KeralaNEWS

അധികാരം കിട്ടാൻ വേണ്ടി ആരെയാണ് ഇവർ പേടിപ്പിക്കുന്നത്? മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് എഴുതുന്നു

മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് എഴുതുന്നു,
ഇടതുപക്ഷക്കാരോടാണ്.

കോൺഗ്രസ് മുക്ത കേരളം എന്ന വഷള് മുദ്രാവാക്യവുമായി ചില പുത്തൻകൂറ്റു കോൺഗ്രസുകാരും കോൺഗ്രസിന്റെ ചിലവിൽ ജീവിക്കുന്ന വേറെ ചിലരും ഇറങ്ങിയതിനുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വന്നത്; നല്ല ഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിച്ചില്ലെങ്കിൽ ബി ജെ പി അവരെ വാങ്ങിക്കൊണ്ടുപോകുമെന്ന്.

നമ്മൾ വിചാരിക്കും ഇത് കേൾക്കുന്ന കോൺഗ്രസുകാർ പ്രതിഷേധിക്കുമെന്ന്.

ഇല്ല എന്നുമാത്രമല്ല, ജയിച്ചാൽ മാത്രമല്ല തോറ്റാലും ഞങ്ങൾ പോയിരിക്കുമെന്നു സുധാകരൻ പറയുന്നു.

ഇതിന്റെ പാറ്റേൺ വളരെ ക്ലിയറാണ്: മതേതരത്വത്തിന്റെ കാര്യം നോക്കാൻ ഇടതുപക്ഷം ഇവിടെയുണ്ടാകും. വൻ ഭൂരിപക്ഷം നൽകി ഞങ്ങളെ ജയിപ്പിച്ചില്ലെങ്കിൽ ഞങ്ങൾ ബി ജെ പി യിൽ പോകും; പിന്നെ ഞങ്ങളും ഇടതുപക്ഷവുമായി ആയിരിക്കും മത്സരം.

ഏതു ഞങ്ങൾ? ബി ജെ പി ആയ ഞങ്ങൾ.

ഇന്ത്യയിലെ ചില സംസ്‌ഥാനങ്ങളിൽ ഇത് ശരിയാണ്. നേതാക്കൾ പൂണ്ടടക്കം പോയി ബി ജെ പി ആയിട്ടുണ്ട്. ഇപ്പോഴും അവിടെ പക്ഷെ കോൺഗ്രസുകാരുണ്ട്. കോൺഗ്രസുമുണ്ട്.

അപ്പോൾ ഞങ്ങൾ തോറ്റാൽ പിന്നെ ഇവിടെ, കേരളത്തിൽ, ബി ജെ പി യും ഇടതുപക്ഷവുമാണ് ബാക്കി വരിക എന്ന് പറയുന്നത് എത്രത്തോളം ശരിയാണ് എന്ന് പരിശോധിക്കേണ്ടതില്ലേ?

കേരളത്തിലെ ജനസംഖ്യയിൽ ഏകദേശം 55 ശതമാനം ഹിന്ദുക്കളാണ്; 45 ശതമാനം മുസ്ലിം-ക്രിസ്ത്യൻ വിഭാഗക്കാരും. ഇതിൽ വോട്ടുബാങ്കുകൾ കണക്കാക്കിയാൽ ന്യൂനപക്ഷവോട്ടുകൾ യു ഡി എഫിന്റെയാണ്; തിരിച്ചു പറഞ്ഞാൽ യു ഡി എഫിന്റെ വോട്ടുബാങ്കുകൾ ന്യൂനപക്ഷ വോട്ടുകളാണ്. അതിൽനിന്നു പൊഴിഞ്ഞുപോകുന്ന കുറെ വോട്ടുകളും ഹിന്ദു മജോറിറ്റിയുമാണ് ബാക്കി ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും വോട്ടുകൾ.

ഈ കോൺഗ്രസ് നേതാക്കൾ പോയി ബി ജെ പി യിൽ ചേർന്നാൽ ഈ ന്യൂനപക്ഷ വോട്ടുകളും കൂടെപ്പോകുമെന്നാണോ സുധാകരനും പാർട്ടിയും പറയുന്നത്?

അധികാരം കിട്ടാൻ വേണ്ടി ആരെയാണ് ഇവർ പേടിപ്പിക്കുന്നത്?

നരേന്ദ്ര മോദിയുടെ അഗ്രസീവ് ഹിന്ദുത്വ ഇന്ത്യയിൽ കളിയ്ക്കാൻ തുടങ്ങിയിട്ട് കൊല്ലം പത്തായി. ഹിന്ദു അപകടത്തിൽ എന്ന മുദ്രാവാക്യവും വോട്സ്അപ്പ് സാഹിത്യവും കണക്കുകളുമായി കേരളത്തിൽ ബി ജെ പി യുടെ വളർച്ച നടക്കുന്നതും ഈ കാലഘട്ടത്തിലാണ്. 2011-ലെ തെരഞ്ഞെടുപ്പിൽ ബി ജെ പിയ്ക്ക് ലഭിച്ചത് 6.03 ശതമാനം ( 10,53,654) വോട്ടാണ്. അഞ്ചുകൊല്ലം കൊണ്ട് ആ വോട്ടു ശതമാനം 14.96 ശതമാനമായി, ഏകദേശം 9 ശതമാനം വോട്ടിന്റെ വളർച്ച.

