KeralaNEWS

മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രതിഷേധസമരത്തിലേക്ക്

തിരുവനന്തപുരം; മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ അലവൻസ് പരിഷ്കരണം (NPA, PCA) അടക്കമുള്ള ശമ്പളകുടിശ്ശിക നല്കാത്തതിലും എൻട്രി കേഡർ, കരിയർ അഡ്വാൻസ്മെന്റ് പ്രൊമോഷന്റെ കാലയളവ് അടക്കമുള്ള അപാകതകൾ പരിഹരിക്കാത്തത്, എന്നിവയിലും പ്രതിഷേധിച്ചു പ്രതിഷേധസമരങ്ങൾ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

കേരളത്തിലെ കോവിഡ്‌ വ്യാപനം തടയാൻ കഠിന പ്രയത്നം നടത്തിയ സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് അർഹതപ്പെട്ട ശമ്പള കുടിശ്ശിക നൽകാത്തതിനെതിരെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ വിവിധ പ്രതിഷേധപരിപാടികൾ നടത്തും. ഡോക്ടർമാർക്ക് കുടിശ്ശിക ആയി കിട്ടാനുള്ള ശമ്പളവും അലവൻസുകളും പൂർണ്ണമായി നൽകാത്തത് പ്രതിഷേർധാർഹമാണ്.

സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാർക്കും കാലതാമസം കൂടാതെ ശമ്പള വർദ്ധന നൽകിയപ്പോൾ, സ്വന്തം ജീവൻ പോലും അവഗണിച്ചു സംസ്ഥാനത്തെ കോവിഡ് ദുരന്തത്തിൽ നിന്നു കര കയറ്റാൻ പ്രയത്നിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നൽകിയില്ല. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്ക് 2016 ൽ ലഭിക്കേണ്ട ശമ്പളപരിഷ്കരണം 2020 വരെ നീണ്ടു പോയി. ഈ കാലയളവിൽ കിട്ടേണ്ട അലവൻസുകൾ അടക്കമുള്ള ശമ്പള കുടിശ്ശിക ലഭിച്ചില്ല.

ബഹു : ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർക്കാരുമായി വിവിധ സംഘടനകൾ നടത്തിയ ചർച്ചയിൽ ബഹു : ആരോഗ്യസെക്രട്ടറി തന്നെ, മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് 2017 ജൂലൈ ഒന്ന് മുതൽ അലവൻസ് പരിഷ്കരണം അടക്കമുള്ള അരിയറിനു അർഹതയുണ്ടെന്നു പറയുകയും മിനുട്ട് ചെയ്തതുമാണ്. പിന്നീടു ഇക്കാര്യം സംഘടന ബഹു: ധനകാര്യ മന്ത്രിയുമായും ചർച്ച ചെയ്തതാണ്. എന്നാൽ ഓർഡർ വന്നപ്പോൾ, 2019 ജൂലൈ ഒന്നു മുതൽ മാത്രമാണ് അലവൻസിന്റെ അരിയർ അനുവദിച്ചത്.
2017 ജൂലൈ ഒന്നു മുതൽ, 2019 ജൂൺ 30 വരെയുള്ള അലവൻസിന്റെ അരിയർ നഷ്ടപ്പെട്ടു. അതു ഞങ്ങൾക്ക് തരണം.

മിനുട്ടഡ് മീറ്റിംഗിൽ എൻട്രി കേഡറിലുള്ള ശമ്പളത്തിന്റെ അപാകത പരിഹരിക്കുന്ന കാര്യവും, കരിയർ അഡ്വാൻസിമെന്റ് പ്രൊമോഷന്റെ സമയപരിധി കുറക്കുന്ന കാര്യവും സർക്കാർ അംഗീകരിച്ചെങ്കിലും, അതിന്റെയും ഉത്തരവ് ഇറങ്ങിയിട്ടില്ല. അതും ഉടൻ ഇറക്കണം. ഇതെല്ലാം ലഭിക്കുന്നതിന് വേണ്ടി നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. അതിനാൽ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ താഴെപറയുന്ന പ്രതിഷേധപരിപാടികൾ നടത്തുന്നു.

1) 3/3/2021, കെജിഎംസിടിഎ സംസ്ഥാനതലത്തിൽ വഞ്ചനദിനം ആചരിക്കുന്നു. അന്നേ ദിവസം എല്ലാ മെഡിക്കൽ കോളേജിലും പ്രിൻസിപ്പൽ ഓഫീസിനു മുന്നിലും തിരുവനന്തപുരത്തു ഡി എം ഇ ഓഫീസിനു മുന്നിലും പ്രതിഷേധജാഥയും, ധർണയും നടത്തും. രോഗി പരിചരണത്തെയും, അധ്യാപനത്തെയും ബാധിക്കില്ല. കോവിഡ് പ്രോട്ടോകോൾ പാലിക്കും.

2) 3/3/2021 മുതൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ ചട്ടപ്പടി സമരം അനിശ്ചിതകാലം നടത്തും. ഈ കാലയളവിൽ വി ഐ പി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, നോൺ കോവിഡ് -നോൺ എമർജൻസി മീറ്റിംഗുകൾ എന്നിവ ബഹിഷ്കരിക്കും. അധികജോലികൾ ബഹിഷ്കരിക്കും. രോഗികളുമായൊ അധ്യാപനവുമായൊ ബന്ധമില്ലാത്ത എല്ലാ ജോലികളും ബഹിഷ്കരിക്കും.

3) 3/3/2021 മുതൽ അനിശ്ചിതകാലത്തേക്ക് എല്ലാ ദിവസവും കരിദിനം ആചരിക്കുകയും, രോഗികൾക്കും പൊതുജനങ്ങൾക്കും വിശദീകരണകുറിപ്പ് നൽകുകയും ചെയ്യും.

4) എന്നിട്ടും തീരുമാനം ഒന്നുമില്ലെങ്കിൽ, 10/3/2021 നു സെക്രെട്ടേറിയറ്റിനു മുന്നിൽ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജ് ഡോക്ടർമാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. അന്നേ ദിവസം വൈകിട്ട് 8 മണിക്ക്, മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രെസ്സ് കോൺഫറൻസ് നടത്തും. പ്രതിഷേധങ്ങൾക്ക് എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കും.

5) പിന്നെയും തീരുമാനം ഒന്നുമില്ലെങ്കിൽ മാർച്ച്‌ 17ആം തിയതി ഒരു ദിവസം 24 മണിക്കൂർ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും, അധ്യാപനവും ബഹിഷ്കരിക്കും. അത്യാഹിതസർവീസുകൾ, ലേബർ റൂം, ക്യാഷ്വലിറ്റി, അടിയന്തിരശസ്‌ത്രക്രിയകൾ, വാർഡ് ഡ്യൂട്ടി, കോവിഡ് ചികിത്സ എന്നിവ മുടക്കം കൂടാതെ നടത്തും. എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കും.

മെഡിക്കൽ കോളേജ് അധ്യാപകരുടെ ആവശ്യങ്ങൾ ഉടൻ അംഗീകരിക്കണമെന്നും, അനാവശ്യസമരത്തിലേക്ക് മെഡിക്കൽ കോളേജ് ഡോക്ടർമാരെ തള്ളിയവിടരുതെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെടുന്നു. കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെജിഎംസിടിഎ) സംസ്ഥാന സമിതിക്കു വേണ്ടി,

ഡോ ബിനോയ്‌ എസ്‌
സംസ്ഥാനപ്രസിഡന്റ്‌

ഡോ നിർമ്മൽ ഭാസ്കർ
സംസ്ഥാനസെക്രട്ടറി

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker