
തിരുവനന്തപുരം; കേരള പോലീസിനെ ആധുനിക വത്കരിച്ച് കൂടുതൽ ജനകീയമാക്കാൻ മുൻകൈയെടുത്ത സംസ്ഥാന പോലീസിലെ ഉയർന്ന പോലീസ് ഓഫീസർമാർക്ക് റോട്ടറി പോലീസ് എൻഗേജ്മെന്റ് (റോപ്പ്) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു. രാജ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ഡിജിപിയും സംസ്ഥാന പോലീസ് മേധാവിയുമായ ലോക്നാഥ് ബഹ്റ ഐപിഎസ്, എഡിജിപിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി ബി സന്ധ്യ ഐപിഎസ്, എഡിജിപി ക്രൈം ബ്രാഞ്ച് എസ്. ശ്രീജിത്ത് ഐപിഎസ്, കോസ്റ്റൽ സെക്യൂരിറ്റി ഐജി പി. വിജയൻ ഐപിഎസ്, ആന്റീ ടെററിസ്റ്റ് സ്ക്വാഡ് ഡിഐജി അനൂപ് കുരുവിള ജോൺ ഐപിഎസ്, ഡിഐജി പി പ്രകാശ് ഐപിഎസ് എന്നിവരാണ് ഗവർണറിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.
തന്റെ പൊതു ജീവിതത്തിന്റെ തുടക്കം മുതൽതന്നെ വിവിധ സേവന പരിപാടികളിൽ റോട്ടറിയുമായി സഹകരിക്കുവാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ലോകമൊട്ടാകെ റോട്ടറി ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ തികച്ചും മഹനീയവും, മാതൃകാപരവുമാണ്. റോഡ് സുരക്ഷയുടെ ഭാഗമായി റോട്ടറി കേരളത്തിൽ സ്ഥാപിക്കുന്ന സൂചന ബോർഡുകൾ ഡ്രൈവർമാർക്ക് മനസിലാകുന്ന തരത്തിൽ മാതൃഭാഷയിലും കൂടി സ്ഥാപിക്കണമെന്നും ഗവർണർ പറഞ്ഞു. കേരള പോലീസ് രാജ്യത്തെ തന്നെ ഏറ്റവും മികച്ച പോലീസ് സേനയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി കേരളത്തിലെ സാധാരണക്കാർക്ക് ഒരു പോലീസുകാരനെ കാണുമ്പോൾ ഭയമല്ല മറിച്ച് സുരക്ഷിതത്വമാണ് അനുഭവ്യമാകുന്നതെന്നും ഗവർണർ പറഞ്ഞു. റോപ്പ് കേരള ചീഫ് കോ ഓർഡിനേറ്ററും, മുൻ ഡിസ്ക്ടിറ്റ് ഗവർണറുമായ സുരേഷ് മാത്യും അധ്യക്ഷത വഹിച്ച ചടങ്ങിൽ
റോപ്പ് കേരള സെക്രട്ടറിയും ജനറൽ കോ ഓർഡിനേറ്ററുമായ ജിഗീഷ് നാരായണൻ സ്വാഗതം ആശംസിച്ചു.
റോഡ് സുരക്ഷയുടെ ഭാഗമായി റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ നേതൃത്വത്തിൽ പോലീസ് സേനക്ക് 30 ലക്ഷം രൂപ ചിലവിൽ നൽകുന്ന അപകട സുരക്ഷാ ബസിന്റെ പ്രഖ്യാപനവും ഡിസ്ട്രിറ്റ് ഗവർണർ ഡോ. തോമസ് വാവാനിക്കുന്നേൽ നിർവ്വഹിച്ചു.