ആ വോട്ടിന്റെ നല്ല ശതമാനം കോൺഗ്രസിന്റേതാണ് എന്ന് വിചാരിക്കാൻ ന്യായമുണ്ട്. കാരണം സാധാരണഗതിയിൽ കോൺഗ്രസിൽ കംഫർട്ട് സോൺ കണ്ടെത്തുന്ന കുറെ കോൺഗ്രസുകാർക്ക് പെട്ടെന്ന് കേരളത്തിൽ ന്യൂനപക്ഷങ്ങളുടെ തേര് വാഴ്ചയാണ് എന്ന് ബോധ്യം വരുന്നു. സെന്കുമാറും ഈ ശ്രീധരനുമൊന്നും മോശം മനുഷ്യരായിട്ടല്ല അവർ ബി ജെ പി യിൽ ചേരുന്നത്; ‘ഹിന്ദുക്കൾ നേരിടുന്ന അവഗണന’ സഹിക്ക വയ്യാതെയാണ്. (സെൻ കുമാർ പറഞ്ഞുകൊണ്ടിരുന്നതും ശ്രീധരൻ സാർ പറഞ്ഞുതുടങ്ങിയതും നമ്മുടെ “നാട്ടിൽ നടക്കുന്ന ഈ അനീതി”യെകുറിച്ചാണ്).

ഇവരൊക്കെ പോയിട്ടും ഇതുവരെ പോകാതെ നിൽക്കുന്ന കോൺഗ്രസുകാർ, ഭൂരിപക്ഷസമുദായത്തിൽനിന്നുള്ളവർ, അധികാരം കിട്ടിയില്ലെങ്കിൽ പോകുമെന്നാണോ ശ്രീ സുധാകരൻ പറയുന്നത്?

അതെന്തു വർത്തമാനമാണ്, ശ്രീ സുധാകരൻ?

***
അഞ്ചുകൊല്ലംകൊണ്ടു ബി ജെ പി യുടെ വോട്ട് കേരളത്തിൽ രണ്ടര ഇരട്ടി വർധിച്ച കഥ ഞാൻ പറഞ്ഞു. പഴയ കഥകൾ നോക്കിയാൽ അറിയാം; മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്‌ഥാനമായിരുന്നു കേരളത്തിൽ ബി ജെ പി കത്തിച്ചുവിട്ട ഏറ്റവും വലിയ ‘അനീതി’. കേരളത്തിന്റെ നാലിലൊന്നു ജനസംഖ്യയുള്ള സമുദായത്തിന് നാലിലൊന്നു പാർലമെന്ററി സ്‌ഥാനങ്ങൾ വേണമെന്ന ആവശ്യം ന്യൂനപക്ഷ പ്രീണനമായി മാറി. എം എൽ എ മാരുടെ അനുപാതത്തിൽ മന്ത്രിമാരെ തീരുമാനിക്കണം എന്ന ആവശ്യം വർഗീയതയായി ചിത്രീകരിക്കപ്പെട്ടു. സർക്കാറെടുക്കുന്ന ലെജിറ്റിമേറ്റ് ആയ തീരുമാനങ്ങൾ പോലും ന്യൂനപക്ഷ പ്രീണനമായി മാറി. വകുപ്പുകളിലെ ഉദ്യോഗസ്‌ഥന്മാരുടെ മതം നോക്കി കേരളത്തിൽ ക്യാംപെയിൻ നടന്നു; പച്ച നിറത്തിലുള്ള ബോർഡുകൾക്കുപോലും വർഗീയത ചാർത്തിക്കൊടുത്തു.

അതിന്റെ ഫലം ബി ജെ പി യ്ക്ക് കിട്ടി; അതിന്റെ വില യു ഡി എഫ് കൊടുത്തു.

ഇനി കഴിഞ്ഞ അഞ്ചുകൊല്ലത്തെ ബി ജെ പി യുടെ വോട്ടു നോക്കൂ. ഒരു ശതമാനം കൂടിയിട്ടില്ല. പലതും കത്തിക്കാൻ നോക്കി, ശബരിമലയടക്കം. ശബരിമല നിലപാടിനോട് എതിർപ്പുണ്ടായിരുന്ന വിശ്വാസികളടക്കം വോട്ടുചെയ്തത് യു ഡി എഫിനാണ്. വോട്ടിന്റെ പിന്നാമ്പുറങ്ങളിൽ പോയാൽ ചില സത്യങ്ങൾ വേറെയും വരും; പക്ഷെ വോട്ടുശതമാനത്തിൽ ബി ജെ പിയ്ക്ക് മുന്നോട്ടുപോകാനായില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കഥയങ്ങിനെത്തന്നെ.

