NEWS

ഭൈമീകാമുകനായ ‘അമ്പത്കാരൻ അമ്മാവന്’ അജ്ഞാത കാമുകി കൊടുത്തത് എട്ടിൻ്റെ പണി, നഷ്ടപ്പെട്ടത് ആറു ലക്ഷവും ഒപ്പം അഭിമാനവും

സംഗതി വള്ളിക്കെട്ടാണെന്നു തിരിച്ചറിയാതെ രാത്രി തന്നെ അമ്മാവൻ കാമുകിയെ കാണാൻപുറപ്പെട്ടു. തമിഴ്നാട് അതിർത്തിയിലെ വീരണപാളയിലെ  ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ അവിടെ മൂന്നുപേര്‍ കാത്തിരിപ്പുണ്ട്…!

വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവതിയെ കാണാൻ ആർത്തിയോടെ ഓടി എത്തിയ അമ്പത്കാരൻ കാമുകന് കിട്ടിയത് എട്ടിന്റെ പണി.
വാട്‌സ്ആപ്പിലൂടെ പതിവായി ‘ഗുഡ് മോര്‍ണിംഗ്’ അയച്ചു കൊണ്ടാണ് തുടക്കം. പരിചയം വളർന്നു. കൂട്ടായി, കുശലങ്ങളായി ആത്മബന്ധമായി. അടുത്ത പടി ഒന്നു നേരിൽ കാണുകയാണല്ലോ…?
ഒടുവിൽ യുവതിയെ കാണാന്‍ ആശ മൂത്ത് രണ്ടു കല്പിച്ച് പാതിരാത്രിയിൽ ചാടിയിറങ്ങിയ അമ്മാവന് നഷ്ടപ്പെട്ടത് ആറു ലക്ഷം രൂപ…!

ഈ ഒക്ടോബര്‍ എട്ടിനാണ് അമ്മാവന് ആ സന്ദേശം ലഭിച്ചത്. പതിവായുള്ള ഗുഡ് മോണിംഗ് സന്ദേശത്തോടൊപ്പം താൻ താമസിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും യുവതി അമ്മാവന് അയച്ചുകൊടുത്തു.
രാത്രിയില്‍ എത്താനായിരുന്നു നിർദ്ദേശം.
സംഗതി വള്ളിക്കെട്ടാണെന്നു തിരിച്ചറിയാതെ രാത്രി തന്നെ അമ്മാവൻ പുറപ്പെട്ടു. തമിഴ്നാട് അതിർത്തിയിലെ വീരണപാളയിലെ ആ ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ അവിടെ മൂന്നുപേര്‍ കാത്തിരിപ്പുണ്ട്.

തങ്ങള്‍ പോലീസുകാരാണെന്ന് പരിചയപ്പെടുത്തിയ സംഘം അമ്മാവൻ മയക്കുമരുന്ന് ഇടപാടുകാരനാണെന്ന് പറഞ്ഞ് ഭിഷണിപ്പെടുത്തി. ആപ്പിലായ അമ്മാവന് എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതി എന്നായി. ഒടുവിൽ ക്രെഡിറ്റ് കാര്‍ഡും പഴ്സും ഫോണും അവർ കൈക്കലാക്കി. തുടർന്ന് അവർ സൂത്രത്തിൽ മുങ്ങുകയും ചെയ്തുയു.

ജീവനെങ്കിലും തിരിച്ചു കിട്ടിയല്ലോ എന്ന ആശ്വാസത്തിൽ ഹോട്ടൽ മുറിയില്‍നിന്ന് രക്ഷപ്പെട്ട് ഒരുവിധം വീട്ടിലെത്തി. സംഗതി മക്കളും കൊച്ചുമക്കളുമൊക്കെ അറിഞ്ഞാൽ മാനക്കേടാണല്ലോ. പിറ്റേന്ന് രഹസ്യമായി ബാങ്കിലെത്തി അക്കൗണ്ട് പരിശോധിച്ചു…!
ആറ് തവണകളായി അക്കൗണ്ടിൽ നിന്ന് 5,91,812 രൂപ ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നു…! തുടർന്ന് മറ്റ് വഴികളില്ലാതെ, ‘അമ്മാവൻ’ പോലീസിൽ പരാതിപ്പെട്ടു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടുപേര്‍ക്കു വേണ്ടിയുള്ള അന്വേഷണം നടക്കുന്നു.
ഗോവിന്ദാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടുവര്‍ഷമായി വാട്സ് ആപ്പിലൂടെ യുവതിയുടെ സന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

Back to top button
error: