
തിരുവനന്തപുരം: സാമൂഹിക നിലവാരം ഉയര്‍ന്നതാണെങ്കിലും കേരളം ഭാവിയില്‍
അതീവ ശ്രദ്ധകേന്ദ്രീകരിക്കേണ്ട മറ്റ് നിരവധി മേഖലകളുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ്. ഓരോ പദ്ധതിക്കും ആനുകാലികമായ പുനരവലോകനവും പുനര്‍വിചിന്തനവും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്മെന്റ്( RGIDS) സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.മന്മോഹന് സിംഗ്.
കേരളത്തിന് മറികടക്കേണ്ട നിരവധി തടസ്സങ്ങളുണ്ട്. രണ്ട്, മൂന്ന് വര്‍ഷമായി തുടരുന്ന ആഗോള മാന്ദ്യത്തെ പകര്‍ച്ചവ്യാധി രൂക്ഷമാക്കി. ഇത് കേരളവും പുറം ലോകവുമായുള്ള ബന്ധത്തെ ദുര്‍ബലമാക്കിയിരിക്കുന്നു. ഡിജിറ്റല്‍ രീതികളുടെ വര്‍ദ്ധിച്ച ഉപയോഗം വിവര സാങ്കേതിക മേഖലയെ മുന്നോട്ട് നയിച്ചേക്കാമെങ്കിലും ടൂറിസം മേഖലയെ വലിയതോതില്‍ ബാധിക്കും. പകര്‍ച്ചവ്യാധി എത്രത്തോളം രൂക്ഷമാകുന്നുവോ അത്രത്തോളം തന്നെ ടൂറിസം മേഖലയിലെ വെല്ലുവിളികളും വര്‍ദ്ധിക്കാനാണ് സാധ്യത. കേരളത്തിലും മറ്റ് പല സംസ്ഥാനങ്ങളിലും പബ്ലിക് ഫണ്ടിംഗ് താറുമാറാണ്. ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് അമിതമായ വായ്പയെടുക്കേണ്ടിവരുന്നു. ഇത് ഭാവില്‍ സംസ്ഥാന ബജറ്റുകള്‍ക്ക് അമിതഭാരം നല്‍കും.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിനെ നയിക്കുന്ന രമേശ് ചെന്നിത്തലയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും വികസന ആസൂത്രണത്തിനായി പ്രയത്നിക്കുന്നു എന്നതിലും, ഈ പ്രയത്നങ്ങളെയെല്ലാം വോട്ടുകളാക്കി മാറ്റി യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കുന്നതിനായി ഒരു ചട്ടക്കൂട് ആവിഷ്ക്കരിക്കുന്നു എന്നതിലും സന്തോഷമുണ്ട്. വിഷമ ഘട്ടത്തിനിടയിലും, യു.ഡി.എഫിന്റെ വ്യക്തമായ ദിശബോധത്തോടെയും ആസൂത്രിത വളര്ച്ചയ്ക്കായുമുള്ള നിശ്ചയ ദാര്‍ഢ്യവും, സാധാരണക്കാരോടുള്ള താല്‍പ്പര്യവും, കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവനും പ്രതീക്ഷ നല്‍കുന്നതാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു.