ColumnTRENDING

ആരെയും ഭാവഗായകനാക്കുന്ന ആത്മരാഗം,ഗായകൻ ജയച്ചന്ദ്രന് ഇന്ന് ജന്മദിനം

ജിതേഷ് മംഗലത്ത്

ആൺപ്രണയം ശബ്ദരൂപം പൂണ്ടാൽ എങ്ങനെയിരിക്കും എന്നതിന് എനിക്കന്നുമിന്നും ഒരൊറ്റയുത്തരമേയുള്ളൂ.

‘എൻപ്രേമഗാനത്തിൻ ഭാവം നിൻ നീലക്കൺപീലിയായി എന്നും, മാരിമുകിലിൻ തേന്മാവിന്റെ മലരണിയും കൊമ്പത്ത് ആടാനും പാടാനും പൊന്നൂഞ്ഞാൽ കെട്ടിയെന്നും, ഇന്ദ്രനീലം തുളുമ്പും നിൻ കണ്ണിലെന്നും പാടാൻ, പ്രണയത്തിന്റെ പഴച്ചാർ ഓരോ അക്ഷരത്തിലും നിറയ്ക്കാൻ, പ്രണയം കൊണ്ട് വിതുമ്പാൻ, പ്രണയത്തിനാൽ വിറയ്ക്കാൻ, അതിൽ മുങ്ങിത്താണൊരു ജലബിന്ദുവായ് മോക്ഷം നേടാൻ’ നമുക്ക് ശബ്ദരൂപത്തിൽ ഒരൊറ്റ പ്രണയഗായകനേ ഉണ്ടായിട്ടുള്ളൂ.
തൻ്റെ ഹൃദയത്തിലെ ചന്ദനവാതിൽ അദ്ദേഹം നമുക്കായി മാത്രം തുറന്നു… നമ്മളെയുറക്കാൻ പഴയൊരു ഗസലിലെ നിർവൃതിയെല്ലാം അദ്ദേഹം നമുക്കായി പകർന്നു.

അതെ, ജയചന്ദ്രനാണ് എനിക്കെന്നും അനുരാഗം മീട്ടുന്ന ഗന്ധർവ്വൻ.ഞാൻ സ്വപ്നം കണ്ട പാട്ടുകളുടെയെല്ലാം ഉടയോൻ, ആകാശത്തോപ്പിന്റെ ഒരേയൊരു കിന്നരൻ.ഇരുട്ടിനെ നിലാവ് പുൽകുന്ന രാവ്…ശബ്ദത്തെ നിർവചിക്കുന്നത് നിശ്ശബ്ദത മാത്രമാകുന്ന അപൂർവ്വ മാത്ര.അതിനെ തലോടുന്ന, ഒരു കരിമ്പടം പോലെ മൂടുന്ന സാന്ദ്രമായ ഒരു പുരുഷ ശബ്ദം.

“നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ
നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍
ചന്ദന മണമൂറും നിന്‍ ദേഹമലര്‍വല്ലി
എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ ”
പരമാനന്ദം എന്താണെന്ന് നമ്മൾ തിരിച്ചറിയുന്ന നിമിഷമാണത്.

ജയചന്ദ്രനെന്ന ഗായകൻ പ്രണയത്തിന്റെ, ഭാവഗരിമയുടെ ശബ്ദരൂപമാകാൻ തുടങ്ങിയിട്ട് അമ്പതു വർഷത്തിലധികമായി.ശ്രീകുമാരൻ തമ്പി എഴുതി, എം.കെ അർജുനൻ ഈണമിട്ട ഈ പാട്ട് എപ്പോൾ കേൾക്കുമ്പോഴും പ്രണയമൊരു പുതപ്പു പോലെ എന്നെ സർവ്വാംഗം പുണരാറുണ്ട്.

മറ്റൊരു ശബ്ദത്തിനും ഉണർത്താനാവാത്ത ഭാവപ്രപഞ്ചമാണ് ജയചന്ദ്രഗാനങ്ങളുടെ പ്രത്യേകത. ആ ശബ്ദം തന്നെ അനുകരണങ്ങളുടെ എല്ലാ സാധ്യതകൾക്കും അപ്പുറത്താണ്.അതുകൊണ്ടു തന്നെയാണ് യേശുദാസിനെ അനുകരിക്കുന്ന ഗായകർ എത്രയോ ഉണ്ടായിട്ടും, ജയചന്ദ്രനെ അനുകരിക്കുന്ന ഒരാൾ പോലും ഉണ്ടാവാതിരുന്നതും.

എല്ലാ അർത്ഥത്തിലും അദ്ദേഹം അനന്യനാണ്.1968 ൽ ‘പൂവും പ്രസാദവും ഇളനീർക്കുടവുമായി കാവിൽ വരുന്നവളെ’ക്കുറിച്ചു പാടിയ ആ ശബ്ദത്തിൽ നിന്നും വലിയ വ്യത്യാസമൊന്നുമില്ല,2019 ൽ അതിരനു വേണ്ടി ‘ആട്ടു തൊട്ടിൽ കൂട്ടിനുള്ളിലെ കൺമണി’യെക്കുറിച്ചു പാടിയ ശബ്ദത്തിന്.

അന്ന് ദേവരാജൻ മാഷിനു വേണ്ടി പാടിയ അതേ ഭാവസുഭഗത തന്നെയാണ് ഇന്ന് പി.എസ് ജയഹരിക്കു വേണ്ടി പാടുമ്പോഴും ജയചന്ദ്രന്റെ ശബ്ദത്തിനുള്ളത്.ആലാപന ശൈലിയിൽ പോലും അദ്ദേഹം പ്രകടമായ മാറ്റത്തിന് മുതിർന്നിട്ടില്ല.

“മഞ്ഞിന്റെ മുഖപടമഴിക്കൂ എന്നെ നിൻ
മാദകഗന്ധം നുകർന്നു കിടക്കാൻ അനുവദിക്കൂ ” എന്ന് 1975 ൽ ജയചന്ദ്രൻ പാടിയെങ്കിൽ 2002 ൽ അതേ മനുഷ്യൻ അതേ ശൈലിയിൽ തന്നെ “മുഴുതിങ്കളുദിക്കുന്ന മുകിലോരം മുരശൊലി മുഴക്കണതാരാണ് ” എന്നു പാടി.

അപ്ഡേഷന്റെ ഒരാവശ്യവും വന്നിട്ടില്ലാത്ത അര നൂറ്റാണ്ട്.അത്ഭുതമാണീ മനുഷ്യൻ. രണ്ടാമനെന്ന നിഴലിൽ നിന്നിട്ടും, ഭാവഗായകനെന്ന സുവർണ സ്പർശമണിയാൻ ഭാഗ്യം കിട്ടിയ ജന്മം…!

“ഒരാൽമരം, മറ്റൊന്നിനെ അതിന്റെ ചുവട്ടിൽ വളരാൻ അനുവദിക്കില്ല. പക്ഷേ അതു സാധ്യമാണെന്ന് ജയചന്ദ്രൻ തെളിയിച്ചു ” എന്ന് ശ്രീകുമാരൻ തമ്പി ഒരിടത്ത് നിരീക്ഷിക്കുന്നുണ്ട്. എല്ലാ തടസ്സങ്ങളേയും അലിയിച്ചു കളയാനുള്ള സാന്ദ്രത ആ ശബ്ദത്തിനുണ്ടായിരുന്നു എന്നു വേണം കരുതാൻ.

സംഗീതം തന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും എങ്ങനെയൊക്കെ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് വളരെ സരസമായി ജയചന്ദ്രൻ ഓർത്തെടുക്കുന്നത് ഒരിക്കൽ കേട്ടിട്ടുണ്ട്. കോളേജിൽ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ നടക്കുന്നു.

ഒരു തരത്തിലും റിസൾട്ട് കിട്ടുന്നില്ല. ഒടുവിൽ ലാബ് അസിസ്റ്റന്റിന് ഒരു പാട്ട് പാടിക്കൊടുത്താണത്രേ രക്ഷപ്പെട്ടത്.”കണ്ണുനീർ മുത്തുമായ് ” എന്ന ഗാനമാണ് അന്നു പാടിയതെന്ന് ഉറക്കെ ചിരിച്ചു കൊണ്ട് കൂട്ടിച്ചേർക്കുന്നുണ്ട് ജയചന്ദ്രൻ.

യേശുദാസെന്ന മഹാമേരു മുമ്പിലുള്ളതു കൊണ്ടു തന്നെ കരിയർ ജയചന്ദ്രന് എന്നും ഒരു വെല്ലുവിളിയായിരുന്നു, അദ്ദേഹമതിനെ അങ്ങനെ കണക്കാക്കിയിരുന്നില്ലെങ്കിൽ പോലും.യേശുദാസല്ലാതെയും തടസ്സങ്ങൾ ഇടക്കിടെ അദ്ദേഹമത്തിൻ്റെ കരിയറിനെ അലട്ടിക്കൊണ്ടിരുന്നു.

“നീലമല പൂങ്കുയിലേ… ” എന്ന പാട്ട് എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കൊണ്ടു പാടിക്കാൻ ഉണ്ടായ സകല സമ്മർദ്ദങ്ങളേയും അതിജീവിച്ചു കൊണ്ടാണ് രാഘവൻ മാഷ് ആ പാട്ട് തനിക്കു നൽകിയതെന്ന് നന്ദിപൂർവ്വം ഓർത്തെടുക്കുന്നുണ്ട് ജയചന്ദ്രൻ.

ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയില്ലാതെ തന്നെയാണ് അദ്ദേഹം മലയാളിയുടെ സംഗീത ശീലത്തിന്റെയും, സ്നേഹത്തിന്റെയും വലിയൊരു പങ്ക് പിടിച്ചു പറ്റിയെന്നാലോചിക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്.

“രാഗം ശ്രീരാഗം ” പോലുള്ള അർദ്ധശാസ്ത്രീയ ഗീതങ്ങൾ ജയചന്ദ്രൻ പാടുന്നതു കേൾക്കുവാൻ ഒരു പ്രത്യേക സുഖമാണ്. പാട്ടുകളുടെ എണ്ണത്തിൽ യേശുദാസിനേക്കാൾ ഒരു പാടു പടികൾ താഴെ നിൽക്കുമ്പോഴും, ചിദാകാശ സ്മൃതികളായി അടയാളപ്പെട്ട ഗാനങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഗാനഗന്ധർവന് സമശീർഷൻ തന്നെയാണ്. കൺവേർഷൻ റേറ്റിന്റെ കാര്യമെടുക്കുമ്പോൾ ജയചന്ദ്രന് തുല്യനായി മലയാള ചലച്ചിത്ര സംഗീത ലോകത്ത് മറ്റൊരാളില്ലെന്ന് സമ്മതിക്കേണ്ടി വരും.

വ്യക്തിപരമായി പറയുമ്പോൾ ഉച്ചാരണശുദ്ധിക്ക് പ്രാധാന്യം കൊടുക്കുന്ന യേശുദാസ് ശൈലിയേക്കാൾ എനിക്ക് പഥ്യം ഭാവാത്മകതയിൽ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാവാത്ത ജയചന്ദ്രന്റെ ശൈലി തന്നെയാണ്.

‘വിണ്ണിലെ സുധാകരനാണോ, വിരഹിയായ കാമുകനാണോ ആരാണ് നിന്റെ ചിന്തകളെ ഉണർത്തുന്നതെ’ന്ന് ചോദിക്കുമ്പോൾ ആ ശബ്ദം പ്രണയാതുരമായ എത്രയെത്ര പെൺമനങ്ങളെ തൊട്ടുണർത്തിക്കാണും… ?

‘മാനവ സുഖമെന്ന മായാമൃഗത്തിനെ തേടുന്ന ഏകാന്ത പഥിക’നെന്ന് സ്വയം സമ്മതിക്കുമ്പോൾ എത്രയെത്ര പേർ ജീവിതത്തിന്റെ വ്യർത്ഥതയെക്കുറിച്ചോർത്തു കാണും…?

‘തങ്കമേ നിന്‍ മേനി കണ്ടാല്‍ കൊതിക്കാത്ത
തങ്കവും വൈരവുമുണ്ടോ’ എന്നു ചോദിച്ചപ്പോൾ ലജ്ജയാൽ കൂമ്പിപ്പോയ എത്രയെത്ര ആമ്പൽപ്പൂക്കൾ കാണും…?

‘ഇഷ്ടപ്രാണേശ്വരിക്ക് നീട്ടിയ ഏദൻ തോട്ടത്തിൽ’ സ്വയം മറന്നു നൃത്തം ചെയ്ത എത്രയെത്ര പ്രണയ ശരീരങ്ങൾ കാണും…?

യേശുദാസ് ചിന്തകൾക്കുമപ്രാപ്യമായ പൂർണ്ണതയുടെ സൂര്യരൂപമായിരുന്നെങ്കിൽ ഒരു കൈക്കുമ്പിൾ ജലത്തിൽ ഒതുങ്ങിക്കൂടിയ ഒരു നക്ഷത്രത്തിളക്കമായിരുന്നു ജയചന്ദ്രൻ. പക്ഷേ ആ കൈക്കുമ്പിൾ ജലത്തിൽ ചെവിയോർത്താൽ ഒരു കടലിരമ്പം കേൾക്കാം; പ്രണയത്തിന്റെയും , വിരഹത്തിന്റെയും, പ്രതീക്ഷയുടെയും, കാത്തിരിപ്പിന്റെയും അത്രമേൽ പ്രിയതരമായ കടലിരമ്പം.

ജനിച്ചതും, ജീവിക്കുന്നതും അദ്ദേഹത്തിൻ്റെ പാട്ടുകളിലൂടെയാകുന്നത് ഒരു വലിയ ഭാഗ്യമാണ്. നന്ദിപൂർവ്വം ഭാവഗായകന്, മലയാളിയുടെ ഒരേയൊരു ജയചന്ദ്രന് ജന്മദിനാശംസകൾ…

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker