
ആസാമിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്കു തിരിച്ചടി. എൻഡിഎയിലെ പ്രമുഖ കക്ഷിയായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) കോൺഗ്രസ് സഖ്യത്തിലെത്തി. സമാധാനം, ഐക്യം, വികസനം എന്നിവയ്ക്കായി പ്രവർത്തിക്കാനും ആസാമിൽ അഴിമതി മുക്ത സുസ്ഥിര സർക്കാരിനെ കൊണ്ടുവരാനുമാണ് മുന്നണിമാറ്റമെന്ന് ബിപിഎഫ് അറിയിച്ചു.
ബിപിഎഫ് ഇനി ബിജെപിയുമായി സൗഹൃദമോ സഖ്യമോ നിലനിർത്തില്ല. വരാനിരിക്കുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് മഹാജാത് സഖ്യത്തിനൊപ്പം കൈകോർത്ത് പ്രവർത്തിക്കുമെന്ന് ബിപിഎഫ് നേതാവ് ഹഗ്രാമ മൊഹിലാരി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
2005ലാണ് കൊക്രജാര്‍ കേന്ദ്രീകരിച്ച് ബിപിഎഫ് പാര്‍ട്ടി രൂപീകരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ പാര്‍ട്ടി വിജയിച്ചിരുന്നു. അസം സര്‍ക്കാറില്‍ മൂന്ന് മന്ത്രിമാരാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്.