
കോൺഗ്രസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിപ്പോയി എന്ന് സമ്മതിച്ച് പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. അപ്പോഴും പാർട്ടി, ഭരണഘടന സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ശ്രമിച്ചില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ നടപടി തെറ്റ് എന്ന് പറഞ്ഞ രാഹുൽ ഗാന്ധി എന്നാൽ ഇന്ത്യയിൽ ഇന്ന് നടക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് എന്ന് വ്യക്തമാക്കി.സ്വതന്ത്ര സ്ഥാപനങ്ങളെല്ലാം പിടിച്ചെടുക്കാൻ ആർഎസ്എസ് ശ്രമിക്കുക ആണെന്ന് രാഹുൽഗാന്ധി കുറ്റപ്പെടുത്തി.
കോണൽ സർവകലാശാലയിലെ പ്രൊഫ. കൗഷിക് ബാബുവുമായി ആശയവിനിമയം നടത്തുകയായിരുന്നു രാഹുൽഗാന്ധി.
” അടിയന്തരാവസ്ഥ തെറ്റു തന്നെയായിരുന്നു. ഒരു വലിയ തെറ്റ്. എന്നാൽ ഇന്ന് നടക്കുന്നതും അന്ന് നടന്നതുമായുള്ള കാര്യങ്ങൾ വ്യത്യസ്തമാണ്. ഞങ്ങൾ ഭരണഘടന സ്ഥാപനങ്ങളെ അധീനതയിൽ ആക്കാൻ ശ്രമിച്ചിട്ടില്ല. അങ്ങനെ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചാലും ഞങ്ങൾക്ക് കഴിയില്ല. ” രാഹുൽ ഗാന്ധി പറഞ്ഞു
അടിയന്തരാവസ്ഥ തെറ്റാണെന്ന് ഗാന്ധി കുടുംബത്തിൽനിന്ന് അപൂർവമായാണ് ഒരാൾ പറയുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞിരുന്നു. 1978 ജനുവരി 24ന് മഹാരാഷ്ട്രയിലെ ഒരു റാലിയിൽ 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിപ്പോയി എന്ന് ഇന്ദിരാഗാന്ധി തന്നെ സമ്മതിച്ചിരുന്നു.
” ഭരണഘടനാ സ്ഥാപനങ്ങളിൽ അവരുടെ ആളുകളെ കുത്തി കയറ്റുകയാണ്. ഇനി ബിജെപി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും അവരുടെ ആളുകൾ ഈ സംവിധാനത്തിൽ നിറഞ്ഞിരിക്കും. ” രാഹുൽ ഗാന്ധി പറഞ്ഞു.
” ആധുനിക ജനാധിപത്യ സംവിധാനത്തിൽ ഭരണഘടനാ സ്ഥാപനങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കണം. എന്നാൽ ആ സ്വാതന്ത്ര്യമാണ് ഇന്ന് ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നത് . ആർഎസ്എസ് എന്ന വലിയ സംവിധാനം രാജ്യത്തെ സംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറിയിരിക്കുകയാണ്. വളരെ ശാസ്ത്രീയമായാണ് ഓരോ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നത്. ” രാഹുൽ ഗാന്ധി ആരോപിച്ചു.
” നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ, ഭരണസംവിധാനങ്ങൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങി ഓരോ സ്ഥാപനങ്ങളിലും തങ്ങളുടെ ആശയമുള്ളവരെ കുത്തിക്കയറ്റുകയാണ് ഇവർ ചെയ്യുന്നത്. ” രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി.
കോൺഗ്രസിലെ ആഭ്യന്തര ജനാധിപത്യത്തെക്കുറിച്ചും രാഹുൽ ഗാന്ധിയോട് ചോദ്യങ്ങൾ ഉണ്ടായി. യൂത്ത് കോൺഗ്രസിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്തിയതിന്റെ പേരിൽ കുരിശിലേറ്റപ്പെട്ടവൻ ആണ് താൻ എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
” യൂത്ത് കോൺഗ്രസിലും വിദ്യാർഥി സംഘടനയിലും തെരഞ്ഞെടുപ്പ് വേണമെന്ന് വാശി പിടിച്ച് ആളാണ് ഞാൻ. എന്നാൽ അതിന്റെ പേരിൽ ഞാൻ കുരിശിലേറ്റപ്പെട്ടു. എന്റെ പാർട്ടിയിലെ ആളുകൾ തന്നെയാണ് അത് ചെയ്തത്. ” രാഹുൽ ഗാന്ധി വ്യക്തമാക്കി.
” എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. എന്തുകൊണ്ടാണ് കോൺഗ്രസിൽ മാത്രം ആഭ്യന്തര ജനാധിപത്യം ഇല്ല എന്ന് ഏവരും പറയുന്നത്. ബിജെപിയിൽ അത് ഉണ്ടോ എന്ന് ചോദിക്കുന്നുണ്ടോ? ബി എസ്പിയിലും സമാജ് വാദി പാർട്ടിയിലും ആഭ്യന്തര ജനാധിപത്യം ഉണ്ടോ? ” രാഹുൽഗാന്ധി ചോദിച്ചു.
” പക്ഷേ കോൺഗ്രസിന്റെ കാര്യത്തിൽ അത് ചോദിക്കാൻ ഒരു കാരണം ഉണ്ട്. കാരണം ഞങ്ങൾക്ക് ഒരു പ്രത്യശാസ്ത്രം ഉണ്ട്. ഭരണഘടനയോട് ചേർന്നുനിൽക്കുന്ന പ്രത്യശാസ്ത്രം ആണത്. കൂടുതൽ ജനാധിപത്യവൽക്കരിക്കുക എന്ന് തന്നെയാണ് ഞങ്ങൾ ചെയ്യേണ്ടത്. ” രാഹുൽ ഗാന്ധി പറഞ്ഞു.