പറഞ്ഞുവരുന്നത്, കേരളത്തിലെ ബി ജെ പി യുടെ വളർച്ച ഏകദേശം നിന്നിരിക്കുന്നു എന്നുവേണം കണക്കാക്കാൻ. ക്രിസ്ത്യാനികളിലെ ഒരു വിഭാഗത്തെ വൻ ഇസ്‌ലാമോഫോബിയ അഴിച്ചുവിട്ടു കൂടെക്കൊണ്ടുവരാൻ ബി ജെ പി ശ്രമിക്കുന്നുണ്ട്; പേരിനെങ്കിലും അത് വിജയിക്കുന്നുണ്ട്. അത് മാറ്റിനിർത്തിയാൽ ‘ഹിന്ദു അപകടത്തിൽ’ എന്ന മുദ്രാവാക്യം കേരളത്തിൽ ഇപ്പോൾ എടുക്കാച്ചരക്കാക്കിയുട്ടുണ്ട്.

ഇനി കേരളത്തിൽ ബി ജെ പിയ്ക്ക് വളരണമെങ്കിൽ ഒരൊറ്റ വഴിയേയുള്ളൂ: ജമാ അത്തെ ഇസ്ലാമിയ്ക്കു നയങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന വിധത്തിലുള്ള ഒരു യു ഡി എഫ് സർക്കാർ അധികാരത്തിൽ വരണം. എന്നിട്ടു ന്യൂനപക്ഷങ്ങൾക്കു അവിഹിതമായതെന്തോ കിട്ടുന്നു എന്ന് പറഞ്ഞുപരത്തി ഭൂരിപക്ഷ സമുദായത്തിൽ വർഗീയത വിളമ്പണം.

അത് വിജയിച്ചാൽ, ബി ജെ പി വളർന്നാൽ, അവിടെ ഇനി കുറയാൻ പോകുന്നത് ഇടതുമുന്നണിയുടെ വോട്ടുകളായിരിക്കും.

തിരിച്ചുപറഞ്ഞാൽ, കോൺഗ്രസ് ഇല്ലാതായാൽ തങ്ങൾക്കു വളരാം എന്നല്ല ആർഎസ്എസ് കണക്കാക്കുക. ആ വോട്ടുബാങ്കിൽ അവർ പ്രതീക്ഷവച്ചിട്ടു വലിയ കാര്യമില്ല. അവർ നോക്കുക ഇടതുമുന്നണിയുടെ വോട്ടുകളിൽ കണ്ണുവച്ചുള്ള കളികളാണ് ഇനി ആർഎസ്എസ് കളിക്കുക; ബി ഡി ജെ എസിനെ മുൻനിർത്തി ബി ജെ പി ഒന്ന് ശ്രമിച്ചതാണ്; അത് കാര്യമായി ഏറ്റില്ല. എൻ എസ് എസ് ഇതുവരെ ആർഎസ്എസിന് പരസ്യമായി വഴങ്ങിയിട്ടില്ല എന്നുകൂടെ ഓർക്കുക.

അവർക്കിനി മുന്നോട്ടുപോകണമെങ്കിൽ ‘ഹിന്ദു അപകടത്തിൽ’ എന്നും ‘ന്യൂനപക്ഷ പ്രീണനം’ എന്നും പറയണം.

ഒരു എൽ ഡി എഫ് ഭരണത്തിൽ ആ പരിപ്പ് വേകില്ല. ഒരു സാധാരണ യു ഡി എഫ് ഭരണത്തിൽപ്പോലും അത് പാടാണ്.

അത് നടക്കണമെങ്കിൽ സുടാപ്പി-മൗദൂദി സഖ്യത്തിന് കൈകൊടുത്തിട്ടുള്ള ഒരു യു ഡി എഫ് സഖ്യം അധികാരത്തിൽ വരണം.

ആ സഖ്യം ഇപ്പോൾ നിലവിലുണ്ട്. ഇനി അത് അധികാരത്തിൽ വന്നാൽ മതി.

അതുകൊണ്ട്,

ഒരു തുടർഭരണം ആണ് ഇടതുമുന്നണി ലക്ഷ്യമിടുന്നതെങ്കിൽ യു ഡി എഫ്+ആറെസ്സെസ്സ് എന്നൊരു സമവാക്യം കണ്മുന്നിൽ കാണണം.

അമ്പതു ശതമാനത്തിൽ കൂടുതൽ വോട്ടുകിട്ടുന്ന 71 മണ്ഡലങ്ങൾ കൂടി ആ തലക്കെട്ടിന്റെ അടിയിൽ എഴുതിവച്ചോണം.

കാരണം ആർഎസ്എസിന്റെ ലക്‌ഷ്യം കോൺഗ്രസ് മുക്ത കേരളമല്ല;

ഇടതുമുക്ത കേരളമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker