്കുക.
2016ലെ തിരഞ്ഞെടുപ്പിലാണ് ജെയ്ക്ക് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചത്. അന്ന്
ജെയ്ക്ക് 44,505 വോട്ട് നേടിയിരുന്നു. ഉമ്മന്‍ചാണ്ടിക്ക് അന്ന് 71,597 വോട്ടാണു ലഭിച്ചത്. ജെയ്ക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്.
കോട്ടയത്ത് സ്ഥാനാര്‍ഥിയാകുന്ന അഡ്വ. കെ. അനില്‍കുമാര്‍ സഹകരണ അര്‍ബന്‍ ബാങ്ക് മുന്‍ പ്രസിഡന്റാണ്. മീനച്ചിലാര്‍-മീന്തറയാര്‍-കൊടൂരാര്‍ നദീ പുനര്‍സംയോജനപദ്ധതി കോ-ഓര്‍ഡിനേറ്ററുമാണ്.