NEWS

മിസ്കേരള അന്‍സിയും അഞ്ജനയും സുഹൃത്ത് ആഷിഖും കാറപകടത്തില്‍ കൊല്ലപ്പെട്ട രാത്രി, ദുരൂഹതകളുടെ കുരുക്കഴിക്കാൻ പൊലീസ് നെട്ടോട്ടത്തിൽ

മദ്യവും മയക്കുമരുന്നും വിതരണം ചെയ്ത ഡി.ജെ പാർട്ടിയിൽ അന്‍സി കബീറും അഞ്ജന ഷാജനും ആഷിഖും പങ്കെടുത്തിരുന്നോ…? ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടലിലും കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാൻ്റെ വീട്ടിലും തെളിവുകൾ തേടി അരിച്ചു പെറുക്കുകയാണ് പൊലീസ്

കൊച്ചി: മുൻ മിസ് കേരള വിജയികളും സുഹൃത്തും ഉൾപ്പെടെ 3 പേർ കാർ അപകടത്തിൽ മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലീസ് നെട്ടോട്ടത്തിൽ.
ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടലിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. ഹോട്ടലിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുട്ടുണ്ട്. പക്ഷേ ഈ ഹാർഡ് ഡിസ്കിൽനിന്ന് ഡി.ജെ പാർട്ടിയുടെ ദൃശ്യങ്ങൾ നീക്കം ചെയ്തിരുന്നു. തുടർന്ന് ബുധനാഴ്ച വീണ്ടും പോലീസ് പരിശോധന നടത്തി.
മുൻ മിസ് കേരള ഉൾപ്പെടെ കാറപകടത്തിൽ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. അറസ്റ്റിലായ അബ്ദുൽ ഖാദർ ഇടക്കൊച്ചിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്.

കാർ അപകടത്തിനു ശേഷം പിറ്റേ ദിവസം തന്നെ ഡി.ജെ. പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ മാറ്റി എന്നാണ് സംശയിക്കുന്നത്. ബുധനാഴ്ച നടത്തിയ പരിശോധനയിലും ഡി.ജെ പാർട്ടി ദൃശ്യങ്ങൾ പോലീസിന് കണ്ടെടുക്കാനായിട്ടില്ല. എന്നാൽ മറ്റ് ചില വിവരങ്ങൾ അന്വേഷക സംഘത്തിന് ലഭിച്ചതായാണ് വിവരം.
ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടൽ അധികൃതരെ പോലീസ് വിശദമായി ചോദ്യംചെയ്യും. ആരാണ് പാർട്ടി നടത്തിയത് എന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.

ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലാണ് ഈ ഹോട്ടൽ. ഒക്ടോബർ 31-ന് രാത്രി ഇവിടെ നടന്ന പാർട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അൻസി കബീർ, അൻജന ഷാജൻ, ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മുൻ മിസ് കേരള വിജയികളായ അൻസി കബീറും അൻജന ഷാജനും തൽക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖ് പിന്നീടും മരിച്ചു.

കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാൾ വാഹനമോടിച്ചതെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി.
അതിനിടെ, രാത്രി വൈകിയും മദ്യം വിറ്റെന്ന് കണ്ടെത്തിയതിനെ തുടർന്ന് ‘നമ്പർ 18’ ഹോട്ടൽ എക്സൈസ് അധികൃതർ പൂട്ടിക്കുകയും ചെയ്തു.
ഫോർട്ട് കൊച്ചിയിലെ ഈ ഹോട്ടലുകാർ തെളിവു നശിപ്പിച്ചു എന്ന് തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ 31ന് രാത്രി ഏഴരയോടെ മോഡലുകൾ ഹോട്ടലിൽ എത്തുന്നതും ഇടനാഴികളിൽ നിൽക്കുന്നതുമായ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
എന്നാൽ ഇവർ ഡി.ജെ പാർട്ടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ മനപ്പൂർവ്വം മാറ്റിയ നിലയിലാണ്. കഴിഞ്ഞ മാസം 23ന് എക്സൈസ് ഇതേ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനുവദിച്ച സമയത്തിന് ശേഷവും പതിവായി  മദ്യം നൽകുന്നുണ്ട് എന്ന് കണ്ടെത്തി. ഇതേ തുടർന്ന് ഈ മാസം രണ്ടിന് ഹോട്ടലിലെ ബാർ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.

Back to top button
error: