
ഒരു മാസത്തിലേറെയായി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവന്ന അനിശ്ചിതകാലസമരം അവസാനിപ്പിച്ച് എൽജിഎസ് ഉദ്യോഗാർഥികൾ. മന്ത്രി എ.കെ. ബാലനുമായി ഇന്നു നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായതോടെയാണ് 34 ദിവസം നീണ്ടുനിന്ന സമരം പിൻവലിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്. പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തിൽ സമരക്കാരുടെ ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനല്കി.
വാച്ചർമാരുടെ ജോലി സമയം പുനഃക്രമീകരിച്ച് കൂടുതൽ തസ്തിക സാധ്യമാക്കണമെന്ന ആവശ്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായി. നൈറ്റ് വാച്ച്മാൻ തസ്തികയുടെ ജോലിസമയം എട്ടുമണിക്കൂറാക്കുമെന്നും നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവുകൾ നികത്തുമെന്നും ഉദ്യോഗാർഥികൾക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്.