KeralaNEWS

സ്വാമി പരിപൂര്‍ണ്ണ ജ്ഞാന തപസ്വി സമാധിയായി

ആശ്രമത്തിന്റെ ഇന്നത്തെ പുരോഗതിയ്ക്ക് പിന്നില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കുന്നതിന് അദ്ദേഹത്തിന് സാധിച്ചു.

ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി (75) സമാധിയായി. (ഇന്ന് മാര്‍ച്ച് 2 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.19 ന്) വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കു പുറമെ മെനിഞ്ചൈറ്റിസ്, പാർക്കിൻസൺസ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സയിലായിരുന്നു. ഫെബ്രുവരി 24 നാണ് സ്വാമിയെ ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാര ചടങ്ങുകള്‍ നാളെ, മാര്‍ച്ച് 3 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ആശ്രമം വളപ്പില്‍ നടക്കും.

കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം തൈവിളപ്പിൽ കെ.പി.രാമന്റേയും കെ.വി.പാറു അമ്മയുടേയും രണ്ടാമത്തെ പുത്രനായി സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി (പൂര്‍വ്വാശ്രമത്തിലെ നാമം ബാലകൃഷ്ണന്‍ റ്റി.വി. ) ജനിച്ചു. ചെറുകുന്നം ഗവ.ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം എയർഫോഴ്സിൽ ജോലി ലഭിച്ചു. അവിടെ വെച്ച് ഓട്ടോമൊബൈൽസ് എൻജിനീയറിംഗിൽ വിദഗ്ദ പരിശീലനം നേടി. 17 വർഷത്തെ സേവനത്തിനു ശേഷം എയർഫോഴ്സില്‍ നിന്ന് വിരമിച്ചു. സഹോദരങ്ങൾ: കുഞ്ഞിരാമൻ. റ്റി.വി., സാവിത്രി റ്റി.വി., ലക്ഷ്മണൻ റ്റി.വി., ചന്ദ്രമതി റ്റി.വി., കരുണാകരൻ റ്റി.വി., രാജൻ റ്റി.വി., . 1973 ൽ കണ്ണൂർ മൊറാഴ സ്വദേശിനി യശോദയെ വിവാഹം കഴിച്ചു. ബി.ഉമ , ബി.അരവിന്ദ് എന്നിവരാണ് മക്കള്‍. ഷെറിന്‍ ചോമ്പാലയാണ് ഉമയുടെ ഭര്‍ത്താവ്. ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശ സഭയിലെ സന്യാസിനി ജനനി നന്മപ്രിയ ജ്ഞാനതപസ്വിനി സഹോദരി പുത്രിയാണ്.

1999ജൂലൈ 16 ന് ആശ്രമ സ്ഥാപകാചാര്യന്‍ നവജ്യോതി ശ്രീകരുണാകര ഗുരുവില്‍ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചു. ആശ്രമത്തിന്റെ ഇന്നത്തെ പുരോഗതിയ്ക്ക് പിന്നില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. ആശ്രമത്തില്‍ ആദ്യമായി ഒരു വാഹനം വാങ്ങിയത് കെ.എസ്. ആര്‍.റ്റി.സി ബസ്സാണ്. അത് വാങ്ങുന്നതിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് സ്വാമി. ഈ ബസിലാണ് ഗുരു പിന്നീട് കേരളത്തിനകത്തും പുറത്തും ദീര്‍ഘകാലം തീര്‍ത്ഥയാത്ര നടത്തിയിട്ടുള്ളത്.

ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച് തുടങ്ങിയ സന്ദര്‍ഭത്തില്‍ അവിടെ ആശ്രമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്തുന്നതിന് സ്വാമിയെ ആണ് നിയോഗിച്ചത്. സുല്‍ത്താന്‍ബത്തേരി ആശ്രമത്തിലെ പ്രാര്‍ത്ഥനലായ സമര്‍പ്പണ കര്‍മ്മം തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൈ എടുത്ത് നടത്തിയത് ഈ കാലഘട്ടത്തിലാണ്. കൂടാതെ ആശ്രമത്തിന് ഇന്ദ്രപ്രസ്ഥത്തില്‍ ഒരു ബ്രാഞ്ച് തുടങ്ങിയപ്പോഴും ആദ്യകാലഘട്ടത്തില്‍ (2003-2005) പരിപൂര്‍ണ്ണസ്വാമിയാണ് അതിന്റെചുമതലക്കാരനായി നിയോഗിച്ചത്. തുടര്‍ന്ന് നീണ്ട ഒരു കാലയളവില്‍ ആശ്രമം വെഹിക്കിള്‍ വിഭാഗത്തിന്റെ ചുമതലയിലും ആശ്രമം ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ആശ്രമം ഡയറക്ടര്‍ ആയും പിന്നീട് നീണ്ട പത്ത് വര്‍‍ഷത്തോളം ആശ്രമം വൈസ്പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നതിന് സ്വാമി പരിപൂര്‍ണ്ണയ്ക്ക് സാധിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker