
ദൃശ്യവും ദൃശ്യം 2 ഉം ശ്രദ്ധേയമായ വിജയം നേടിയതോടെ പ്രേക്ഷകരുടെ നോട്ടം ഇനി ദൃശ്യം 3 ലേക്കാണ്. ജോര്‍ജുകുട്ടിയെയും കുടുംബത്തേയും മൂന്നാംഭാഗത്തില്‍ കാണാന്‍ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകരും പ്രേക്ഷകരും. ജീത്തു ജോസഫ് ദൃശ്യം 3 യുടെ കഥ തേടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന് ജീത്തു ജോസഫ് രംഗത്തെത്തിയിരിക്കുന്നത്.
‘കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ എന്റെ ഇമെയില്‍ ഐഡിയും അതിലേക്ക് ദൃശ്യം 3 യുടെ കഥ ആവശ്യപ്പെട്ടുള്ള സന്ദേശവും പ്രചചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഞാന്‍ ഈ മെയില്‍ ഐഡി ഉപയോഗിക്കുന്നത് മറ്റ് കഥകള്‍ കേള്‍ക്കുവാനും അഭിനയിക്കുന്നവര്‍ക്ക് ബബന്ധപ്പെടുവാനും വേണ്ടിയാണ്. എന്നാലിപ്പോള്‍ ദൃശ്യം 3 യുടെ കഥകള്‍ നിറഞ്ഞ സാഹചര്യത്തില്‍ എനിക്ക് മെയില്‍ ഓപ്പണ്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ദയവ് ചെയത് ദൃശ്യം 3 യുടെ കഥയുമായി ആരും എന്നെ സമീപിക്കേണ്ട. കാരണം ദൃശ്യം 3 ഉടനെ ചെയ്യാന്‍ സാഹചര്യമില്ല, അഥവാ ഉണ്ടെങ്കില്‍ തന്നെ അത് എന്റെ കഥ ഉപയോഗിച്ച് മാത്രമായിരിക്കും ചെയ്യുക.’ ജീത്തു ജോസഫ് പറയുന്നു
ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് കുടിയേറയവരാണ് ജോര്‍ജുകുട്ടിയും കുടുംബവും. അബദ്ധവശാല്‍ ഒരു കൊലപാതകം ചെയ്യേണ്ടി വരുന്ന ഭാര്യയേയും മകളേയും രക്ഷിക്കാന്‍ ഒരച്ഛന് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലൂടെ നമ്മള് കണ്ടത്. ജോര്‍ജുകുട്ടിയേയും കുടുംബത്തേയും മലയാളികള്‍ക്ക് കൈവെള്ളയിലെ രേഖപോല്‍ ഇപ്പോള്‍ പരിചിതമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദര്‍ശനത്തിനെത്തിയപ്പോഴും വലിയ വിജയവും നിരൂപക പ്രശംസയുമാണ് ലഭിച്ചത്.