NEWS

കൊട്ടും കുരവയുമായി ‘കുറുപ്പ്’ വെള്ളിയാഴ്ച എത്തും. ഒരു വർഷത്തെ തയ്യാറെടുപ്പ്, മുടക്കുമുതൽ 35 കോടി; കേരളത്തിൽ 450 സ്ക്രീനുകളിൽ

“പൊതുവെ എന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ വാപ്പച്ചി അഭിപ്രായങ്ങളൊന്നും പറയാറില്ല. പക്ഷേ ഇക്കുറി പറഞ്ഞു. ഇതൊരു സിനിമാറ്റിക് എക്സ്പീരിയന്‍സ് ആണെന്ന് പറഞ്ഞു”

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം കേരളത്തിലെ തിയറ്ററുകളിലേക്ക് എത്തുന്ന ആദ്യ പ്രധാന റിലീസാണ് ‘കുറുപ്പ്’. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ എത്തുന്ന ഈചിത്രം സംവിധാനം ചെയ്തത് ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രം ‘സെക്കന്‍ഡ് ഷോ’യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 400ലേറെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും അതവഗണിച്ച് ചിത്രം തിയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുകയാണ്.

എതാനും ​ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ‘കുറുപ്പി’ന്റെ ട്രെയിലറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി ആദ്യമായി ഒരു ദുൽഖർ ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചത് വലിയ വാർത്തയാവുകയും ചെയ്തു.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്.

ചിത്രം തിയറ്ററുകളില്‍ എത്തുന്നതിനു മുമ്പ് അത് കണ്ട അപൂര്‍വ്വം വ്യക്തികളിലൊരാളും മമ്മൂട്ടിയാണ്. ചിത്രത്തെക്കുറിച്ച് അദ്ദേഹം പങ്കുവച്ച അഭിപ്രായം എന്താണ്…?
‘കുറുപ്പ്’ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദുല്‍ഖറിനോട് തന്നെയായിരുന്നു ഈ ചോദ്യം.

‘പൊതുവെ എന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ അദ്ദേഹം അഭിപ്രായങ്ങളൊന്നും പറയാറില്ലെങ്കിലും ഇക്കുറി അത് പറഞ്ഞെ’ന്ന് ദുല്‍ഖര്‍ അറിയിച്ചു. “ഇതൊരു സിനിമാറ്റിക് എക്സ്പീരിയന്‍സ് ആണെന്ന് പറഞ്ഞു” ദുല്‍ഖര്‍ അറിയിച്ചു. സിനിമാപ്രേമികളില്‍ പലരും പങ്കുവച്ച ആശങ്ക പോലെ സുകുമാരക്കുറുപ്പിനെ തങ്ങള്‍ ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു: “കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യരുത് എന്നതുതന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. ആ ഒരു കാര്യത്തിൽ ഞങ്ങള്‍ ഏറ്റവുമധികം ശ്രദ്ധിച്ചിരുന്നു. ഒരുപാട് തവണ എഡിറ്റ് ഒക്കെ നടത്തി. സിനിമ കാണുമ്പോള്‍ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്തതായി തോന്നില്ല. ഒരു ബയോപിക് പോലത്തെ സിനിമയാണ്. ഒരുപാട് കാലഘട്ടങ്ങളും കഥാപാത്രത്തിന്‍റെ വിവിധ പ്രായങ്ങളുമുണ്ട്. കേട്ട കഥകളും ഫിക്ഷനും ഉണ്ടാവും. യഥാര്‍ഥ പേരുകള്‍ ഉപയോഗിച്ചിട്ടില്ല. ഒരു സിനിമയായിട്ടു തന്നെ കാണണമെന്നാണ് എന്‍റെ അഭ്യര്‍ഥന. കുറുപ്പിനുവേണ്ടി ഒരു വര്‍ഷത്തേക്ക് മറ്റു സിനിമകളൊന്നും ഞാന്‍ ചെയ്‍തിട്ടില്ല. ഒരു രീതിയിലും കോംപ്രമൈസ് ചെയ്യാത്ത സിനിമയാണ്…”
ദുല്‍ഖര്‍ പറഞ്ഞു.

‘മരക്കാർ’ സിനിമ ഒ.ടി.ടി റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദുല്‍ഖറിന്‍റെ പ്രതികരണം ഇങ്ങനെ:
“വലിയ സിനിമകള്‍ ഒ.ടി.ടിയില്‍ കൊടുക്കണമെന്ന് ആര്‍ക്കും ആഗ്രഹം കാണില്ല. പക്ഷേ രണ്ട് കൊല്ലത്തോളം ഹോള്‍ഡ് ചെയ്യുമ്പോള്‍, റിട്ടേണുകള്‍ ഒന്നും ഇല്ലാതെ വരുമ്പോള്‍ എല്ലാ വഴികളും അന്വേഷിച്ചേ പറ്റൂ. പക്ഷേ വലിയ സിനിമകള്‍ ചെറിയ സ്ക്രീനില്‍ ആസ്വദിക്കാന്‍ പറ്റുന്നവയല്ല”

ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമാണം. ജിതിൻ കെ ജോസ് രചിച്ച കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ് അരവിന്ദും ചേർന്നാണ്.

Back to top button
error: