
ഔദ്യോഗിക കാറിൽ വച്ച് വനിതാ ഐപിഎസ് ഓഫീസറെ ഡിജിപി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. തമിഴ്നാട്ടിലാണ് സംഭവം. തമിഴ്നാട് മുൻ സ്പെഷ്യൽ ഡി ജി പി രാജേഷ് ദാസിനെതിരെ സിബിസിഐഡി വനിതാ ഐ പി എസ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. എസ് പി ഡി കണ്ണനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യും. ആരോപണത്തെത്തുടർന്ന് ഡിജിപിയെ തൽസ്ഥാനത്തുനിന്ന് നീക്കി.
ഫെബ്രുവരി 21 നാണ് കേസിനാസ്പദമായ സംഭവം. കാറിനുള്ളിൽ വെച്ച് ഡിജിപി മോശമായി പെരുമാറിയതോടെ വനിതാ ഐ പി എസ് ഓഫീസർ കാർ വിട്ട് പുറത്തു ഇറങ്ങുകയായിരുന്നു. വനിതാ ഐപിഎസ് ഓഫീസർ പരാതി നൽകുമെന്ന് വ്യക്തമായതോടെ എസ്പിയുടെ നേതൃത്വത്തിൽ നൂറ്റമ്പതോളം പോലീസുകാർ എത്തി വഴി തടയാൻ ശ്രമിച്ചു എന്നും പരാതിയുണ്ട്.
ഫെബ്രുവരി 22 ന് തന്നെ വനിതാ ഓഫീസർ ചെന്നൈയിലെത്തി ഡിജിപി ജെ കെ തൃപാഠിക്കും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകി. ഇതിനുപിന്നാലെ സ്പെഷ്യൽ ഡിജിപി സ്ഥാനത്തുനിന്ന് ദാസിനെ നീക്കിക്കൊണ്ട് ഉത്തരവായി. ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അന്വേഷിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഫെബ്രുവരി 21ന് രാത്രി തിരുച്ചിറപ്പള്ളി- ചെന്നൈ ഹൈവേയിൽ വെച്ചാണ് സംഭവം എന്നാണ് പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് ചർച്ചകൾക്കുശേഷം വാഹനവ്യൂഹം പോയതിനു പിന്നാലെ വിഐപി ഡ്യൂട്ടി ചുമതലയിലുണ്ടായിരുന്ന സ്പെഷ്യൽ ഡിജിപിയും സംഘവും ചെന്നൈയിലേക്ക് തിരിച്ചു. മുതിർന്ന ഓഫീസറെ സ്വീകരിക്കേണ്ട ചുമതല വനിതാ ഐപിഎസ് ഓഫീസർക്ക് ആയിരുന്നു. സല്യൂട്ട് ചെയ്ത് സാധാരണ വാഹനവ്യൂഹത്തിന് ഒപ്പം സഞ്ചരിക്കുകയാണ് പതിവ്. എന്നാൽ തന്റെ കാറിൽ കയറാൻ സ്പെഷ്യൽ ഡിജിപി വനിതാ ഓഫീസറോട് ആവശ്യപ്പെട്ടു.
40 മിനിറ്റോളം കാർ സഞ്ചരിച്ചു. അടുത്ത പോയന്റിൽ നോർത്ത് സോൺ ഐജിപി കെ ശങ്കർ,ഡിഐജി എം പാണ്ടിയൻ ഐപിഎസ് ഓഫീസർ സിയ ഉൾ ഹഖ് എന്നിവർ ഡിജിപിയെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇവരെ കണ്ട് വണ്ടി നിർത്തിയപ്പോൾ വനിതാ ഓഫീസർ വലതുഭാഗത്തെ ഡോർ തുറന്ന് പുറത്തേയ്ക്ക് ഓടുക ആയിരുന്നു.
സിയാ ഉൾ ഹഖിന്റെ വാഹനം ഇവർ ആവശ്യപ്പെട്ടു. ആ സമയത്ത് ഐപിഎസ് ഓഫീസർ ആരോടും പരാതി പറഞ്ഞില്ല. പിറ്റേന്ന് രാജേഷ് ദാസ് വനിത ഓഫീസറെ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവർ ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങുകയാണെന്ന് അറിഞ്ഞതോടെ അവരുടെ വാഹനം തടയാൻ വില്ലുപുരം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് രാജേഷ് ദാസ് നിർദ്ദേശം നൽകി എന്നാണ് ആരോപണം. എന്നാൽ അപ്പോഴേക്കും വനിതാ ഓഫീസറുടെ വാഹനം ജില്ല വിട്ടിരുന്നു.
അടുത്ത ജില്ലയിലെ എസ് പി ഡി കണ്ണനോട് വാഹനം തടയാൻ ഡിജിപി ആവശ്യപ്പെട്ടു. ഇതുപ്രകാരം എസ് പി വാഹനം തടഞ്ഞ് വനിതാ ഓഫീസറോട് ഡി ജി പിയെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. നൂറ്റമ്പതോളം പൊലീസുകാർക്കൊപ്പം വൻ സന്നാഹത്തോടെയാണ് വനിതാ ഓഫീസറുടെ കാർ തടഞ്ഞത് എന്നാണ് ആരോപണം.
എസ് പി ക്കെതിരെ പരാതി നൽകുമെന്ന് വനിതാ ഓഫീസർ വ്യക്തമാക്കിയതോടെ എസ്പി അവരെ ചെന്നൈയിലേക്ക് പോകാൻ അനുവദിച്ചു. തനിക്ക് കേസിനെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും മുകളിൽനിന്നുള്ള ഉത്തരവ് നടപ്പാക്കുക മാത്രമായിരുന്നു എന്നാണ് എസ്പി കണ്ണന്റെ നിലപാട്.