
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ജയില്‍ തടവുകാര്‍ക്ക് അനുവദിച്ച ജാമ്യം നീട്ടി നല്‍കില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. കോവിഡ് നിയന്ത്രണവിധേയമായെന്നും ജാമ്യത്തില്‍ കഴിയുന്നവര്‍ 15 ദിവസത്തിനുളളില്‍ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെ ഡല്‍ഹിയിലെ 2318 വിചാരണ തടവുകാരുടെ ജാമ്യം റദ്ദാക്കും.
കോവിഡ് കാലത്തെ ജയിലിലെ തിരക്ക് ഒഴിവാക്കാന്‍ തടവുകാര്‍ക്ക് നല്കിയ ജാമ്യം കഴിഞ്ഞ ഒക്ടോബറിലാണ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്. ഇപ്പോഴിതാ ഇതിനെ ചോദ്യം ചെയ്ത് നാഷണല്‍ ഫോറം ഓണ്‍ പ്രിസണ്‍ റിഫോംസ് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പറയുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ ജയിലുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് തടവ് പുളളികള്‍ക്ക് പരോളും ഇടക്കാല ജാമ്യവും അനുവദിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി തടവുകാര്‍ക്കാണ് ജാമ്യം ലഭിച്ചത്.