
മലയാള സിനിമയെ ലോക സിനിമയുടെ മുന്പില് അടയാളപ്പെടുത്തുന്നതില്‍ ഈ കാലഘട്ടത്തില്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന ചലച്ചിത്ര താരമാണ് പൃഥ്വിരാജ്. തന്റെ ചിത്രങ്ങളിലൂടെ എന്തെങ്കിലും ഒരു പുതിയ കാര്യം പരീക്ഷിക്കുവാന്‍ താരം ശ്രദ്ധിക്കാറുണ്ട്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ സിനിമ മേഖല നിശ്ചലമായി നിന്ന സാഹചര്യത്തില്‍ പോലും നിരവധി ചിത്രങ്ങളില്‍ പൃഥ്വിരാജ് അഭിനയിച്ചു കഴിഞ്ഞു. രവി കെ ചന്ദ്രന് സംവിധാനം ചെയ്യുന്ന ഭ്രമം എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന ഫിലിം കമ്പിനിയിലൂടെ ഒരുപിടി ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് നായികയെ അന്വേഷിച്ചു കൊണ്ടുള്ള ഓഡിഷന് കോളും എത്തിയിരിക്കുകയാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിലേക്ക് നായിക വേഷം ചെയ്യാന്‍ വേണ്ടിയാണ് പുതുമുഖങ്ങളെ അന്വേഷിക്കുന്നത്. 15 ഉം 18 നും മധ്യേ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് അവസരം. ഇരട്ട പെണ്‍കുട്ടികള്‍ക്കും ചിത്രത്തിലേക്ക് അപേക്ഷിക്കാം. ആയോധന കലകള്‍ അറിയുന്നവരാണെങ്കില്‍ മുന്‍ഗണനയുമുണ്ട്. മേക്കപ്പ് ഇടാത്ത ഫോട്ടോയും സിവി യും സഹിതം അപേക്ഷിക്കണം